You are Here : Home / USA News

നവ്യാനുഭവം ഒരുക്കാന്‍ എഫ്.സി.സി ചിത്രകലാ ക്യാമ്പ് വ്യാഴാഴ്ച മുതല്‍

Text Size  

Story Dated: Thursday, January 30, 2014 06:25 hrs UTC

ദോഹ: ചിത്രകലാരംഗത്ത് വേറിട്ട അനുഭവം ഒരുക്കാന്‍ ഖത്തറില്‍ വസിക്കുന്ന ഇന്ത്യയിലെ പ്രമുഖരായ ആധുനിക കലാകാരന്മാരെ ഉള്‍പ്പെടുത്തി എഫ്.സി.സി. ഒരുക്കുന്ന ചിത്രകലാ ക്യാമ്പ് വ്യാഴാഴ്ച ആരംഭിക്കുന്നു. ജനവരി 30, 31, ഫിബ്രവരി 1 എന്നീ ദിനങ്ങളിലായാണ് എഫ്.സി.സി മൂന്നുദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ആധുനിക ചിത്രകലയെ പരിപോഷിപ്പിക്കുകയും അടുത്തറിയുകയും ചെയ്യുന്നതിനുവേണ്ടിയാണ് പത്തോളം ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് എഫ്.സി.സി ആസ്ഥാനത്ത് ക്യാമ്പ് നടത്തുന്നത്.

ഛായാചിത്രങ്ങള്‍, പ്രകൃതി ചിത്രീകരണം എന്നിവയിലൂടെ കേവല മാധ്യമശ്രദ്ധ നേടുകയും വികലമായ ദുര്‍ഗ്രഹത സൃഷ്ടിച്ച് ആസ്വാദകരില്‍ നിന്നും അകലുകയും ചെയ്യുന്നതിനുപകരം കലയെ ഗൗരവത്തില്‍ സമീപിക്കുന്ന ഒട്ടനവധി കലാകാരന്മാര്‍ ഖത്തറിലുണ്ട്. ദൃശ്യഭാഷാ സംസ്‌കാരത്തിനു നവീനമായ സംഭാവന നല്‍കുവാനും അതിനു സുസംഘടിതമായദിശാബോധം നല്‍കാനും കഴിവുള്ള ഇവരെ തിരിച്ചറിയേണ്ടത് സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ കര്‍ത്തവ്യമാണെന്ന് മനസ്സിലാക്കിയാണ് എഫ്.സി.സി. ഇത്തരമൊരു ക്യാമ്പനുഭവം ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കേവലമായ കൂട്ടായ്മ എന്നതിലുപരി ആധുനിക ചിത്രകലയെ അടുത്തറിയാനും അതിന്റെ സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കാനും നവീനദൃശ്യഭാഷാ സംസ്‌കാരം വളര്‍ത്തിയെടുക്കുവാനും ചിത്രകലാക്യാമ്പ് വഴി എഫ്.സി.സി. ലക്ഷ്യമിടുന്നു. ചിത്രകലയിലെ സാങ്കേതികതയേയും പുതിയ ദര്‍ശനങ്ങളേയും സമഗ്രമായി അടുത്തറിയാനുള്ള അവസരം കൂടിയായിരിക്കും ക്യാമ്പ്. ചിത്രകലാരംഗത്ത് കഴിവ് തെളിയിച്ച പ്രമുഖരായ പ്രതിഭകളെ ഒന്നിച്ചണിനിരത്തിയാണ് ക്യാമ്പിന്റെ സംഘാടനം. ചിത്രകലയെ സ്‌നേഹിക്കുന്നവര്‍ക്ക് കലാകാരന്മാരുമായി സജീവമായി ഇടപഴകാനും വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളില്‍ ഭാഗഭാക്കാകാനും ക്യാമ്പില്‍ അവസരമുണ്ടാകും.

കലാകാരന്മാര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും അതോടൊപ്പം അവരുടെ പൂര്‍വ്വകാല ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തുകയും ചെയ്യും. ജനുവരി 30 നു വൈകീട്ട് എഫ്.സി.സി ഹാളില്‍ ക്യാമ്പിന്റെ ഉദ്ഘാടനം നടക്കും. ജനുവരി 31, ഫെബ്രുവരി 1 എന്നീ ദിനങ്ങളില്‍ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ വരക്കും. ചിത്രകലയുടെ സംവേദനം, വീക്ഷണം, നൂതനഭാവങ്ങള്‍ എന്നിവയെ സംബന്ധിച്ച പ്രഭാഷണങ്ങള്‍ എല്ലാ ദിവസവും വൈകുന്നേരം ഉണ്ടാകും. ജനുവരി 31 വൈകീട്ട് 6 മണിക്ക് 'ആധുനിക ചിത്രകലയും കാലവും' എന്ന വിഷയത്തെക്കുറിച്ച് ചിത്രകാരനും സ്‌കോളേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപകനുമായ ഷാജി ചേലാട് പ്രഭാഷണം നടത്തും. ഫെബ്രുവരി 1 നു വൈകീട്ട് 'നാടകവും കലയും ജീവിതവും' എന്ന വിഷയം കുട്ടികളുടെ നാടകവേദിയുടെ പ്രചാരകനും അധ്യാപകനുമായ വി.എസ്. ശ്രീകുമാര്‍ അവതരിപ്പിക്കും.

ചിത്രകലയെ അടുത്തറിയാനും ചിത്രകാരന്മാരോട് സംവദിക്കാനും അവസരം ഒരുക്കുന്ന ക്യാമ്പ് കലാരംഗത്ത് വേറിട്ട അനുഭവമാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.