You are Here : Home / USA News

മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ തെരഞ്ഞെടുപ്പും അനുബന്ധ വിഷയങ്ങളും

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, January 23, 2014 03:38 hrs ESTമുകളില്‍ സൂചിപ്പിച്ച വിഷയത്തെപ്പറ്റി സത്യസന്ധവും നിഷ്‌പക്ഷവുമായ ഒരു വിഹഗ വീക്ഷണമാണ്‌ ഈ ലേഖനത്തില്‍ നടത്തുന്നത്‌. യാതൊരു മുന്‍വിധിയുമില്ലാതെ, ഒരു പക്ഷവും ചേരാതെ, ഒരു ചരടുവലിക്കും പാത്രമാകാതെ നിര്‍ഭയം എന്നാല്‍ ചുരുക്കമായി ചില വസ്‌തുതകള്‍ ബഹുജനസമക്ഷം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്‌. സംഘടനയില്‍ അംഗത്വമെടുത്ത ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ മലയാളികളുടേതാണ്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍. ജനാധിപത്യ പ്രക്രീയയില്‍ അധിഷ്‌ടിതവും നിയതമായ ഭരണഘടനക്കനുസൃതവുമാണ്‌ ഈ അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങളും ഇലക്ഷന്‍ പ്രോസസും നടത്തേണ്ടതെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലൊ. ഏതു വമ്പനായാലും നഗ്നമായ ഭരണഘടനാ ലംഘനങ്ങള്‍ തുടര്‍ച്ചയായി നടത്തുമ്പോള്‍ അതു ചൂണ്ടിക്കാണിക്കാന്‍, അതു തിരുത്തുവാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അതിലെ ഏത്‌ അംഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്‌ അവകാശമുണ്ട്‌. ഭരണഘടനയും, സാമാന്യ നീതിബോധവും അനുശാസിക്കുന്ന വിധത്തില്‍ ഭരണഘടനാ ലംഘനങ്ങള്‍ തിരുത്തുവാന്‍ തയ്യാറാകാത്ത ഏതാനും ഭരണകര്‍ത്താക്കളാണ്‌ മാഗിനെ - മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനെ നശിപ്പിക്കാനും തകര്‍ക്കാനും നോക്കുന്നത്‌.

 

 

അല്ലാതെ അത്‌ തിരുത്തിയെടുത്ത്‌ നേര്‍വഴിക്ക്‌ നയിക്കാനും ഭരണഘടന അനുസരിച്ച്‌ പ്രവര്‍ത്തിക്കാനും അനുശാസിക്കുന്ന ആരുടെയും തലയില്‍ അല്ല ആ ആരോപണം കെട്ടിവെക്കേണ്ടത്‌. ജനറല്‍ബോഡി യോഗമെന്ന ജനാധിപത്യ പ്രക്രിയയിലൂടെ ഭരണഘടനാ ലംഘനങ്ങളും തെറ്റുകളും മാറ്റി എടുക്കാന്‍കൂടെ സമ്മതിക്കാതെ, ദുര്‍വാശിയോടെ തെറ്റുകള്‍ക്കു മീതെ കൂടുതല്‍ തെറ്റുകള്‍ ആവര്‍ത്തിച്ച്‌ സംഘടനയെ ടോര്‍ഫിടൊ ചെയ്‌ത്‌ അറ്റ്‌ലാന്റിക്കിന്റെ അഗാധതയില്‍ കെട്ടിതാഴ്‌ത്താതിരിക്കാനാണ്‌ സംഘടനയുടെ ഭൂരിപക്ഷത്തിന്റെ പ്രതിനിധികളായ ഏതാനും പേര്‍ കോടതിയെ സമീപിച്ചത്‌.

 

 

ജനാധിപത്യ പ്രക്രിയയിലൂടെയുള്ള അവരുടെ ഭരണഘടനാനുസൃതമായ അപേക്ഷകളെ നിഷ്‌കരുണവും, യുക്തിരഹിതവും, അസത്യപരവും, അനീതിപരവുമായ മുടന്തന്‍ ന്യായങ്ങളാല്‍ തള്ളികളഞ്ഞപ്പോള്‍ അസ്സോസിയേഷനെ രക്ഷിക്കാന്‍, തെറ്റായ ഇലക്ഷന്‍ പ്രോസസിനെ നിറുത്തിവെക്കാന്‍ കോടതിയെ സമീപിക്കുകയെ അവര്‍ക്ക്‌ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അവരവരുടെ തന്നെ പോക്കറ്റിലെ പണമെടുത്താണ്‌ കോടതിയില്‍ പോയി അസ്സോസിയേഷനെ രക്ഷിക്കാന്‍ അവര്‍ ആവശ്യപ്പെട്ടത്‌. അസ്സോസിയേഷന്‌ എതിരായിട്ടല്ല അവര്‍ കോടതിയില്‍ പോയത്‌. അസ്സോസിയേഷനെ ഇപ്പോഴത്തെ ഏതാനും ഭരണകര്‍ത്താക്കളുടെ ജനാധപത്യഹത്യാ, ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ്‌ അവര്‍ കോടതിയുടെ കാരുണ്യം തേടിയത്‌. ആത്മാര്‍ത്ഥമായ, നീതിനിഷ്‌ഠയില്‍ അടിയുറച്ച അവരുടെ കോടതി പ്രക്രിയയെ നേരിടാനും നിയമലംഘകരായ ചില ഔദ്യോഗികപക്ഷം പ്രതിനിധികള്‍ നിയമയുദ്ധത്തിനായി ചിലവിട്ടതുപോലും മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ, അതായത്‌ പൊതുജനങ്ങളുടെ ഫണ്ടാണെന്നതും ദുഃഖകരമാണ്‌.

അസ്സോസിയേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്ന, നിലവിലുള്ള ഭരണഘടനയും, കാലഹരണപ്പെട്ട പഴയ ഭരണഘടനയും, ജനറല്‍ബോഡി യോഗങ്ങളുടെ പ്രക്രിയകളും, നാള്‍വഴികളും സൂക്ഷ്‌മമായി പരിശോധിച്ചാല്‍ ഏതു കൊച്ചുകുട്ടിക്കും ഇപ്പോഴത്തെ ചില മാഗിന്റെ ഭരണാധികാരികളുടെ, അവര്‍ ഏകപക്ഷീയവും ഏകാധിപത്യപരവുമായി നിയമിച്ച ഇലക്ഷന്‍ കമ്മീഷനേയും അതിന്റെ നീതി രഹിതവും, പക്ഷപാതപരവുമായ പ്രവര്‍ത്തനങ്ങളെ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. ജനാധിപത്യ വിരുദ്ധവും ഏകാധിപതികളുമായ ഈ ഭരണാധികാരികള്‍ മാറ്റിയും മാറിയും യുക്തം പോലെ പറയുന്നു പ്രവര്‍ത്തിക്കുന്നു. 2013ലെ ഭരണഘനടനാനുസൃതമാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ അതു തരംപോലെ മാറ്റിപ്പറയുന്നു 1993ലെ ഭരണഘടനയാണ്‌ തങ്ങളുടെ മാഗ്നാകാര്‍ട്ടയെന്ന്‌ തങ്ങളുടെ മര്‍ക്കടമുഷ്‌ടിയെ നീതീകരിക്കാനായി 1993ലെ ഭരണഘടനാ വളയത്തിലും, പിന്നീട്‌ ചില അവസരത്തില്‍ 2012 ഭരണഘടനാ വളയത്തിലും, ചില അവസരത്തില്‍ ഒരു വളയവും നീതിയും നിഷ്‌ടയുമില്ലാതെ ചുമ്മാ തലങ്ങനേയും വിലങ്ങനേയും ചാടുന്നു, കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നു. അതുവഴി കോടതിയിലും വിജയം നേടുന്നു. കാരണം അധികാരം കയ്യിലുണ്ടല്ലോ. ഏതായാലും കോടതിവിധിയെ എല്ലാവരും മാനിക്കുന്നു.

 

 

ഈ വിധിയ്‌ക്കെതിരെ അപ്പീല്‍ കൊടുത്ത്‌ പണം മുടക്കാന്‍ സമയം ചെലവഴിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പ്രാഥമികമായി ഭരണഘടനയേയും മാഗിനേയും രക്ഷിക്കാന്‍ കോടതിയില്‍ പോലും പോയ പ്രവര്‍ത്തകരെ ഹ്യൂസ്റ്റനിലെ ബഹുഭൂരിപക്ഷം മലയാളികള്‍ ഇന്ന്‌ അഭിനന്ദിക്കുകയാണ്‌. പൊതുജനങ്ങളുടെ അംഗീകാരവും അവനവന്റെ മനഃസാക്ഷിയുമാണ്‌ ഏറ്റവും വലിയ കോടതി.

 


ഡിസമ്പര്‍ 7-ാംതീയതിയിലെ ജനറല്‍ ബോഡിയില്‍ സംബന്ധിച്ചവര്‍ക്കറിയാം അവിടെ നടന്ന നാടകീയ സംഭവങ്ങള്‍. ഭരണഘടനയെ ലംഘിച്ച്‌ ഏകപക്ഷീയമായി ഇലക്ഷന്‍ കമ്മീഷനെ നിയമിച്ചതിന്‌ പ്രസിഡന്റ്‌ ജനറല്‍ബോഡിയോട്‌ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ആ തെറ്റിനെ, ആ ഇലക്ഷന്‍ കമ്മീഷനെ വീണ്ടും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ജനറല്‍ബോഡിയില്‍ ഒരു രഹസ്യബാലറ്റ്‌ നടത്താതെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കാതെ വെറും ഏറാന്‍മൂളികളായ നാലഞ്ചുപേരുടെ മാത്രം കയ്യടികളോടെ ആ തെറ്റായി നിയമിച്ച ഇലക്ഷന്‍ കമ്മീഷനെ സാധൂകരിച്ചതായി അറിയിച്ചുകൊണ്ട്‌ യോഗം പിരിച്ചുവിടുന്നു. അംഗീകാരമില്ലാതെ ഏകപക്ഷീയമായി മിനിറ്റിലും അതെഴുതി ചേര്‍ക്കുന്നു. ആ മിനിറ്റും ജനറല്‍ബോഡിയില്‍ വെക്കാതെ, വായിക്കാതെ
അംഗീകാരം കിട്ടാതെയാണ്‌ യോഗം പിരിച്ചുവിട്ടതെന്നോര്‍ക്കണം. പിന്നീട്‌ എല്ലാ വേദികളിലും ഉത്തരം മുട്ടിയ ഇവര്‍ കൊഞ്ഞനം കാട്ടലും ഉരുണ്ടുകളിയുമാണ്‌ നടത്തികൊണ്ടു വന്നത്‌. എന്താ സത്യമല്ലെ?

 ഈ ലേഖകന്‌ മാഗിന്റെ പ്രസിഡന്റ്‌ അടക്കം എല്ലാവരും അന്നും ഇന്നും സുഹൃത്തുക്കള്‍ തന്നെയാണ്‌. അവരുടെയൊക്കെ നല്ല പ്രവര്‍ത്തനങ്ങളെ എപ്പോഴും വളരെ നന്നായി തന്നെ പ്രകീര്‍ത്തിച്ച്‌ സംസാരിക്കുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്‌. അസ്സോസിയേഷന്‍ സംഘടിപ്പിച്ച കാര്‍ണിവല്‍, ഓണം തുടങ്ങിയ ആഘോഷങ്ങളെ പ്രോല്‍സാഹനാര്‍ത്ഥം വളരെ പ്രകീര്‍ത്തിച്ചാണ്‌ ഈ ലേഖകന്‍ വിവിധ മാധ്യമങ്ങളില്‍ എഴുതിയത്‌. എന്നു കരുതി തെറ്റായ പ്രവര്‍ത്തനങ്ങളെയോ ഏകാധിപത്യ പ്രവണതകളെയോ, ഭരണഘടനാ ലംഘനങ്ങളെയോ പ്രകീര്‍ത്തിക്കാെനാ അതിനു കൂട്ടുനില്‍ക്കാനോ ഈ ലേഖകന്‍ തയ്യാറല്ല. തെറ്റിനെ തെറ്റെന്നു തന്നെ ചിത്രീകരിക്കും. അതുവഴി ഈ ലേഖകന്‌ ഹ്യൂസ്റ്റനിലുള്ള മതിപ്പു കുറയുന്നതിലൊ, തോല്‍ക്കുന്നതിനൊ യാതൊരു മടിയുമില്ല. വളരെ സുദീര്‍ഘമായി വിവിധ സംഘടനകളില്‍ വിവിധ മാധ്യമങ്ങളില്‍ വിവിധ നിലകളില്‍പ്രവര്‍ത്തിച്ച ഈ എളിയ ലേഖകന്‌ സത്യത്തിന്റേയും നീതിയുടേയും ജനാധിപത്യത്തിന്റേയും പക്ഷം മാത്രം നില്‍ക്കാനാണ്‌ എന്നും താല്‍പ്പര്യം.

 

 

ഇവിടെ തോല്‍വിയും ജയവും ഒരു പ്രശ്‌നമല്ല.
ഇവിടെ കോടതിയും കേസും എല്ലാം വന്നത്‌ ഇലക്ഷന്‍ കമ്മീഷന്റെ തെറ്റായ ഏകാധിപത്യപരമായ തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള ദുര്‍നയങ്ങളും മൂലം മാത്രമായിരുന്നു. ജനറല്‍ബോഡിയില്‍ നിന്ന്‌ കമ്മീഷനെ തെരഞ്ഞെടുത്തിരുന്നില്ല. കൂടാതെ കമ്മീഷനെ ഏകാധിപത്യപരമായി തെരഞ്ഞെടുക്കാനായി പ്രസിഡണ്ടുള്‍പ്പടെ ആരെയും അവകാശപ്പെടുന്നപോലെ ചുമതലപ്പെടുത്തിയുമിരുന്നില്ല. ഇപ്രകാരമുള്ള കമ്മീഷന്‍ മുമ്പാകെ എന്തുകൊണ്ട്‌ നോമിനേഷന്‍ കൊടുത്തു എന്നുള്ള ചോദ്യം വെറും ബാലിശങ്ങളാണ്‌. പ്രസിഡന്റ്‌ ഏതോ ഒരു ലേഖനത്തില്‍ പറഞ്ഞതുപോലെ അസ്സോസിയേഷന്‍ മെമ്പേര്‍സിന്റെ പൂര്‍ണ്ണലിസ്റ്റ്‌ ഒപ്പിട്ട്‌ ഇലക്ഷന്‍ കമ്മീഷണറുടെ പക്കല്‍ നിന്ന്‌ ഈ ലേഖകന്‍ കൈപ്പറ്റി എന്നതും സത്യമല്ല. ഒപ്പിട്ട്‌ വാങ്ങിയ ആ ഒപ്പോ അക്ക്‌നോളജ്‌മെന്റോ ഒന്നു കാണിച്ച്‌ തെളിയിക്കാന്‍ പറ്റുമോ? ഇമെയില്‍ അഡ്രസ്സ്‌ ഒന്നുമില്ലാത്ത ഭാഗികമായ ഒരു ചെറിയ ലിസ്റ്റ്‌ ശ്രീ. അനില്‍കുമാര്‍ ഈ ലേഖകനായി ഒരു കടയില്‍ വെച്ചതാണ്‌ കൈപ്പറ്റിയത്‌. അതുകൊണ്ടെന്തു പ്രയോജനം. അതിനുശേഷമാണല്ലൊ ജനറല്‍ബോഡിയില്‍ മുന്‍പറഞ്ഞ നാടകീയത അരങ്ങേറിയത്‌.

 

 


മൂന്നു പാനലുകളാണല്ലോ ഇലക്ഷനില്‍ മല്‍സരിക്കാന്‍ രംഗത്തുണ്ടായിരുന്നത്‌. ഏതു മാര്‍ഗ്ഗത്തിലൂടെയും തങ്ങളെ നിയമിച്ച ഔദ്യോഗിക വക്താക്കള്‍ മല്‍സരിക്കുന്ന പാനലിനെ വിജയിപ്പിക്കാന്‍ മാത്രം കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്റെ ഇരട്ടതാപ്പിനെ പറ്റി, മറ്റ്‌ ഇരു പാനലുകാരും പൊതുജനവും മനസ്സിലാക്കി കഴിഞ്ഞു. ഇലക്ഷന്‍ കമ്മീഷന്റെ നിഷ്‌പക്ഷതയിലും, നിഷ്‌ഠയിലും വിശ്വാസ്യത നഷ്‌ടപ്പെട്ടതിനാലാകാം ഒരു പാനല്‍ ഇലക്ഷനില്‍ നിന്ന്‌ തന്നെ പൂര്‍ണ്ണമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നറിയുന്നു. അസ്സോസിയേഷന്‍ തങ്ങളുടെ മാത്രം സ്വകാര്യസ്വത്തും പ്രസ്ഥാനവുമാണെന്ന രീതിയില്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തുന്ന ഭരണഘടനാ ലംഘനം നടത്തുന്ന ഔദ്യോഗിക പക്ഷം ഇലക്ഷന്‍ കമ്മീഷന്റെ പ്രോല്‍സാഹനത്തോടെ നിയമവിരുദ്ധ വിജയം നേടിയാല്‍ അത്‌ മലയാളി അസ്സോസിയേഷന്‍ ഓഫ്‌ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ തന്നെ പരാജയവും ദുര്യോഗവുമായിരിക്കും. ജനാധിപത്യത്തേയും ഭരണഘടനയേയും മാനിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ജനസേവകരെ മുഖം നോക്കാതെ വിജയിപ്പിക്കുകയാണ്‌ വേണ്ടത്‌.

 

 


വളരെ അധികം തുക മുടക്കി കൊട്ടിഘോഷിച്ച്‌ ഔദ്യോഗികപക്ഷം നടത്തിയ ക്രിസ്‌തുമസ്‌-പുതുവല്‍സര ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ വെറും 50ല്‍ താഴെ മാത്രം പേരാണെന്നാണ്‌ നിരീക്ഷകര്‍ പറഞ്ഞത്‌. ജനകീയ അടിത്തറ നഷ്‌ടപ്പെട്ട ഔദ്യോഗികപക്ഷത്തിന്റെ ഇത്തരം പ്രകടനങ്ങളും, കോടതിയിലേക്ക്‌ മറ്റ്‌ ഭൂരിപക്ഷ ഇരുപാനലുകളെയും വലിച്ചിഴക്കാന്‍ സാഹചര്യമൊരുക്കിയ ഔദ്യോഗിക പക്ഷത്തെ തെരഞ്ഞെടുപ്പില്‍ തറപറ്റിക്കേണ്ടത്‌ ഹ്യൂസ്റ്റന്‍ മലയാളികളുടേയും അംഗങ്ങളുടേയും ധാര്‍മ്മികമായ ചുമതലയാണെന്നാണ്‌ ജനസംസാരം. ഉരുണ്ടുകളികളും തന്നിഷ്‌ടം മാതിരി ഓരോ കാലത്തെ ഭരണഘടനാ വ്യാഖ്യാനങ്ങളും പൂഴ്‌ത്തിവെപ്പും ഭരണഘടനാ ലംഘനങ്ങളും ഭരണഘടനാ വളയമില്ലാ ചാട്ടവും ഉരുണ്ടുകളിയും ഒളിച്ചുകളിയും ഭരണപക്ഷത്തും പ്രവര്‍ത്തന സമിതിയിലും പാടില്ല. തങ്ങളാണ്‌ അസ്സോസിയേഷന്‍ തങ്ങളില്ലെങ്കില്‍ പ്രളയം എന്ന ചിന്താഗതിയും തെറ്റാണ്‌. സംഘടനയില്‍ സുതാര്യത, സത്യസന്ധത, ജനാധിപത്യം, പുന:സ്ഥാപിക്കാന്‍ കോടതിയില്‍ പോലും അഭയം തേടിയ സ്ഥാനാര്‍ത്തികളെയാണുവിജയിപ്പിക്കേണ്‍ടത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More