You are Here : Home / USA News

ദുബായ് ട്രാംസുരക്ഷ: ബോധവത്കരണവുമായി ആര്‍.ടി.എ. ജനങ്ങളിലേക്ക്

Text Size  

Story Dated: Sunday, January 19, 2014 04:33 hrs UTC

 

ദുബായ്: ജനവരി 26-ന് ദുബായ് ട്രാം പരീക്ഷണ ഓട്ടം തുടങ്ങാനിരിക്കെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) സുരക്ഷാ ബോധവത്കരണ കാമ്പയിന് തുടക്കമിട്ടു. നഗരത്തില്‍ ആദ്യമായെത്തുന്ന ട്രാമിനെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനും തറനിരപ്പില്‍ ഓടുന്ന വാഹനമെന്ന നിലയില്‍ ഇതര യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് കാമ്പയിന്‍ പ്രാമുഖ്യം നല്‍കുന്നത്. ട്രാമുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെ ക്കുറിച്ചും വിശദമാക്കും.

മൂന്ന് വിഭാഗങ്ങളിലായി നടത്തുന്ന കാമ്പയിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ തുടങ്ങിയതെന്ന് സി.ഇ.ഒ. യൂസുഫ് ആല്‍ റിദ വ്യക്തമാക്കി. ട്രാമിന്റെ സമയക്രമം സംബന്ധിച്ചും പാലിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ചും ഇതര വാഹനങ്ങളെയും യാത്രക്കാരെയും ബോധവത്കരിക്കുന്നതിനാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. കാല്‍നടയാത്രക്കാര്‍, വാഹനങ്ങള്‍, ഇരുചക്രമോടിക്കുന്നവര്‍ തുടങ്ങിയവര്‍ക്കുള്ള സുരക്ഷാനിര്‍ദേശങ്ങള്‍ കാമ്പയിനിലൂടെ പൊതുജനങ്ങളിലെത്തിക്കും.

ട്രാമിന്റെ പരീക്ഷണ ഓട്ടത്തെക്കുറിച്ച് വിശദീകരിക്കുന്നതാണ് രണ്ടാംഘട്ടം. പരീക്ഷണം ഓട്ടം നടക്കുന്ന പാത, സമയക്രമം തുടങ്ങിയവയെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതിന് ഇത് സഹായകമാകും. മാത്രമല്ല, പുതിയൊരു പൊതുഗതാഗത മാര്‍ഗമെന്ന നിലയില്‍ ട്രാമിന്റെ സവിശേഷതകള്‍ വ്യക്തമാക്കുന്ന പരിപാടികളും 2014 ആദ്യപാദത്തില്‍ തുടങ്ങുന്ന രണ്ടാം ഘട്ടത്തിന്റെ ഭാഗമായിരിക്കും.

ട്രാമിന്റെ പ്രവര്‍ത്തനരീതി, പാതകള്‍ സംബന്ധിച്ച വിവരം, മെട്രോ, ബസ് സര്‍വീസുകളുമായി ബന്ധപ്പെടുത്തല്‍ തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ വിഷയമാകുന്നത്. മൂന്ന് ഗതാഗത മാര്‍ഗങ്ങളെയും എത് രീതിയില്‍ ഏകോപിപ്പിച്ചുവെന്ന് പൊതുജനങ്ങള്‍ക്ക് ഇതുവഴി മനസ്സിലാക്കാനാകും.

തറനിരപ്പില്‍ ഓടുന്നതായതുകൊണ്ടാണ് ശക്തമായ ബോധവത്കരണ, സുരക്ഷാപ്രചാരണം സംഘടിപ്പിക്കുന്നത്. ട്രാം ഡ്രൈവറുടെ ശ്രദ്ധ തിരിക്കും വിധമുള്ള പ്രവര്‍ത്തനങ്ങള്‍, വാഹനങ്ങള്‍ കോച്ചിന്റെ വാതിലുകളില്‍ ചെന്നിടിക്കല്‍ തുടങ്ങിയവ ഒഴിവാക്കാന്‍ പ്രത്യേകം കരുതലെടുക്കേണ്ടതുണ്ട്.

ട്രാക്കില്‍ വാഹനം പ്രവേശിക്കുന്നത് ഒഴിവാക്കുക, റൗണ്ടെബൗട്ടുകളില്‍ വഴിമാറിക്കൊടുക്കുക, സ്റ്റോപ്പുകളില്‍ ട്രാമിന് പിറകില്‍ മാത്രം വാഹനങ്ങള്‍ നിര്‍ത്തുകയും വാതിലുകള്‍ അടയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുക, നിരത്തില്‍ ട്രാമിന് മുന്‍ഗണന നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് യൂസുഫ് ആല്‍ റിദ ചൂണ്ടിക്കാട്ടി.

കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും പാലിക്കേണ്ട നിബന്ധനകളും പ്രചരിപ്പിക്കും. നിശ്ചിത ഭാഗങ്ങളില്‍ മാത്രം പാത മുറിച്ചുകടക്കുക, പ്രവേശനം നിരോധിച്ച ഭാഗങ്ങളില്‍ കടക്കാതിരിക്കുക, ട്രാം ഓടുന്നത് സംബന്ധിച്ചുള്ള സൂചനകള്‍ പാലിക്കുക തുടങ്ങിയവയാണിത്. ട്രാം ഗതാഗതവുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങളും യൂസുഫ് ആല്‍ റിദ വിശദീകരിച്ചു. ട്രാം ഗതാഗതം തടസ്സപ്പെടുത്തുക, നിരത്തില്‍ ട്രാമിന് മുന്‍ഗണന നല്‍കാതിരിക്കല്‍, പ്രവേശനം നിരോധിക്കപ്പെട്ട ഇടങ്ങളില്‍ കടന്നുകയറല്‍ തുടങ്ങിയവയാണ് മുഖ്യ നിയമലംഘനങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ട്രാമുമായി ബന്ധപ്പെട്ട അപകടങ്ങള്‍ അറിയിക്കുന്നതിനുള്ള ടോള്‍ ഫ്രീ നമ്പര്‍ വൈകാതെ നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.