You are Here : Home / USA News

ജൂലിയാന്‍ ചെറുകര കലാതിലകപ്പട്ടം നേടി

Text Size  

Story Dated: Monday, November 25, 2013 11:25 hrs UTC

സജി പുല്ലാട്‌

 

ഹൂസ്റ്റണ്‍: കലയുടെ ശ്രീകോവിലില്‍ നൂപുര ധ്വനികള്‍ക്ക്‌ പുതുതാളമേകിക്കൊണ്ട്‌ ജൂലിയാന്‍ സ്റ്റീഫന്‍ ചെറുകര കലാതിലക പട്ടം കരസ്ഥമാക്കി. ഫോമാ സൗത്ത്‌ വെസ്റ്റ്‌ റീജിയന്‍ യൂത്ത്‌ ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ നടത്തിയ കലാമത്സരത്തില്‍ വിവിധ ഇനങ്ങളിലായി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയാണ്‌ ഈ എട്ടാം തരക്കാരി കലാതിലകമായത്‌. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ജൂലിയാന്‍ രണ്ടാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ സിനിമാറ്റിക്‌ ഡാന്‍സില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ്‌ മത്സരവേദികളിലേക്ക്‌ ചുവടുവെച്ചത്‌. തുടര്‍ന്ന്‌ പരാജയങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത ചെറുകരയ്‌ക്ക്‌ സമ്മാനങ്ങളുടെ പ്രവാഹമായിരുന്നു. സിനിമാറ്റിക്‌, ക്ലാസിക്കല്‍, ഫോക്ക്‌ എന്നീ ഡാന്‍സ്‌ ഇനങ്ങളിലും, സംഗീതം, സ്‌പെല്ലിംഗ്‌ ബീ എന്നീ ജനങ്ങളിലും ജൂലിയാന്‍ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

 

പൊതു വേദികളില്‍ മാത്രമല്ല പള്ളികളിലെ വേദപാഠ മത്സരപരിപാടികളിലും പങ്കെടുത്ത്‌ ജൂലിയാന്‍ സമ്മാനാര്‍ഹയായിട്ടുണ്ട്‌. ഷുഗര്‍ലാന്റ്‌, ഡാളസ്‌ മിഡില്‍ സ്‌കൂളില്‍ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഗിഫ്‌റ്റഡ്‌ ആന്‍ഡ്‌ ടാലന്റഡ്‌ ക്ലാസിലാണ്‌ കുട്ടിയുടെ പഠനം. ഉഴവൂര്‍ സ്വദേശികളായ സ്റ്റീഫന്‍-ജോമ ദമ്പതികളുടെ പുത്രിയായ ജൂലിയാന്‍ പഠനത്തോടൊപ്പം കലയും സമന്വയിപ്പിച്ചുകൊണ്ടുപോകുന്നതില്‍ മാതാപിതാക്കളോടൊപ്പം അധ്യാപകരും സന്തുഷ്‌ടി പ്രകടിപ്പിച്ചു. സ്റ്റാഫോര്‍ഡില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ ജൂലിയാന്‍ നൃത്തപരിശീലനം നടത്തിവരുന്നു. കലാവിരുതുള്ള സഹോദരങ്ങളായ ഷെറിയും, സ്റ്റെഫനിയും ചേച്ചിക്ക്‌ പ്രോത്സാഹനവുമായി തൊട്ടുപിന്നാലെയുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.