You are Here : Home / USA News

ആന്റോ ആന്റണി എം.പിക്ക്‌ ഷിക്കാഗോ പൗരാവലിയുടെ ഉജ്വല സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 15, 2013 11:38 hrs UTC

ഷിക്കാഗോ: ഐക്യരാഷ്‌ട്രസഭ ജനറല്‍ അസംബ്ലി 68-മത്‌ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയ ആന്റോ ആന്റണിക്ക്‌ ഷിക്കാഗോയിലെ പ്രമുഖ സംഘടനകളുടേയും പൗരാവലിയുടേയും നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വത പരിഹാരം തേടി ഇന്ത്യന്‍ പാര്‍ലമെന്റില്‍ സന്ധിയില്ലാ സമരം ചെയ്‌ത്‌ അനേകം നേട്ടങ്ങളുടെ പൊന്‍തൂവല്‍ കരസ്ഥമാക്കിയ ആന്റോ ആന്റണിയുടെ പ്രവര്‍ത്തനങ്ങളെ യോഗം മുക്തകണ്‌ഠം പ്രശംസിച്ചു. ഭാരതത്തിന്റെ മുക്കിലും മൂലയിലും പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള അനേകായിരം ആതുരാലയങ്ങളില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന നേഴ്‌സുമാരെ ബോണ്ടിന്റെ പേരില്‍ ന്യായമായ വേതനം നല്‍കാതെയും, അമിത ജോലിഭാരമേല്‍പിച്ചും അടിമപ്പണി ചെയ്യിപ്പിച്ച്‌ പഠിപ്പിച്ചിരുന്ന കോര്‍പറേറ്റ്‌ മാനേജ്‌മെന്റുകളെ മുട്ടുകുത്തിച്ചുകൊണ്ട്‌ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശക്തമായ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്‌ ആന്റോ ആന്റണിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മകുടോദാഹരണമാണ്‌.

വെറും രണ്ടക്ക ശമ്പളം മാത്രം വാങ്ങി വിദ്യാഭ്യാസ വായ്‌പ പോലും തിരിച്ചടയ്‌ക്കാനാവാതെ കഷ്‌ടപ്പെട്ടിരുന്നവര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പുതിയ നിയമപ്രകാരം 15,000 രൂപ മുതല്‍ 55,000 രൂപവരെ ശമ്പളത്തില്‍ ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നു. ബോണ്ടിന്റെ പിടിവിടുവിച്ച്‌, നിയമം മൂലം ഇന്ത്യയിലെ എല്ലാ നേഴ്‌സുമാര്‍ക്കും സ്വാതന്ത്ര്യം നേടിക്കൊടുത്ത ധീര പോരാളി ഇന്ത്യയുടെ ചരിത്രത്തില്‍ ഇടംനേടിയിരിക്കുകാണ്‌. യു.എന്നിന്റെ പഠന റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ പാന്‍മസാല ഉപയോഗിക്കുന്നവരില്‍ 86 ശതമാനത്തിനും കാന്‍സര്‍ രോഗം ബാധിക്കുന്നത്‌ മനസിലാക്കി അതിന്റെ വില്‍പ്പന തടയുവാനായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബില്ല്‌ പാസാക്കി ചരിത്രനേട്ടം തിരുത്തിക്കുറിച്ചത്‌ ക്ഷിപ്രസാധ്യമായിരുന്നില്ല. വിദ്യാഭ്യാസ ലോണിന്റെ പലിശയിളവ്‌, ആറന്മുള അന്താരാഷ്‌ട്ര വിമാനത്താവളം തുടങ്ങി ആന്റോ ആന്റണിയുടെ വ്യക്തിപരമായ നേട്ടങ്ങളുടെ പട്ടിക അക്കമിട്ട്‌ യോഗത്തില്‍ വിലയിരുത്തി പ്രശംസിച്ചു.

 

യു.എന്നില്‍ ചടങ്ങള്‍ക്കിടയിലൂടെ കിട്ടിയ അവസരങ്ങള്‍ മുതലാക്കി ഭാരതത്തിനു മാത്രമായി ഉണ്ടാക്കാന്‍ കഴിഞ്ഞ, ലോകത്തില്‍ ഒരു രാജ്യത്തിനും ഉണ്ടാക്കാന്‍ കഴിയാത്ത നേട്ടങ്ങളായ ഭാരത മണ്ണില്‍ ജനിച്ചുവീണ 125 കോടി ജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ ബില്ലിന്റെ സംരക്ഷണം, സൗജന്യ വൈദ്യസഹായം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ ഓരോ ഭാരതീയന്റേയും മൗലികാവകാശമായി മാറിയ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കിയ നിയമങ്ങള്‍ വിശദീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നത്‌ സ്‌തുത്യര്‍ഹമായ നേട്ടം തന്നെ. ലോക ശക്തികളില്‍ ഉന്നത സ്ഥാനത്തേക്ക്‌ ഭാരതത്തെ നയിക്കാന്‍ കഴിഞ്ഞ യു.പി.എ ഗവണ്‍മെന്റിന്റെ അനവധിയായ നേട്ടങ്ങളിലേക്ക്‌ ആന്റോ ആന്റണി വിരല്‍ചൂണ്ടിയപ്പോള്‍, കഥകളൊന്നും അറിയാത്ത പ്രവാസികളുടെ പോലും പ്രശ്‌നങ്ങളില്‍ പ്രവാസികളുടെ കാവല്‍ക്കാരനായി എത്രമാത്രം ആത്മാര്‍ത്ഥതയോടെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു എന്നത്‌ യോഗം വിലയിരുത്തി. മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ നടന്ന യോഗത്തില്‍ ഐ.എന്‍.ഒ.സി റീജിയണല്‍ (മിഡ്‌വെസ്റ്റ്‌) പ്രസിഡന്റ്‌ തോമസ്‌ മാത്യു പടന്നമാക്കല്‍ അധ്യക്ഷതവഹിച്ചു. ഐ.എന്‍.ഒ.സി എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റും ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായ അഗസ്റ്റിന്‍ കരിംകുറ്റിയില്‍ എം.സിയായിരുന്നു. ഫൊക്കാനാ നാഷണല്‍ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ഫോമാ നാഷണല്‍ കമ്മിറ്റി അംഗവും ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ഇല്ലിനോയിയുടെ പ്രസിഡന്റുമായ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ പ്രസിഡന്റും ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ ജെയ്‌ബു കുളങ്ങര, മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഹെരാള്‍ഡ്‌ ഫിഗുരേദോ, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം. ഡോ. റോയി തോമസ്‌, ഫൊക്കാനാ റീജിയണല്‍ പ്രസിഡന്റ്‌ ലെജി പട്ടരുമഠത്തില്‍, ഐ.എന്‍.ഒ.സി മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, സതീശന്‍ നായര്‍, കേരളാ കോണ്‍ഗ്രസ്‌ ഷിക്കാഗോയുടെ പ്രതിനിധിയായി ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ ജനറല്‍ സെക്രട്ടറി സിനു പാലയ്‌ക്കത്തടം, ഫൊക്കാനാ മുന്‍ റീജിയണല്‍ പ്രസിഡന്റ്‌ ടോമി അംബേനാട്ട്‌, പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ജോയി ചെമ്മാച്ചേല്‍ തുടങ്ങിയവര്‍ ആന്റോ ആന്റണിക്ക്‌ ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു.

 

 

ബേസില്‍ പെരേര, ചന്ദ്രന്‍ പിള്ള, റിന്‍സി കുര്യന്‍, ബാബു മാത്യു, സജി തോമസ്‌, പ്രവീണ്‍ തോമസ്‌, സജി കുര്യന്‍, ജോസഫ്‌ നാഴിയംപാറ, സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍, ഇംപീരിയല്‍ ട്രാവല്‍സ്‌ ഷിബു, മാത്യൂസ്‌ ഏബ്രഹാം, ഷെവലിയാര്‍മാരായ ജെയ്‌മോന്‍ സ്‌കറിയ, ആന്‍ഡ്രൂസ്‌, വ്യവസായിയായ ബിജു കിഴക്കേക്കുറ്റ്‌, ആന്റോ കവലയ്‌ക്കല്‍, ഡോ. ഷാനി ഏബ്രഹാം തുടങ്ങി നിരവധി പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നുകൊണ്ട്‌ ഷിക്കാഗോ മലയാളികളുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട്‌ പല തട്ടുകളിലായി വിഘടിതരായി പ്രവര്‍ത്തിച്ചിരുന്ന ഒമ്പത്‌ സംഘടനകള്‍ തോളോടുതോളുരുമി യോഗവേദി പങ്കിട്ടത്‌ സ്‌തുത്യര്‍ഹമായ നേട്ടമായി. ഒമ്പത്‌ പ്രസിഡന്റുമാര്‍ ആന്റോ ആന്റണിക്കൊപ്പം വേദിയില്‍ ഉപവിഷ്‌ടരായപ്പോള്‍ ഹാളില്‍ തിങ്ങിക്കൂടിയ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഒരു പുത്തന്‍ മലയാളി കൂട്ടായ്‌മയ്‌ക്ക്‌ തുടക്കംകുറിക്കുകയായിരുന്നു. ഇതൊരു തുടക്കമാകട്ടെ എന്നും മലയാളി സംഘടനകളുടെ ഐക്യവേദികള്‍ക്ക്‌ ഇനിയും നിരവധിയായ അവസരങ്ങള്‍ ഉണ്ടാകട്ടെ എന്നും യോഗം ആശംസിച്ചു. യോഗത്തില്‍ വര്‍ഗീസ്‌ പാലമലയില്‍ സ്വാഗതവും, ജെസി റിന്‍സി കൃതജ്ഞതയും പറഞ്ഞു. തോമസ്‌ മാത്യു പടന്നമാക്കല്‍ (പ്രസിഡന്റ്‌ ഐ.എന്‍.ഒ.സി, മിഡ്‌വെസ്റ്റ്‌ റീജിയന്‍) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.