You are Here : Home / USA News

സംഗമിത്ര തീയറ്റേഴ്‌സ് മയാമിയുടെ "കുരുത്തി'

Text Size  

Story Dated: Friday, August 30, 2019 03:22 hrs UTC



ജോയിച്ചന്‍ പുതുക്കുളം

മയാമി: കലയേയും കലാരന്മാരേയും പ്രോത്സാഹിപ്പിക്കുന്നതിനും, പരിചയപ്പെടുത്തുന്നതിനും, അതിലധികം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നാടകകല ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ആസ്വദിക്കുന്നതിനും, അഭിനയിക്കുവാന്‍ ആഗ്രഹിക്കുന്നതിനുവേണ്ടി വേദിയൊരുക്കുന്നതിനുമായിട്ടാണ് സംഗമിത്ര തീയേറ്റേഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നതും അതിനാല്‍ വര്‍ഷംതോറും ഒരു നാടകം അവതരിപ്പിക്കുന്നതും. 

സംഗമിത്ര തീയേറ്റേഴ്‌സ് മയാമിയുടെ ബാനറില്‍ ഈവര്‍ഷം അരങ്ങില്‍ എത്തുന്ന സാമൂഹ്യ,സംഗീത നാടകമാണ് "കുരുത്തി'.

അക്രമ രാഷ്ട്രീയം അനാഥമാക്കുന്ന കുടുംബങ്ങളുടെ കഥപറയുന്ന പ്രമേയത്തില്‍ ചോരയ്ക്ക് ചോരകൊണ്ട് കണക്കുതീര്‍ക്കുന്ന രാഷ്ട്രീയ കാപാലികന്മാര്‍ അണിയറയില്‍ ഒരുക്കുന്ന തിരകഥകളില്‍പ്പെട്ട് അനാഥമാക്കപ്പെടുന്ന എത്രയോ മനുഷ്യജന്മങ്ങള്‍, ഈ നീച രാഷ്ട്രീയത്തിന്റെ ഉള്ളറകളിലൂടെ ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ തിരിച്ചറിയപ്പെടുന്ന സംഭ്രമജനകമായ നാടകീയ ആവിഷ്കാരമാണ് "കുരുത്തി'യിലൂടെ വേദിയില്‍ അവതരിപ്പിക്കപ്പെടുന്നത്. 

ഹേമന്ത്കുമാര്‍ നാടകരചനയും നോയല്‍ മാത്യു സംവിധാനവും നിര്‍വഹിക്കുന്ന ഈ നാടകത്തില്‍ ഇരുപതോളം കഥാപാത്രങ്ങള്‍ വേദിയില്‍ എത്തുമ്പോള്‍ അത്രയുംതന്നെ കലാകാരന്മാര്‍ രംഗസജ്ജീകരണവും, സാങ്കേതിക സഹായവുമൊരുക്കി അണിയറയിലും പ്രവര്‍ത്തിക്കുന്നു. 

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം ഈ നാടകത്തില്‍ മയാമി മുതല്‍ താമ്പ, ഓര്‍ലാന്റോ എന്നിവടങ്ങളില്‍ നിന്നുമുള്ള പ്രഗത്ഭരായ അഭിനേതാക്കളും, കലാകാരന്മാരും സംഗമിത്രയിലൂടെ ഒത്തുചേരുന്നു. മാത്രവുമില്ല. ഫോമ, ഫൊക്കാന തുടങ്ങിയ ദേശീയ- പ്രാദേശിക സംഘടനാ നേതാക്കളും വിവിധ വേഷങ്ങളില്‍ അരങ്ങത്ത് എത്തുന്നതും പ്രത്യേകതയാണ്. 

ഒക്‌ടോബര്‍ 19-നു ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കപ്പെടുന്ന ഈ നാടകത്തിന്റെ ആദ്യ ടിക്കറ്റ് വിതരണത്തിന്റേയും പോസ്റ്റര്‍ പ്രസിദ്ധീകരണത്തിന്റേയും ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്‍ 18-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ഡേവി നഗരത്തിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. 

ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ചര്‍ച്ച് വികാരിയും, സംഗീത നാടക കലാരംഗത്തെ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഫാ. ജോണ്‍സ്റ്റി തച്ചാറ ആദ്യ ടിക്കറ്റ് അറ്റോര്‍ണി കെവിന്‍ ജോര്‍ജ് നടയിലിനു നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. 

തുടര്‍ന്ന് ഫൊക്കാന വൈസ്  പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍, കേരള സമാജം പ്രസിഡന്റ് ബാബു കല്ലിടുക്കില്‍, നവകേരളയ്ക്കുവേണ്ടി കുര്യാക്കോസ് പൊടിമറ്റം, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസ്, വെസ്റ്റ് ഫാംബീച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജഗതി നായര്‍, സീനിയര്‍ ഫോറത്തെ പ്രതിനിധീകരിച്ച് സാമുവേല്‍ തോമസ്, ഇന്ത്യാ പ്രസ്ക്ലബ് ഓഫ് ഫ്‌ളോറിഡ പ്രസിഡന്റ് ബിനു ചിലമ്പത്ത്, ഡ്രം ലവേഴ്‌സ് ഓഫ് ഫ്‌ളോറിഡ പ്രസിഡന്റ് ജോസ്മാന്‍ കരേടന്‍, കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്കുവേണ്ടി സന്തോഷ് നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

സംഗമിത്ര തീയേറ്റേഴ്‌സ് പ്രസിഡന്റ് ജോയി കുറ്റിയാനി സ്വാഗതവും, സെക്രട്ടറി നോയല്‍ മാത്യു കൃതജ്ഞജയും പറഞ്ഞു. 

സംഗമിത്ര വൈസ് പ്രസിഡന്റ് റോബിന്‍സ് ജോസ്, ജോയിന്റ് ട്രഷറര്‍ ഉല്ലാസ് കുര്യാക്കോസ്, ജോണ്‍സണ്‍ മാത്യു, സഞ്ജയ് നടുപ്പറമ്പില്‍, മനോജ് താനത്ത്, വിനോദ് കുമാര്‍, റീനു ജോണി, സുരേഷ് നായര്‍, കിഷോര്‍ കുമാര്‍, ജോഷി ജോണ്‍, ഡോ. ജോര്‍ജ് പീറ്റര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.