You are Here : Home / USA News

റവ. ടി. സി. മാമ്മന്‍: അജപാലനത്തിന്റെ മഹത്വ പൂര്‍ണമായ 40 ആണ്ടുകള്‍ (സിബി ഡേവിഡ്, ന്യൂ യോര്‍ക്ക്)

Text Size  

Story Dated: Friday, April 26, 2019 08:26 hrs EDT

അജപാലനത്തിന്റെ മഹത്വപൂര്‍ണമായ 40 ആണ്ടുകള്‍ പൂര്‍ത്തിയാക്കി മാര്‍ത്തോമാ സഭയിലെ മുതിര്‍ന്ന വൈദീകന്‍ റെവറന്റ് ടി. സി. മാമ്മന്‍ യാത്രയായി. 
 
ആഴമേറിയ വേദപരിജ്ഞാനം, സ്പുടം ചെയ്ത വാക് ചാതുരി, ആരുടേയും ശ്രദ്ധയെ പിടിച്ചിരുത്തുന്ന പ്രസംഗ നൈപുണ്യം, ആകര്‍ഷകമായ ശബ്ദ ഗാഭീര്യം എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ സഭാഭേദമെന്യേ സമുദായഭേദമെന്യേ, മാമ്മന്‍ അച്ഛനെ വിശ്വകളുടെ ഇടയില്‍ ആരാധ്യനാക്കി. എല്ലാറ്റിലും ഉപരിയായി കറയറ്റ ആ ഗൃഹസ്ഥാശ്രമ ജീവിതം പരിപൂര്‍ണമായും ക്രൈസ്തവ ദര്‍ശനത്തില്‍ അടിയുറച്ചതായിരുന്നു. എന്തെല്ലാം പ്രതികൂലങ്ങള്‍ വന്നാലും ദൈവ വിശ്വാസത്തില്‍ ഉറച്ചു നിന്ന് അതെല്ലാം തരണം ചെയ്ത് വിജയം കൈവരിച്ച ചരിത്രം വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമായി അവശേഷിക്കുന്നു. ആരുടേയും പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങാത്ത ഈ വൈദീകന്റെ ദൃഢനിശ്ചയം അദ്ദേത്തിന്റെ വാക്കുകളിലും പ്രവര്‍ത്തിയിലും തെളിഞ്ഞു നിന്നിരുന്നു.
മയക്കുമരുന്നിന് അടിമയായ ഒരു ചെറുപ്പക്കാരന്റെ അവിവേകം വെറും നിമിഷങ്ങള്‍ കൊണ്ടാണ് മാമ്മന്‍ അച്ഛന്റെ ജീവന്‍ തട്ടിയെടുത്തത്. അച്ചന്‍ നന്മയുടെ മാര്‍ഗത്തില്‍ മാത്രം ജീവിച്ചിട്ടും ആ ചെറുപ്പക്കാരന്റെ പാപത്തിനു പകരം ജീവന്‍ ബലി കൊടുക്കേണ്ടി വന്നു. ക്രിസ്തു പാപികള്‍ക്ക് വേണ്ടി കുരിശിലേറിയ പാഠത്തിന്റെ തനിയാവര്‍ത്തനം. 2019 ലെ ദുഃഖവെള്ളി, ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയിലെ (ന്യൂ യോര്‍ക്ക്) അംഗങ്ങള്‍ക്ക് മാത്രമല്ല ലോകമാകെയുള്ള അച്ചനെ അറിയുന്ന വിശ്വാസികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ദുഃഖവെള്ളി തന്നെയായിരുന്നു. വര്‍ത്തയറിഞ്ഞു ഞെട്ടിത്തരിച്ച സമൂഹം പരസ്പരം ഫോണ്‍വിളികളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഈ ദുഃഖവാര്‍ത്ത പങ്കുവച്ചു.
ഏപ്രില്‍ 19 , വെള്ളിയാഴ്ച വെളുപ്പിനെ 4 മണിക്ക് വന്ന ഒരു ഫോണ്‍കാള്‍ ആണ് ഈ ഷോക്കിങ് ന്യൂസ് ലേഖകനെ അറിയിച്ചത്. ഓ .. അത് വെറും തെറ്റായ വര്‍ത്തയായിരിക്കും എന്ന് പറഞ്ഞു സമാധാനിച്ചു വീണ്ടും ഉറങ്ങാന്‍ കിടന്നു. പക്ഷെ ഉറങ്ങാന്‍ സാധിച്ചില്ല. ഏതാനും മണിക്കൂറുകള്‍ മുന്‍പ് പെസഹാ വ്യാഴാച്ച വൈകിട്ട് പള്ളിയില്‍ വച്ച് അച്ചന്‍ നടത്തിയ ഗംഭീരമായ പ്രസംഗത്തെക്കുറിച്ചു ലേഖകന്റെ ഭാര്യ ബിന്ദു, പള്ളിയില്‍ നിന്നും തിരികെ എത്തിയ ഉടനെ വാ തോരാതെ സംസാരിച്ചത് ഓര്‍ത്തു. പാപം വിട്ടൊഴിഞ്ഞു മനസാന്തരപ്പെടാന്‍ അച്ചന്‍ ജനങ്ങളെ ഒരു താക്കീതെന്നവണ്ണം ശക്തമായ ഭാഷയില്‍ ഉദ്‌ബോധിപ്പിച്ചു.
മയക്കുമരുന്നിനടിമയായ ലോങ്ങ് ഐലന്‍ഡ് സ്വദേശി ക്രിസ്റ്റഫര്‍ ഗോമസ് അല്‍മെന്‍ഡറാസ്, സതേണ്‍സ്റ്റേറ്റ് പാര്‍ക്ക് വേയില്‍ വച്ച് അച്ചന്റെ ട്രക്കിന്റെ പിന്നില്‍ വന്ന് ഇടിച്ചു കയറ്റുകയും അച്ചന്‍ ഓടിച്ചിരുന്ന 2019 ലെ GMC ട്രക്ക് നീയത്രണം വിട്ട് ഹൈവേയുടെ അരികിലേക്ക് തെന്നി മാറി മരത്തില്‍ ഇടിക്കുകയുമായിരുന്നു. ഉടന്‍ പാഞ്ഞെത്തിയ പോലീസും എമെര്‍ജന്‍സി വിഭാഗവും അച്ചനെ അടുത്തുള്ള സെയിന്റ് ജോസഫ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
ഏപ്രില്‍ 26 വെള്ളിയാഴ്ച 4 മണി മുതല്‍ ഒന്‍പതു മണി വരെയും ശനിയാഴ്ച രാവിലെ 8 .30 മണി മുതല്‍ 11 മണി വരെയും ലോങ്ങ് ഐലന്‍ഡ് മാര്‍ തോമ്മാ പള്ളിയില്‍ വച്ച് വ്യൂയിങ് ഉണ്ടായിരിക്കും. 2350 മെറിക്ക് അവന്യൂ, മെറിക്ക്, ന്യൂ യോര്‍ക്ക്. 
കേരളത്തില്‍ കൊല്ലം ജില്ലയില്‍ പത്തനാപുരത്ത്, പിറവന്തൂര്‍ വില്ലേജില്‍ തിരുവാതിലില്‍ ചൂരത്തലയ്ക്കല്‍ ഗീവര്‍ഗീസ് ചാക്കോയുടെയും തങ്കമ്മ ചാക്കോയുടെയും 9 മക്കളില്‍ അഞ്ചാമനായ മാമ്മന്‍, തികഞ്ഞ അച്ചടക്കത്തിന്റെയും ആത്മ നിഷ്ഠയുടെയും ഫലമായി ആര്‍ജ്ജിച്ച വെളിപാടില്‍ നിന്നുമാണ് മാമ്മന്‍ ചാക്കോ റെവറന്റ് മാമ്മന്‍ ചാക്കോ ആയ കഥ ആരംഭിക്കുന്നത്. 
സെയിന്റ് സ്റ്റീഫന്‍ സ്‌കൂളില്‍ നിന്നും പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്നും പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കി, കോട്ടയം മാര്‍ത്തോമ്മാ സെമിനാരിയില്‍ നിന്നും BD യും പാസ്സായ ശേഷം 1979 ല്‍ വൈദീകനായി അഭിഷേകം ചെയ്യപ്പെട്ടു. 
16 ഓളം പള്ളികളില്‍ വികാരിയായി സേവനം അനുഷ്ടിച്ചു. കേരളത്തിലും കൂടാതെ മദ്രാസ്, ബാംഗ്ലൂര്‍, മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി ഒരു കണ്‍വെന്‍ഷന്‍ പ്രസംഗികനായി വളരെ പെട്ടെന്ന് അച്ചന്‍ പ്രസിദ്ധനായി. മുഴങ്ങുന്ന ശബ്ദവും വാക് ചാതുരിയും, തികഞ്ഞ വേദ പരിജ്ഞാനവുംഅച്ചനെ വിശ്വാസികള്‍ക്കിടയിലും ഇതര സമൂഹങ്ങളിലും ആരാധ്യനും സ്വീകാര്യനുമാക്കി. 
മാര്‍ത്തോമാ സന്നദ്ധ സുവിശേഷ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി, ഡയറക്ടര്‍ ഓഫ് മാത്യൂസ് മാര്‍ അത്താനോസ്യോസ് മെമ്മോറിയല്‍ ഗോസ്പല്‍ സംഘം, തുടങ്ങി നിരവധി ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ അച്ചന്‍ പദവികള്‍ അലങ്കരിച്ചു. 
2004 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അച്ചന്‍ റിട്ടയര്‍ മെന്റിനു ശേഷം, ലോങ്ങ് ഐലന്‍ഡ് മാര്‍തോമ്മാ പള്ളിയിലെ അംഗമായി പതിവായി പള്ളിയില്‍ വരുമായിരുന്നു. അച്ചന്റെ പ്രസംഗം കേള്‍ക്കാന്‍ കൊതിച്ചിരുന്ന വിശ്വാസികള്‍ക്ക് ഇടയ്‌ക്കൊക്കെ ആ കരിസ്മാറ്റിക് വചനഘോഷണം ശ്രവിക്കാന്‍ ഭാഗ്യമുണ്ടായി. ഈ ലോകത്തോട് വിട പറയുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പും ആ ഭാഗ്യം സിദ്ധിച്ചവര്‍ അനേകര്‍. 
സാങ്കേതിക മുന്നേറ്റം കൊണ്ട് മാറി വന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളും വളരെ പ്രായോഗികമായി ഉപയോഗിച്ച് വചന പ്രഘോഷണം നടത്താന്‍ അച്ചന് കഴിഞ്ഞു. മാത്രമല്ല അത് വഴി, ലോകത്തു പലയിടങ്ങളില്‍ നിന്നും നിരവധി ആളുകളുമായി നല്ല ആത്മ ബന്ധമുണ്ടാക്കാനും അത് അവര്‍ക്കും കുടുംബത്തിനും ആശ്വാസവും വെളിച്ചവും നല്‍കാനും ഉപകരിച്ചു.
തന്റെ ജീവിത ദൈത്യം പൂര്‍ത്തിയാക്കി പിന്‍വാങ്ങുമ്പോള്‍ തേങ്ങുന്ന ഹൃദയത്തോടെയാണെങ്കിലും അച്ചന്റെ ആത്മാവ് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ സന്നിധിയില്‍ എത്തി എന്ന പൂര്‍ണ വിശ്വാസത്തിലാണ് ഭാര്യ വില്‍സി മാമ്മനും മക്കളും, സഹോദരങ്ങളും. 
കേരളത്തില്‍, കൊല്ലത്ത് മണ്ണൂര്‍ സ്വദേശിയാണ് ഭാര്യ വില്‍സി മാമ്മന്‍. മക്കള്‍: മെല്‍വിന്‍ മാമ്മന്‍ (മകന്‍ - ന്യൂ യോര്‍ക്ക് സിറ്റി പോലീസ് ഓഫിസര്‍), സാനി ജോസഫ് (ന്യൂ യോര്‍ക്ക്) ഷെറിന്‍ ജോമി(ബോംബെ ).
മരുമക്കള്‍: കരുണ മെല്‍വിന്‍, ജോയല്‍ ജോസഫ്, റെവറന്റ് ജോമി മാത്യൂസ് തോമസ്. കൊച്ചുമക്കള്‍: ഐമീ ആന്‍ ജോമി, ആരോണ്‍ മാത്യൂസ്, ഇസൈഹാ ജോസഫ്. 
കൂടുതല്‍ വിവരങ്ങള്‍ പള്ളിയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.
ലോങ്ങ് ഐലന്‍ഡ് മാര്‍ തോമ ചര്‍ച് ഡോട്ട് ഓര്‍ഗ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More