You are Here : Home / USA News

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വരവേല്‍പ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, September 12, 2014 11:28 hrs UTC


ന്യൂജഴ്സി . അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജഴ്സിയില്‍ വെച്ച്  2014 സെപ്റ്റംബര്‍ 19 ന് (വെളളി) ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് ഉജ്ജ്വല വരവേല്‍പ് നല്‍കുന്നതിനുളള എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് നടത്തപ്പെടുന്ന ബാവാ തിരുമനസിന്റെ പ്രഥമ  അപ്പോസ്തോലിക സന്ദര്‍ശനം സഭാ ചരിത്രത്തിന്റെ ഏടുകളില്‍ സ്വര്‍ണ്ണ ലിപികളില്‍ ചേര്‍ക്കപ്പെടുന്ന ഒരു മഹാ സംഭവമാക്കി മാറ്റുന്നതിന് അതിഭദ്രാസന മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മേല്‍നോട്ടത്തിലും കൌണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലും എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ഭദ്രാസന  സെക്രട്ടറി ഫാ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പായും, ട്രഷറര്‍ സാജു പൌലോസ്  മാരോത്ത് അറിയിച്ചു. പരിശുദ്ധ ബാവായോടുളള ബഹുമാനാര്‍ത്ഥം, ഈസ്റ്റ് ഹാനോവര്‍ മാനര്‍ ബാങ്ക്വറ്റ് ഹാളില്‍ നടത്തപ്പെടുന്ന ഡിന്നറിന് സംബന്ധിക്കുന്നതിനായി, ക്രമീകരിച്ചിട്ടുളള മുഴുവന്‍ സീറ്റുകളും ഏറെക്കുറെ റിസര്‍വ് ചെയ്തു കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.

അതിഭദ്രാസന ആസ്ഥാനമായ വിപണി മാര്‍ അപ്രേം കത്തീഡ്രലില്‍ ധൂപ പ്രാര്‍ഥനയ്ക്കുശേഷം ഈസ്റ്റ് ഹാനോവര്‍ മാനറില്‍ എത്തിച്ചേരുന്ന ബാവായെ വര്‍ണ്ണക്കുടയുടേയും മുത്തുക്കുടയുടേയും അകമ്പടിയോടെ ചെണ്ട തുടങ്ങിയ വാദ്യമേളങ്ങളുടെ താളകൊഴുപ്പോടെ, തിരുമേനി വൈദീക ശ്രേഷ്ഠര്‍, ശെമ്മാശ്ശന്മാര്‍ പാത്രിയര്‍ക്ക പതാകയുമേന്തി സഭാ കണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് പിന്നിലായി അന്ത്യോഖ്യാ സിംഹാസനത്തോടും അതില്‍ ഭാഗ്യമോടെ  വാണരുളുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും കൂറും ഭക്തിയും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ട് കത്തിച്ച മെഴുകുതിരികളുമായി. നൂറുകണക്കിന് വിശ്വാസികള്‍ പിതാവിനെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കും.

തദനന്തരം നടത്തപ്പെടുന്ന അനുമോദന സമ്മേളനത്തില്‍ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി  ആധ്യക്ഷം വഹിക്കുന്നതും, ബിഷപ്പ് മാര്‍ തോമസ് ഔസേബിയോസ് (സിറോ മലങ്കര കാത്തലിക് ചര്‍ച്ച് ഇന്‍ യുഎസ്എ) അയൂബ് മാര്‍ സില്‍വാനോസ് (ആര്‍ച്ച് ബിഷപ്പ് ക്നാനായ സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് യുഎസ്എ) ആയൂബ് മാര്‍ സില്‍വാനോസ്(ആര്‍ച്ച് ബിഷപ്പ് ക്നാനായ സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് യുഎസ്എ ആന്‍ഡ് യൂറോപ്പ്), ആര്‍ച്ച് ബിഷപ്പ് കജാഗ് ബര്‍സാമിയന്‍(അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) ബിഷപ്പ് മാര്‍ ഡേവിസ് (കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച്) ആര്‍ച്ച് ബിഷപ്പ് മാര്‍ സഖറിയാസ് (എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ) ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്(മാര്‍തോമ സിറിയന്‍ ചര്‍ച്ച് നോര്‍ത്ത് അമേരിക്ക), റൊണാള്‍ഡ് ഫ്രാങ്കുലി (വിപ്പനി സിറ്റി മേയര്‍ തുടങ്ങി പല പ്രമുഖരും അനുമോദനങ്ങള്‍ അര്‍പ്പിച്ചു  സംസാരിക്കുന്നതുമാണ്.  ഫാ. മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്കോപ്പാ സ്വാഗതവും, സാജു പൌലോസ് മാരോത്ത് നന്ദിയും രേഖപ്പെടുത്തും. ഫാ. പോള്‍ പറമ്പാത്ത്, ഫാ. പോള്‍ തോട്ടക്കാട്ട് എന്നിവര്‍ എംസിമാരായും പ്രവര്‍ത്തിക്കും.

പരിശുദ്ധ പിതാവിന്റെ വരവേല്‍പിനോടനുബന്ധിച്ചുളള മുഴുവന്‍ പ്രോഗ്രാമുകളും ലോകത്തെവിടേയും യഥാസമയം ദര്‍ശിക്കുന്നതിനുളള അവസരമുണ്ടാക്കുന്നതിനായി മലങ്കര ടിവി, ഐപിടിവി തുടങ്ങിയ വിവിധ ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയ സംപ്രേക്ഷണം നടത്തുന്നതിന് ഏലിയാസ് വര്‍ക്കി, സുനില്‍ മഞ്ഞിനിക്കര എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്.

അതിഭദ്രാസനത്തിന്റെ ചരിത്രത്തിന്റെ ഏടുകളില്‍ ഒരു നാഴിക കല്ലായി തീരുന്ന ആ മഹാസംഗമം, വന്‍ വിജയമാക്കി തീര്‍ക്കുന്നതിന് വിശ്വാസികളേവരുടേയും നിരന്തരമായ പ്രാര്‍ഥനയും ആത്മാര്‍ത്ഥമായ സഹായ സഹകരണങ്ങളുമുണ്ടായിരിക്കണമെന്ന് ഇടവക മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ഉദ്ബോധിപ്പിക്കുകയുണ്ടായി. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.