You are Here : Home / USA News

ഭക്തിയുടെ നിറവില്‍ സെന്റ്‌ മേരീസ്‌ ലിന്‍ഡന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളി സില്‍വര്‍ ജൂബിലി ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 28, 2014 10:43 hrs UTC

ന്യൂജേഴ്‌സി: വിശുദ്ധ സെന്റ്‌ മേരീസിന്റെ നാമത്തിലുള്ള ലിന്‍ഡന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ അതിഗംഭീരമായ ചടങ്ങുകളോടെ ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ 22, 23 തീയതികളില്‍ നടത്തപ്പെട്ടു. 22-ന്‌ പൊതുസമ്മേളനത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ റവ.ഫാ. സണ്ണി ജോസഫ്‌ അധ്യക്ഷനായിരുന്നു. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും മാര്‍ത്തമറിയം, എം.ജി.ഒ.സി.എസ്‌.എം തുടങ്ങിയ ആത്മീയ സംഘടനകളുടേയും കലാപരിപാടികള്‍ ചടങ്ങിനെ നിറപ്പകിട്ടാര്‍ന്നതാക്കി.

 

ജേക്കബ്‌ ജോസഫിന്റെ നേതൃത്വത്തില്‍ ആലപിച്ച ഗായക സംഘത്തിന്റെ മനോഹരമായ ഗാനങ്ങള്‍ ചടങ്ങിനെ മോടിപിടിപ്പിച്ചു. ചടങ്ങില്‍ റിങ്കില്‍ ബിജു, മാത്യു അബ്രഹാം, ദിവ്യ ജേക്കബ്‌ തുടങ്ങിയവര്‍ എം.സിയായി. പൊതു സമ്മേളനത്തില്‍ റവ. കോര്‍എപ്പിസ്‌കോപ്പ സി.എം. ജോണ്‍, റവ.ഫാ. വി.എം. ഷിബു, എം.കെ. കുര്യാക്കോസ്‌, മാത്യു തോമസ്‌, ഷിബു ദാനിയേല്‍, വിജയ്‌ തോമസ്‌, എന്‍.കെ. ഇട്ടന്‍പിള്ള, ചെറിയാന്‍ മുണ്ടയ്‌ക്കല്‍ എന്നിവര്‍ പങ്കെടുത്തു. അതിനുശേഷം നൂറുകണക്കിന്‌ വിശ്വാസികള്‍ ഒന്നുചേര്‍ന്ന്‌ സന്ധ്യാപ്രാര്‍ത്ഥനയും അര്‍പ്പിച്ചു. ഓഗസ്റ്റ്‌ 23-ന്‌ ശനിയാഴ്‌ച വിശുദ്ധ കുര്‍ബാനയോടെ തുടങ്ങിയ പരിപാടികള്‍ക്ക്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ നിക്കളാവോസ്‌ തിരുമേനി നേതൃത്വം നല്‍കി. നൂറുകണക്കിന്‌ വിശ്വാസികള്‍ സംബന്ധിച്ച ദിവ്യബലിക്കുശേഷം ലിന്‍ഡന്‍ നഗരത്തെ വര്‍ണ്ണതാള ലയങ്ങളില്‍ ആറാടിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടന്നു.

 

ജോസഫ്‌ വി. തോമസ്‌ ചുക്കാന്‍പിടിച്ച പ്രദക്ഷിണത്തില്‍ ചടങ്ങിനെത്തിയ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. കേരളീയ സംസ്‌കാരത്തിന്റെ പാരമ്പര്യവും ഓര്‍ത്തഡോക്‌സ്‌ സഭയുടെ മൂല്യത്തേയും ഉയര്‍ത്തികാണിച്ചുള്ള ഈ ആഘോഷത്തില്‍ ചെണ്ടമേളവും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം അഭിവന്ദ്യ നിക്കളാവോസ്‌ തിരുമേനി, റവ. കോര്‍എപ്പിസ്‌കോപ്പ സി.എം. ജോണ്‍, ഇടവക വികാരി റവ.ഫാ. സണ്ണി ജോസഫ്‌, സെക്രട്ടറി ജയിംസ്‌ നൈനാന്‍, ട്രസ്റ്റി എം.സി. മത്തായി തുടങ്ങിയവര്‍ ചേര്‍ന്ന്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. റവ.ഫാ. ഷിബു ദാനിയേല്‍, എന്‍.കെ. ഇട്ടന്‍പിള്ള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കുമാരി നിറ്റി കുരുവിള എം.സിയായിരുന്ന ചടങ്ങില്‍ വിശുദ്ധ ദേവാലയത്തിലെ ആദ്യ വികാരിയായ സി.എം. ജോണ്‍ അച്ചന്‍ ഇടവക തുടങ്ങിയതുമുതല്‍ കഴിഞ്ഞ 25 വര്‍ഷമായ ഇടവകയുടെ ഉയര്‍ച്ചയിലും താഴ്‌ചയിലും കൂടെ നിന്ന എം.സി മത്തായി, ജെയിംസ്‌ നൈനാന്‍, പരേതനായ മത്തായി സ്‌കറിയ, ഇടവകയെ ഒരുമിപ്പിച്ചു നിര്‍ത്തി വിശ്വാസികളെ മുന്നില്‍ നിന്നും നയിക്കുന്ന എളിമയുടെ ആള്‍രൂപമായ വികാരി സണ്ണി ജോസഫ്‌ അച്ചന്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.

 

തുടര്‍ന്ന്‌ സില്‍വര്‍ ജൂബിലി സുവനീര്‍ എഡിറ്റര്‍ ഉമ്മന്‍ ചാക്കോ അഭിവന്ദ്യ തിരുമേനിക്ക്‌ കൈമാറുകയും, ആയത്‌ സി.എം. ജോണ്‍ അച്ചന്‌ നല്‍കി പ്രകാശനം ചെയ്യുകയും ചെയ്‌തു. തദവസരത്തില്‍ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സുവനീര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച ഷാജി വില്‍സണ്‍, നിറ്റി കുരുവിള, ജോഷ്‌ മത്തായി, ജയിസണ്‍ നൈനാന്‍ എന്നിവരെ ഇടവക അനുമോദിച്ചു. അതിനുശേഷം ദേവാലയത്തിന്റെ ഡ്രീം ടീം ആയ ലിന്‍ഡന്‍ ബാസ്‌കറ്റ്‌ ബോള്‍ ടീമിന്റെ ഔപചാരിക ഉദ്‌ഘാടനം അഭിവന്ദ്യ തിരുമേനി ക്യാപ്‌റ്റന്‍ എറിക്‌ നൈനാന്‍, ജോഷ്‌ മത്തായി എന്നിവര്‍ക്ക്‌ ജേഴ്‌സി നല്‍കി നിര്‍വഹിച്ചു. ട്രസ്റ്റി എം.സി മത്തായി റിപ്പോര്‍ട്ടും, സെക്രട്ടറി ജയിംസ്‌ നൈനാന്‍ നന്ദിയും പറഞ്ഞു. അമേരിക്കയിലെ ഏറ്റവും മനോഹരമായ ദേവാലയങ്ങളില്‍ ഒന്നായ ഈ ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഏറ്റവും മികച്ചതും ആത്മീയനിറവും ഉണ്ടാക്കിയ ഒന്നായിരുന്നുവെന്ന്‌ വിശ്വാസികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

 

കഴിഞ്ഞ ഏതാനും മാസങ്ങലായി സില്‍വര്‍ജൂബിലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എല്ലാവരോടും കൂടാതെ ചടങ്ങില്‍ സംബന്ധിക്കാനായി അമേരിക്കയുടെ നാനാഭാഗങ്ങളില്‍ നിന്നും വന്ന എല്ലാവരോടുമുള്ള നന്ദി മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ വികാരി സണ്ണി അച്ചന്‍, എം.സി. മത്തായി, ജയിംസ്‌ നൈനാന്‍, രാജുമോന്‍ തോമസ്‌, രാജന്‍ ചീരന്‍, മാത്യു ഏബ്രഹാം, അനീഷ്‌ ചെറിയാന്‍, സാറ സജി, ശോഭ ജേക്കബ്‌, ലീന ടോംസ്‌ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.