You are Here : Home / USA News

കുട്ടികളുടെ സുഹൃത്തുക്കളാവണം മാതാപിതാക്കള്‍: ഫോമാ വിമന്‍സ്‌ ഫോറം സെമിനാര്‍

Text Size  

Story Dated: Saturday, July 05, 2014 12:10 hrs UTC

ഡോ.സാറാ ഈശോ

 

ഫിലാഡല്‍ഫിയ: അഞ്ചു വയസ്സ്‌ വരെ രാജാവിനെപ്പോലെ, അഞ്ചു മുതല്‍ പതിനഞ്ചുവരെ ദാസനെപ്പോലെ, പതിനഞ്ചിനുശേഷം `പുത്രം മിത്രവദാചരേ' (പുത്രന്‍ മിത്രത്തെപ്പോലെ) എന്നാണ്‌ ശാസ്‌ത്രം. മക്കളുമായി സൗഹൃദത്തിലായാലേ അവരുടെ മാനസികസംഘര്‍ഷം ലഘൂകരിക്കാനും പ്രശ്‌നങ്ങളില്‍ ഒരു അത്താണിയാകാനും മാതാപിതാക്കള്‍ക്ക്‌ കഴിയൂ. കുട്ടികളുടെ മാനസികാവസ്ഥയിലേക്ക്‌ ഇറങ്ങിച്ചെല്ലാന്‍ തയ്യാറുള്ളവര്‍ക്കേ ഇത്‌ സാധ്യമാവൂ. ഫോമാ വിമന്‍സ്‌ ഫോറം സംഘടിപ്പിച്ച പേരന്റിംഗ്‌ സ്‌പെഷ്യല്‍ സെമിനാറില്‍ ഇന്‍ഡ്യന്‍ ഇമ്മിഗ്രന്റ്‌ ഫാമിലികളിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളും, അതിനുള്ള പരിഹാരമാര്‍ക്ഷങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇന്റഗ്രല്‍ ഡെവലെപ്പ്‌മെന്റ്‌ തെറപ്പിയില്‍ വിദഗ്‌ദ്ധനും, എഴുത്തുകാരനുമായ പ്രൊഫ.എ.കെ.ബി പിള്ള, സാഹിത്യകാരിയായ നിര്‍മ്മല ജോസഫ്‌(മാലിനി), യുവതലമുറയെ പ്രതിനിധീകരിച്ച്‌ സോവി ആഴാത്ത്‌ (CNN), സാമൂഹ്യപ്രവര്‍ത്തകയായ മേരി ജോര്‍ജ്‌ തോട്ടം എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.

 

 

ഡോ.സാറാ ഈശോ ആയിരുന്നു മോഡറേറ്റര്‍. ഡിപ്രഷന്‍ തുടങ്ങിയ മാനസികരോഗങ്ങള്‍ ടീനേജ്‌ പ്രായത്തിലുള്ള കുട്ടികളുടെയിടയില്‍ പത്തിലൊന്ന്‌ എന്ന നിരക്കില്‍ കാണാറുണ്ട്‌. എന്നാല്‍ ഈ രോഗങ്ങളുള്ളവരില്‍ അഞ്ചിലൊരാള്‍ക്ക്‌ മാത്രമേ യഥാസമയം ചികിത്സ ലഭിക്കാറുള്ളൂ- ഡോ. സാറാ ഈശോ ആമുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മാനസികരോഗങ്ങള്‍ക്കുനേരെ കണ്ണടച്ചിരുട്ടാക്കുന്ന ഒരു സമീപനമാണ്‌ മലയാളികള്‍ക്കിപ്പോഴും. വിഷാദരോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രാരംഭദശയില്‍തന്നെ മനസിലാക്കുന്നതില്‍ മാതാപിതാക്കള്‍ക്ക്‌ വലിയ പങ്കുണ്ട്‌. ആത്മഹത്യയില്‍ നിന്നും കുട്ടികളെ രക്ഷിക്കുവാന്‍ മാനസികരോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം നമ്മുടെ കമ്മ്യൂണിറ്റിയില്‍ നടത്തേണ്ടത്‌ ആവശ്യമാണ്‌. മാസത്തില്‍ ഒരു കുട്ടിയെങ്കിലും മലയാളികുടുംബങ്ങളില്‍നിന്നും ഒളിച്ചോടിപ്പോകുന്നുണ്ട്‌. എന്ന്‌ ഫാമിലി കൗണ്‍സിലര്‍ കൂടിയായ ഡോ. എ.കെ.ബി പിള്ള പ്രസ്‌താവിച്ചു.

 

 

ആശയവിനിമയത്തിലെ തകരാറാണ്‌ പല കുടുംബങ്ങളിലെയും പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മാത്രമല്ല, സ്‌ത്രീകളും ഏറെ മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ട്‌. പല കുടുംബങ്ങളിലും. സ്‌ത്രീയാണ്‌ കുടുംബത്തിന്റെ ശക്തി. സ്‌ത്രീശാക്തീകരണത്തിലൂടെ മാത്രമേ കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും ആരോഗ്യവും സമാധാനവും നിലനിര്‍ത്താനാവൂ- അദ്ദേഹം പറഞ്ഞു. സി.എന്‍.എന്‍ ഹെഡ്‌ലൈന്‍ ന്യൂസ്‌ പ്രൊഡ്യൂസറും റൈറ്ററുമായ സോവി ആഴാത്ത്‌, ഇമ്മിഗ്രന്റ്‌ കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ സ്‌കൂളിലും കോളേജിലും വ്യത്യസ്‌തസംസ്‌കാരങ്ങളിലുള്ളവരുമായി ഇടപെടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു. മലയാളികള്‍ക്ക്‌ തങ്ങളുടെ കുട്ടികള്‍ മെഡിസിന്‍, എഞ്ചിനീയറിംഗ്‌ തുടങ്ങിയ ഏതാനും ചില പ്രൊഫഷനുകള്‍ മാത്രം തെരഞ്ഞെടുക്കുന്നതിലാണ്‌ താല്‍പര്യം. അധികം മലയാളികള്‍ കടന്നുചെല്ലാത്ത മേഖല സ്വീകരിക്കുവാന്‍ തന്റെ മാതാപിതാക്കള്‍ പരിപൂര്‍ണ്ണപിന്തുണ നല്‍കി എന്ന്‌ സോവി നമ്പിപൂര്‍വ്വം സ്‌മരിച്ചു. `തിങ്ക്‌ ഔട്ട്‌സൈഡ്‌ ദി ബോക്‌സ്‌', മാതാപിതാക്കളോട്‌ സോവി ഓര്‍മ്മപ്പെടുത്തി.

 

 

`ഭാരതീയസംസ്‌കാരത്തെ വിട്ടുകളയാനാകാതെ, അമേരിക്കന്‍സംസ്‌കാരത്തെ സ്വീകരിക്കാനാകാതെ ഒരു പെരുവഴിസംസ്‌കാരത്തില്‍ ഉപേക്ഷിക്കപ്പെട്ടവരാണ്‌ മിക്കകുടിയേറ്റമാതാപിതാക്കളും. അതേ പെരുവഴിയില്‍ സഞ്ചരിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു നമ്മുടെ കുട്ടികളും. അതിന്‌ പ്രേരിപ്പിക്കുന്നതാണ്‌ നമ്മുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും'. ചെറുകഥാകൃത്ത്‌ മാലിനി അഭിപ്രായപ്പെട്ടു. കുട്ടികളില്‍ സാംസ്‌കാരികതരംതിരിവുകളുടെ ഭാരം ഏറ്റിവയ്‌ക്കാതെ ഒരു മാനുഷികസംസ്‌കാരത്തില്‍ വളരുവാനുള്ള അടിത്തറ, അനുവാദം അവര്‍ക്ക്‌ കൊടുക്കുക- മാലിനി തുടര്‍ന്നു. മികച്ച വാഗ്‌മിയായ മേരി ജോര്‍ജ്‌ തോട്ടം സന്തുഷ്ടമായി കുടുംബജീവിതത്തിന്‌ വേണ്ട പ്രധാനഘടകം കുട്ടികളുമായുള്ള തുറന്ന ആശയവിനിമയമാണെന്ന്‌ ഓര്‍മ്മപ്പെടുത്തി. കുട്ടികളുമായി ചിലവഴിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യത്തെക്കാള്‍, ക്വാളിറ്റിയ്‌ക്കാണ്‌ പ്രാധാന്യമെന്നും അവര്‍ പറഞ്ഞു. ജെ. മാത്യൂസ്‌, ഷാലിയ, പ്രേമ ആന്റണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്‌ തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ഫോമ വിമന്‍സ്‌ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി. ഇനിയും പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ വിമന്‍സ്‌ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കട്ടെ എന്ന്‌ കുസുമം ആശംസിച്ചു. ഡോ.നിവേദ രാജന്‍ സ്വാഗതവും, വിമന്‍സ്‌ ഫോറം സെക്രട്ടറി റീനി മമ്പലം കൃതജ്ഞതയും പറഞ്ഞു. കുസുമം ടൈറ്റസ്‌, റീനി മമ്പലം. ലാലി കളപ്പുരയ്‌ക്കല്‍, ഡോ.നിവേദ രാജന്‍, ടെറി മാത്യൂസ്‌, ആലീസ്‌ ഏബ്രഹാം, ഡോ.ബ്ലോസം ജോയി , ഡോ. സാറാ ഈശോ എന്നിവര്‍ നേതൃത്വം നല്‍കിയ വിമന്‍സ്‌ ഫോറം സെമിനാര്‍ പ്രമേയം കൊണ്ടും, പ്രഭാഷണങ്ങളുടെ മികവ്‌ കൊണ്ടും ഏറെ ശ്രദ്ധേയമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.