You are Here : Home / USA News

മാര്‍ക്ക് പിക്‌നിക്ക് ഓഗസ്റ്റ് 23-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, May 19, 2014 09:05 hrs UTC

ഷിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയറിന്റെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ഓഗസ്റ്റ് 23-ന് ശനിയാഴ്ച സ്‌കോക്കിയിലുള്ള ലറാമി പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്നതാണ്. പ്രഭാത ഭക്ഷണത്തോടുകൂടി രാവിലെ 9-ന് ആരംഭിക്കുന്ന പിക്‌നിക്ക് വൈകിട്ട് എട്ടുമണി വരെ തുടരുന്നാണ്.

മാര്‍ക്ക് എക്‌സിക്യൂട്ടീവിന്റെ നേരിട്ടുള്ള ചുമതലയില്‍ നടത്തപ്പെടുന്ന ഈവര്‍ഷത്തെ പിക്‌നിക്കിന്റെ സവിശേഷത അതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പ്രവീണ്‍ മെമ്മോറിയല്‍ സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ആരംഭമാണ്. ഷിക്കാഗോ മലയാളി സമൂഹത്തിന്റെ മുഴുവന്‍ നൊമ്പരമായി മാറിയ പ്രവീണ്‍ വര്‍ഗീസിന്റെ സ്മരണ നിലനിര്‍ത്തുകയെന്നതാണ് ഈ ടൂര്‍ണമെന്റ് വഴി മാര്‍ക്ക് ലക്ഷ്യമിടുന്നത്. മലയാളി സമൂഹത്തിലെ മുതിര്‍ന്നവര്‍ക്കിടയില്‍ പ്രചാരം കുറവെങ്കിലും, അമേരിക്കയില്‍ പഠിച്ചുവളര്‍ന്ന യുവ തലമുറയ്ക്ക് പ്രിയമുള്ള ഒരു ഗെയിമാണ് സോഫ്റ്റ് ബോള്‍. ഹോസ്പിറ്റലുകളുടെ അടിസ്ഥാനത്തില്‍ രൂപീകൃതമാകുന്ന ടീമുകളില്‍ പ്രായ-ലിംഗ വ്യത്യാസം കൂടാതെ രെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ക്കൊപ്പം കുടുംബാംഗങ്ങളേയും കളിക്കാരായി ഉള്‍പ്പെടുത്താവുന്നതാണ്.

അമേരിക്കന്‍ മലയാളി സമൂഹത്തിനു തന്നെ നൂതനമായി അനുഭവപ്പെടാവുന്ന ഈ പ്രഥമ സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ഇതിനോടകം അഞ്ച് ടീമുകള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാനും വിശദാംശങ്ങള്‍ അറിയുവാനും താത്പര്യമുള്ളവര്‍ പിക്‌നിക്ക് സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ ബെന്‍സി ബെനഡിക്ട് (847 401 5581), ജോര്‍ജ് പ്ലാമൂട്ടില്‍ (847 651 5204) എന്നിവരുമായി ബന്ധപ്പെടുക.

മാര്‍ക്ക് പിക്‌നിക്കില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന വിവിധ പ്രായത്തില്‍പ്പെട്ടവര്‍ക്കായുള്ള ഓട്ടം, വടംവലി, വോളിബോള്‍ എന്നിവയ്‌ക്കൊപ്പം മുതിര്‍ന്നവര്‍ക്കായുള്ള ചീട്ടുകളി മത്സരവും ഈവര്‍ഷത്തെ പിക്‌നിക്കിലും നടത്തപ്പെടുന്നതാണ്. പിക്‌നിക്കിന്റേയും, പ്രഥമ സോഫ്റ്റ് ബോള്‍ ടൂര്‍ണമെന്റിന്റേയും വിജയത്തിനായി എല്ലാ മാര്‍ക്ക് അംഗങ്ങളുടേയും സഹകരണവും, പങ്കാളിത്തവും നിര്‍ദേശങ്ങളും മാര്‍ക്ക് എക്‌സിക്യുട്ടീവിനുവേണ്ടി പ്രസിഡന്റ് സ്‌കറിയാക്കുട്ടി തോമസ് സ്വാഗതം ചെയ്യുന്നു. സെക്രട്ടറി വിജയന്‍ വിന്‍സെന്റ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.