You are Here : Home / USA News

ബോബി ചെമ്മണ്ണൂരും കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയും ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു

Text Size  

Story Dated: Wednesday, April 02, 2014 08:14 hrs UTC

ന്യൂജേഴ്‌സി: ബിസിനസ്‌ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒട്ടേറെ സമാനതകളുള്ള കേരളത്തിലെ അറിയപ്പെടുന്ന ബിസിനസുകാരായ കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയും, ബോബി ചെമ്മണ്ണൂരും ഫോമയുടെ നാലാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവും സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസും, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജും സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

ഫോമയുടെ കേരളാ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇരുവരേയും ഫോമാ പ്രസിഡന്റ്‌ നേരിട്ടുകണ്ട്‌ ക്ഷണിക്കുകയായിരുന്നു.

കേരളത്തില്‍ അപകടങ്ങളിലൂടെ രക്തംവാര്‍ന്ന്‌ ഒട്ടേറെ മരണങ്ങള്‍ ദിനംപ്രതി സംഭവിക്കുമ്പോള്‍, കേരള മനസാക്ഷിയെ തൊട്ടുണര്‍ത്താന്‍ കേരളത്തിലെ എല്ലാ നഗരങ്ങളിലും ബ്ലഡ്‌ ബാങ്ക്‌ ഉണ്ടാക്കുവാനും, `റണ്‍ ബേബി റണ്‍' എന്ന പേരില്‍ കാസര്‍ഗോഡു നിന്നും പാറശാല വരെ 900 കിലോമീറ്റര്‍ ഓടി ജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ്‌ ബോബി ചെമ്മണ്ണൂര്‍. നീണ്ട മാരത്തണ്‍ ഓട്ടത്തിനിടയില്‍ തന്നെ കാണുവാനായി എത്തിച്ചേരുന്ന രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും സാമ്പത്തിക സഹായം നല്‍കി മറ്റുള്ള ബിസിനസുകാര്‍ക്ക്‌ മാതൃകയാകുന്നു.

അതേസമയം, കൊച്ചൗസേഫ്‌ ചിറ്റിലപ്പള്ളിയാകട്ടെ സ്വന്തം കിഡ്‌നി ദാനം ചെയ്‌താണ്‌ മറ്റുള്ളവര്‍ക്ക്‌ മാതൃകയായത്‌. പ്രസംഗമല്ല, പ്രവര്‍ത്തിയാണ്‌ കര്‍മ്മവഴി എന്നു തെളിയിച്ച കൊച്ചൗസേഫ്‌ പൗരാവകാശം ലംഘിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും നല്‍കിയ താക്കീത്‌ കൂടിയാണ്‌ തിരുവനന്തപുരത്ത്‌ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച സൗമ്യയെന്ന സ്‌ത്രീയുടെ ധീരമായ ചെറുത്തുനില്‍പ്പിന്‌ നല്‍കിയ അഞ്ചുലക്ഷം രൂപ പാരിതോഷികം.

ഫോമയുടെ യുവജനങ്ങളുടെ സമ്മേളനമായ ഫോമാ യംങ്‌ പ്രൊഫഷണല്‍ സമ്മിറ്റിലും, ഫോമാ ഒരുക്കുന്ന ബിസിനസ്‌ സെമിനാറിലുമാണ്‌ കൊച്ചൗസേഫും, ബോബി ചെമ്മണ്ണൂരും പങ്കെടുക്കുന്നത്‌. ഫോമാ കണ്‍വെന്‍ഷന്‍ ജൂണ്‍ 26-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ആരംഭിച്ച്‌ 29-ന്‌ ഞായറാഴ്‌ച രാവിലെ 10 മണിയോടെ പര്യവസാനിക്കും. ഇതിനോടകംതന്നെ ഒട്ടേറെ മലയാളികള്‍ ഫോമാ കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞു. സന്ദര്‍ശിക്കുക: www.fomaa.com
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.