You are Here : Home / USA News

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ അമേരിക്കന്‍ അതി ഭദ്രാസനം ദുഃഖാചരണം പ്രഖ്യാപിച്ചു

Text Size  

Story Dated: Saturday, March 22, 2014 08:42 hrs UTC

ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ദേഹവിയോഗത്തില്‍ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പരിശുദ്ധ പിതാവിനോടുള്ള ആദരസൂചകമായി സഭാംഗങ്ങള്‍ 40 ദിവസം ദുഃഖം ആചരിക്കണമെന്നും പരിശുദ്ധ പിതാവിന് വേണ്ടി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും, പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, വി.കുര്‍ബ്ബാനയും അര്‍പ്പിക്കണമെന്നും ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി കല്പനയിലൂടെ അറിയിച്ചു.

1933 ഏപ്രില്‍ 21ന് ഇറാക്കിലെ മൂസല്‍ പട്ടണത്തില്‍ ജനിച്ച പ. പിതാവ് നന്നേ ചെറുപ്പത്തില്‍ തന്നെ ശെമ്മാശ്ശപട്ടം സ്വീകരിക്കുകയും ചെയ്തു. 1980 സെപ്തംബര്‍ 14-#ാ#ം തീയതി ആകമാന സുറിയാനി സഭയുടെ 122-മത് പാത്രിയര്‍ക്കിസായി അന്ത്യോഖ്യാ സിംഹാസനത്തില്‍ ആരൂഡനായി.
1993 ല്‍ മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദി സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക എന്ന പേരില്‍ രൂപീകൃതമായ അമേരിക്കന്‍ അതിഭദ്രാസനത്തോട് പ. പിതാവിനുള്ള സ്‌നേഹവും കരുതലും ഒരിക്കലും വിസ്മരിക്കാവുന്നതല്ല. പ. ബാവാ തിരുമേനിയുടെ ദീര്‍ഘ വീക്ഷണവും, പ്രാര്‍ത്ഥനാ ജീവിതവും, അര്‍പ്പണ ബോധവും, ആരേയും ആകര്‍ഷിക്കുന്ന എളിമയും മൂന്ന് പതിറ്റാണ്ട് കാലം ആകമാന സുറിയാനി സഭയെ സ്തുത്യര്‍ഹമാംവിധം അജപാലനം ചെയ്യുവാന്‍ കരുത്തേകി.

പ.പിതാവിന്റെ ഭൗതിക ശരീരം ജര്‍മ്മനിയില്‍ നിന്നും ലബനോനിലേക്ക് കൊണ്ടുപോകുന്നതും മാര്‍ച്ച് 26, 27 (ബുധന്‍ വ്യാഴം) ദിവസങ്ങളില്‍ കബറക്ക് ശുശ്രൂഷകള്‍ നടക്കുന്നതുമാണ്. സിറിയയിലെ ദമാസ്‌ക്കസില്‍ പ.പാത്രിയര്‍ക്കീസ് ബാവായുടെ അരമന ദേവാലയത്തിലെ വി.മദ്ബഹായുടെ താഴെയായി പ്രത്യേക തയ്യാറക്കിയ കല്ലറയില്‍ ഭൗതിക ശരീരം സംസ്‌ക്കരിക്കുന്നതാണ്. അമേരിക്കന്‍ ഭദ്രാസനത്തെ പ്രതിനിധീകരിച്ച്, അഭിവന്ദ്യ തിരുമേനിയും, മറ്റു സഭാംഗങ്ങളും കബറടക്ക ശുശ്രൂഷയില്‍ സംബന്ധിക്കുന്നതിനായി ലബനോനിലേക്ക് യാത്ര തിരിക്കുന്നതാണ്.

കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പരിശുദ്ധ പിതാവിനെ അടുത്തറിഞ്ഞതു മുതല്‍, ഇക്കാലമത്രയും, അദ്ദേഹത്തിന്റെ അകമഴിഞ്ഞ സ്‌നേഹവും, വാത്സല്യവും അനുഭവിച്ചറിയുവാന്‍ അവസരം ലഭിച്ച തനിക്ക് പ.പിതാവിന്റെ വേര്‍പാട് വ്യക്തിപരമായും, ഒരു തീരാനഷ്ടമാണെന്നും, ആഗോള സുറിയാനി സഭക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ഇതര ക്രൈസ്തവ സഭകള്‍ക്കും, ഈ വേര്‍പാട് ദുഃഖമുളവാക്കുന്നതാണെന്നും അഭിവന്ദ്യ തിരുമേനി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.