You are Here : Home / USA News

2014 ലെ തെരഞ്ഞെടുപ്പും ജനങ്ങളുടെ ആശങ്കയും

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Wednesday, March 19, 2014 06:26 hrs EDT

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രകടമായ  മതേതര വിരുദ്ധ പ്രവണതയെ അപേക്ഷിച്ച് 2014 ലെ രാഷ്ട്രീയാന്തരീക്ഷം കൂടുതല്‍ ജനങ്ങളില്‍ കൂടുതല്‍ ആശങ്ക ഉളവാക്കുന്നു.

നെഹ്രുകുടുംബത്തിന്റെ പാരമ്പര്യത്തിലും പരിവേഷത്തിലും  കോണ്‍ഗ്രസിനു എത്ര നാള്‍ പിടിച്ചു നില്‍ക്കാനാവും? മോഡിയുടെ രാഷ്രീയ അഭിനയം ജനങ്ങള്‍ എത്രകാലം സഹിക്കും? ഇന്നലെ കുരുത്ത ആം ആദ്മി പാര്‍ട്ടി  ഡല്‍ഹിയിലെ ജനങ്ങളില്‍  ഉണ്ടാക്കിയ ഇമേജ് വെറും രാഷ്രീയ തന്ത്രമോ? താഴെക്കിടയില്‍ നിന്നും ഏറ്റവും മുകളില്‍ വരെ ജനപ്രധിനിധികളുടെ  അഴിമതിയുടെ കുംഭകോണത്തില്‍ മനം നൊന്തു കഴിയുന്ന സമ്മതിദായകര്‍ പുതിയ വാക്ക്ദാനവുമായി വരുന്നവരെ സ്വീകരിക്കുമോ? നൂറു നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ വിഷമിക്കുന്ന ഇന്ത്യയിലെ വോട്ടറുമാര്‍ ഈ ലോക സഭ തെരഞ്ഞെടുപ്പില്‍ ആരെ പിന്താങ്ങും? വിവേകപൂര്‍വ്വം  വോട്ടറുമാര്‍ തങ്ങളുടെ സമ്മതിദാനവകാശം വിനയോഗിച്ചില്ല എങ്കില്‍ നമ്മുടെ രാജ്യം നാശത്തിലേക്ക് നീങ്ങാനാണ് സാധ്യത.   

സ്വതന്ത്രവും ഫലപ്രദവുമായി പ്രവര്‍ത്തിക്കുന്ന ഒരു ഇലക്ഷന്‍ കമ്മീഷന്റെ കീഴില്‍  തിരഞ്ഞെടുപ്പു പ്രക്രിയ മെച്ചപ്പെട്ട രീതിയില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നതായി ലോകരാജ്യങ്ങള്‍ തന്നെ അംഗീകരിക്കുന്നുണ്ട്. നമ്മുടെ ജനാധിപത്യസമ്പ്രദായം സുരക്ഷിതം തന്നെയാണെന്ന്   കണക്കാക്കപ്പെടുമ്പോഴും മതേതരത്വത്തിന്റെ കാര്യത്തില്‍ ആശങ്കയാണ് വളര്‍ന്നു കൊണ്ടിരിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി ബി. ജെ. പി  പ്രഖ്യാപിക്കുന്ന  നരേന്ദ്ര മോഡി ഹിന്ദുത്വരാഷ്ട്രീയം കെട്ടിഘോഷിക്കുന്നവന്‍ ആണെങ്കിലും അധികാര ലക്ഷ്യം നേടുന്നതിനുള്ള ഒരു ആയുധം മാത്രമാണ് അദ്ദേഹത്തിന് ഹിന്ദുത്വ രാഷ്ട്രീയം.  അധികാരത്തിലെത്തിയാല്‍  ഹിന്ദുത്വ രാഷ്ട്രീയം നടപ്പിലാക്കാന്‍ രണ്ടാം സ്ഥാനത്തായിരിക്കും. ഏകാധിപത്യ അധികാരമായിരിക്കും അദ്ദേഹത്തിന്റെ പ്രഥമലക്ഷ്യം.
ഇന്ത്യന്‍ മതേതര ജനാധിപത്യ വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ കണ്ടത്തി തന്റെ ഇടുങ്ങിയ വര്‍ഗീയലക്ഷ്യങ്ങള്‍ക്കു വേണ്ടി എത്രത്തോളം ഫലപ്രദമായി അവയെ ദുരുപയോഗപ്പെടുത്താനാവുമെന്ന് ഗുജറാത്തില്‍ 2002 ലെ ഗോധ്രാ സംഭവങ്ങളെ തുടര്‍ന്ന്  മോഡി തെളിയിക്കുകയുണ്ടായി. ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയനേതാവും ചെയ്തിട്ടില്ലാത്തവിധം നിയമവിരുദ്ധവും ഭീകരവുമായിട്ടാണ് മാധ്യമങ്ങള്‍ വരച്ചു കാട്ടിയത്. ഭരണസംവിധാനം ഉപയോഗിച്ചു വര്‍ഗിയ കൂട്ടക്കൊലകളെ പ്രോത്സാഹിപ്പിക്കാനും, കുറ്റവാളികളെ സംരക്ഷിക്കാനുമായി മോഡിയുടെ ഗുജറാത്ത് സംസ്ഥാന ഭരണകാലത്ത് നടത്തിയതയിട്ടുള്ള ആക്ഷേപം മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ജനത മനസ്സിലാക്കിയിട്ടുണ്ട്. നരേന്ദ്രമോദി കേന്ദ്രാധികാരത്തില്‍ എത്തിയാല്‍ ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ എന്താക്കി മാറ്റും എന്ന ചോദ്യം  ജനാധിപത്യ വിശ്വാസികളായ ഏവരെയും ആശങ്കയിലാക്കിയിരിക്കയാണ്.

ജനാധിപത്യ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതിന്റെ ആവശ്യകത ഇന്ന് നമ്മുടെ രാജ്യത്തിന്റെ ഉന്നതിക്ക് അത്യന്താപേക്ഷിതമായിരിക്കുന്നു.

മൂന്നാം മുന്നണി എന്ന ദീര്‍ഘ  വീക്ഷണവുമായി ഇറങ്ങി പുറപ്പെട്ട സി.പി.ഐ.(എം) ഇപ്പോള്‍ രാഷ്ട്രീയ പാപ്പരത്തിലയിരിക്കുന്നു എന്നതാണ് സത്യം. 2004ല്‍ അഖിലേന്ത്യാ തലത്തില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന കരുത്തും പ്രാധാന്യവും ഇന്നില്ല. എങ്കിലും മതേതര ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കുന്ന കാര്യത്തില്‍ ഒരു പങ്ക് ഇപ്പോഴും ഇടതുപക്ഷത്തിന് വഹിക്കാനാവും. ഉത്തരവാദിത്വം നിര്വാഹിക്കാതെ  ഒരു മൂന്നാംചേരി സൃഷ്ടിക്കുകയാണ് അവര്‍ ചെയ്തിരിക്കുന്നത്.  കഴിഞ്ഞ കാല  അനുഭവങ്ങള്‍ വെച്ചുനോക്കുമ്പോള്‍ മൂന്നാം മുന്നണി  മതേതര ജനാധിപത്യ നിലപാടില്‍ നില്ക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് വലിയ പ്രസക്തിയില്ല എന്ന് തന്നെ പറയാം.

കോണ്ഗ്രസ്സുതന്നെയാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബഹുഭൂരിപക്ഷം ഗ്രാമങ്ങളിലും പോളിങ്ങ് ബൂത്തുകള്‍ ചലിപ്പിക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി . എന്നാല്‍  കോണ്ഗ്രസിന് എല്ലാ സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

മന്‍മോഹന്‍ സിങ് ചിദംബരം കൂട്ടുകെട്ട് നടപ്പിലാക്കിയ സാമ്പത്തികനയം ഇന്ത്യന്‍ സാമ്പത്തീക ഘടനയെ  മൊത്തത്തില്‍ വളര്‍ത്തിയെങ്കിലും, വിപണിയുടെ കയറൂരിവിടുന്ന അവരുടെ സമീപനം അനിയന്ത്രിതമായ വിലക്കയറ്റത്തിലേക്കും, നാണയപ്പെരുപ്പത്തിലെക്കും നയിച്ചു. അഴിമതിയും, സ്തീ പീഡന കേസുകളും കോണ്ഗ്രസ് ഭരിക്കുന്നിടങ്ങളില്‍ വേണ്ടത്ര നീതി പൂര്‍വം തടയാന്‍ കഴിഞ്ഞില്ല എന്നതും, തൊഴിലുറപ്പു പദ്ധതിയും ഭക്ഷ്യരക്ഷാ ബില്ലും പോലുള്ള നടപടികള്‍ കൊണ്ട് ആശ്വാസമേകാന്‍ കഴിയാഞ്ഞതും കോണ്ഗ്രസ്സിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ് നേരിട്ട തകര്ച്ചക്ക് കാരണവും ഇതൊക്കെ ആയിരുന്നു.

കോണ്‍ഗ്രസിലെ  യുവനേതൃത്വം ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണ് കെജ്രിവാളും കൂട്ടരും മാതൃക ആക്കിയത്. അഴിമതിയില്‍  മുങ്ങി നില്ക്കുന്ന  ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിക്കാന്‍ പരസ്പരം അഴിമതി വിരുദ്ധ വെല്ലുവിളികള്‍ നടത്തുന്നതിനു പകരം  അത് പ്രയോഗികമാക്കുവാന്‍ ആം ആദ്മി പാര്‍ട്ടി  ശ്രമിച്ചു. ഹൃസ്വ കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള  ഈ രാഷ്ട്രീയം വളരെ പെട്ടെന്ന് തന്നെ യുവതലമുറയെ ശരിക്കും ആകര്‍ഷിച്ചു. പുതിയ രാഷ്ട്രീയത്തിന്റെ സന്ദേശവും പ്രവര്‍ത്തക ശൈലിയുമൊക്കെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനത്തെ ആകര്‍ഷിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും കഴിഞ്ഞാല്‍ അഖിലേന്ത്യാതലത്തില്‍ സ്വാധീനം ചെലുത്താവുന്ന മൂന്നാമാത്തെ ശക്തിയായി വളര്‍ന്നിരിക്കുന്നു.  മാധ്യമങ്ങള്‍ വഴി ജനത്തെ ആകര്‍ഷിപ്പിക്കുന്ന  ഒരു പ്രവര്‍ത്തന ശൈലി അഖിലേന്ത്യാതലത്തില്‍ വ്യാപിപ്പിക്കാനും ഒരു പരിധി വരെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.
എങ്കില്‍ ശരിയായ രാഷ്രീയ പാരമ്പര്യമോ, വിശാലമായ രാഷ്രീയ ചിന്താഗതിയോ ഇല്ലാതെ വളര്‍ന്നു രാജ്യം മുഴുവന്‍ കോളിളക്കം സൃഷ്ട്ടിച്ച ആം ആദ്മി പാര്‍ട്ടിയിലും നേതാക്കളിള്‍ രാഷ്ട്രീയ തിമിരം ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ഏതെങ്കിലും തരത്തില്‍ ജനാഭിലാഷം പ്രകാശിപ്പിക്കുമെന്ന് കരുതിയ പുതിയ ആം ആദ്മി  രാഷ്ട്രീയകക്ഷി പോലും ലക്ഷങ്ങള്‍ ചിലവാക്കി അത്താഴവിരുന്നുകള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. നേതാവിനൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരുപതിനായിരം രൂപയുടെ ഭക്ഷണകൂപ്പണ്‍ വില്ക്കുന്ന തിരക്കിലാണിപ്പോള്‍.

 ഇന്ത്യയുടെ രാഷ്രീയ ഭാവി ജനങ്ങള്‍ തീരുമാനിക്കട്ടെ. പ്രലോഭനങ്ങള്‍ക്ക്  വഴങ്ങി അഴിമതിക്കാരനെയോ ക്രിമിനലിനെയോ തെരഞ്ഞെടുക്കില്ലെന്ന് വോട്ടര്‍മാര്‍ ദൃഢപ്രതിജ്ഞയെടുക്കണം. ജന നന്മക്കും, രാജ്യത്തിന്റെ വികസനത്തിനും കൊള്ളാവുന്ന രാഷ്രീയ പ്രതിനിധികളെ തെരഞ്ഞെടുക്കണം. വിവേക പൂര്‍വമായ തീരുമാനങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മുടെ സമ്മതിദാനവകാശം വിനയോഗിച്ചാല്‍ ഗാന്ധിജി വിഭാവനം ചെയ്ത ഒരു ഇന്ത്യയെ നമുക്ക്  സമ്മാനിക്കാം.

ജയ് ഹിന്ദ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More