You are Here : Home / USA News

അരനൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കാമ്പസ്‌ സൗഹൃദം പുതുക്കുവാന്‍ അവര്‍ വീണ്ടും ഒത്തുകൂടി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, March 15, 2014 08:07 hrs UTC

ഷിക്കാഗോ: നീണ്ട മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം അവര്‍ വീണ്ടും ഒത്തുകൂടി. തങ്ങളുടെ പൂര്‍വ്വകാല സുഹൃത്തുക്കളെ നേരില്‍ കാണുവാനും, സൗഹൃദം പുതുക്കുവാനും, നേട്ടങ്ങളും വീഴ്‌ചകളും പങ്കുവെയ്‌ക്കുവാനും, അഭിമാനംകൊള്ളുവാനും ആശ്വാസം പകരുവാനും, മധുരസ്‌മരണകള്‍ തങ്ങി നില്‍ക്കുന്ന പൂര്‍വ്വ കലാലയത്തിനു ചുറ്റും കൊച്ചു കുട്ടികളെപ്പോലെ അവര്‍ ചുറ്റിക്കറങ്ങി. ഓര്‍മ്മകള്‍ പങ്കുവെച്ചു, രഹസ്യങ്ങള്‍ കൈമാറി.

കഴിഞ്ഞ അരനൂറ്റാണ്ടുകാലം വ്യത്യസ്‌ത പാതയില്‍ സഞ്ചിരിച്ച്‌ ഇന്നു ഭാരതത്തിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥിരതാമസമാക്കിയ അവര്‍ക്ക്‌ ഏവര്‍ക്കും ഓര്‍ക്കുവാന്‍, അഭിമാനിക്കുവാന്‍, സന്തോഷിക്കുവാന്‍ ഒന്നുമാത്രം- അവരുടെ കോളജ്‌ വിദ്യാഭ്യാസകാലം. മാവേലിക്കര ബിഷപ്‌ മൂര്‍ കോളജില്‍ അവര്‍ ഒരുമിച്ച്‌ പങ്കിട്ട അവരുടെ സുവര്‍ണ്ണകാല ഓര്‍മ്മകള്‍.

ഏതാണ്ട്‌ അര നൂറ്റാണ്ടിനു മുമ്പ്‌ ബിഷപ്പ്‌ മൂര്‍ കോളജ്‌ (1968- 71) ഇക്കണോമിക്‌സ്‌ ക്ലാസിലെ സഹപാഠികളാണവര്‍. 1965-ല്‍ റവ.കെ.സി. മാത്യു അച്ചന്റെ നേതൃത്വത്തില്‍ ഒരു ജൂണിയര്‍ കോളജായാണ്‌ മാവേലിക്കരയുടെ തന്നെ മുഖഛായ മാറ്റിയ ബിഷപ്പ്‌ മൂര്‍ കോളജിന്റെ തുടക്കം. മാവേലിക്കരയില്‍ ഒരു കോളജ്‌ ഉള്ളതുകൊണ്ടു മാത്രമാണ്‌ അവരില്‍ പലര്‍ക്കും അന്ന്‌ കോളജ്‌ വിദ്യാഭ്യാസം പോലും സാദ്ധ്യമായത്‌ എന്ന്‌ ഇന്നവര്‍ ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു. അവരുടെ ജീവിതയാത്രയുടെ തുടക്കവും അവിടെനിന്നു തന്നെയാണ്‌.

രണ്ടുവര്‍ഷം ഹയര്‍ സെക്കന്‍ഡറി അഥവാ പ്രീഡിഗ്രിയും, മുന്നുവര്‍ഷം കൊണ്ട്‌ ധനതത്വശാസ്‌ത്രത്തില്‍ ബിരുദവും സമ്പാദിച്ച്‌ 1971-ലാണ്‌ അവര്‍ ബിഷപ്‌ മൂര്‍ കോളജിന്റെ പിടിയിറങ്ങിയതും, പലരും അവസാനമായി തമ്മില്‍ കാണുന്നതും. അരനൂറ്റാണ്ടിനു മുമ്പുള്ള അവരുടെ കോളജ്‌ വിദ്യാഭ്യാസത്തെക്കുറിച്ച്‌ ഇന്ന്‌ പലര്‍ക്കും അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വിലപ്പെട്ടതും സന്തോഷം പകരുന്നതുമായ കാലഘട്ടങ്ങളാണ്‌.

ലോകപ്രശസ്‌തിയാര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി ജീവിതത്തിന്റെ വിവിധ മണ്‌ഡലങ്ങളില്‍ നേതൃസ്ഥാനങ്ങളില്‍ ശോഭിച്ച പലര്‍ക്കും ബിഷപ്‌ മൂര്‍ കോളജിലെ വിദ്യാഭ്യാസ കാലഘട്ടങ്ങള്‍ പോലെ സന്തോഷവും, സംതൃപ്‌തിയും പകരുന്ന മറ്റൊന്നില്ല.

ടെലിഫോണ്‍, ഇമെയില്‍, ഫെയ്‌സ്‌ബുക്ക്‌ ഒക്കെയായി ലോകമെമ്പാടുമുള്ള തിരച്ചിലിനൊടുവിലാണ്‌ അവരില്‍ പലരേയും തേടിപിടിച്ചത്‌. അമ്പതുപേര്‍ അംഗങ്ങളായ അവരുടെ കുടുംബത്തിലെ മൂന്നുപേര്‍ ഇതിനോടകം കാലത്തിന്റെ യവനികയില്‍ മറഞ്ഞുകഴിഞ്ഞു. അവരോടൊപ്പം ക്ലാസ്‌ വാര്‍ഡന്‍ എലിസബത്ത്‌ മാത്യു ടീച്ചറും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ അവര്‍ തുല്യദു:ഖിതരാണ്‌ എങ്കിലും അവരുടെ സ്‌നേഹത്തിന്റേയും, സൗഹൃദത്തിന്റേയും ഓര്‍മ്മയുടെ മുന്നില്‍ അവര്‍ ഒന്നടങ്കം സന്തുഷ്‌ടരാണ്‌.

ഏതാണ്ട്‌ മൂന്നുവര്‍ഷക്കാലത്തിനു മുമ്പാണ്‌ അവര്‍ ആദ്യമായി ഒത്തുകൂടിയത്‌. ഇടവേളയ്‌ക്കുശേഷം വീണ്ടും കാണാം എന്ന പ്രതിജ്ഞയിലാണ്‌ അന്നവര്‍ യാത്രയായത്‌. അതിനുശേഷം ഒരു കുടുംബംപോലെ ഫോണ്‍, ഇമെയില്‍ എന്നീ ആധുനിക സംവിധാനങ്ങള്‍ മുഖാന്തിരം നിരന്തരം തങ്ങളുടെ വിശേഷങ്ങള്‍ പങ്കിട്ടാണ്‌ അവര്‍ കഴിഞ്ഞുപോന്നത്‌. പലരുടേയും സ്വന്തം കുടുംബത്തിലെ മാതാപിതാക്കളും, കുട്ടികളുമടക്കം എല്ലാവരും ആ കുടുംബത്തിലെ അംഗങ്ങളാണ്‌. ഇടവേളയ്‌ക്കുശേഷം വീണ്ടും ഒത്തുകൂടുമ്പോള്‍ പല കാരണങ്ങളാല്‍ കഴിഞ്ഞ പ്രാവശ്യം എത്തിച്ചേരാന്‍ കഴിയാതിരുന്നവര്‍ക്കും നേരില്‍കാണുവാന്‍ ഒരവസരമായി.

രണ്ടുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒരുക്കങ്ങള്‍ തുടങ്ങിയ ഈ കൂടിവരവിന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബസമേതമാണ്‌ അവര്‍ എത്തിച്ചേര്‍ന്നത്‌. പ്രായത്തിന്റെ പരിമിതികള്‍ അവരില്‍ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്‌ എങ്കിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെയാണ്‌ അവരില്‍ പലരും സമൂഹത്തില്‍ ഇന്നു നിറഞ്ഞു നില്‍ക്കുന്നത്‌.

ധനതത്വശാസ്‌ത്രത്തില്‍ ബിരുദധാരികളായ അവരില്‍ പലരും ബാങ്ക്‌ ജീവനക്കാരും അദ്ധ്യാപകരുമാണ്‌. കൂട്ടത്തില്‍ ഐ.എ.എസുകാര്‍, അഭിഭാഷകര്‍, നീതിപാലകര്‍, വൈദീകര്‍, വീട്ടമ്മമാര്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരുണ്ട്‌. ജീവിതസായാഹ്നത്തിലെ സാമൂഹ്യ-സാംസ്‌കാരിക തിരക്കിനിടയിലും ഈ കൂടിവരവിന്‌ സമയം കണ്ടെത്തിയത്‌ അവരുടെ സ്‌നേഹബന്ധത്തിന്റെ ആഴം വെളിവാക്കുന്നു.

ആദ്യദിവസം പൂര്‍വ്വ കലാലയത്തില്‍ ഒത്തുകൂടിയ അവര്‍ തുടര്‍ദിവസങ്ങളില്‍ കേരളത്തിന്റെ മലയോര സൗന്ദര്യം നുകരുവാന്‍ തേക്കടി, ഇടുക്കി തുടങ്ങിയ മലയോര പ്രദേശങ്ങളും, ദൈവത്തിന്റെ സ്വന്തം നാട്ടിലെ കായലോര സൗന്ദര്യങ്ങള്‍ ആസ്വദിക്കുവാന്‍ കുട്ടനാട്ടിലും സമയം ചെലവഴിച്ച്‌ മനസ്സു നിറയെ ഓര്‍മ്മകളുമായാണ്‌ മടക്കയാത്ര നടത്തിയത്‌.

വീണ്ടും കാണാമെന്ന പ്രതിജ്ഞയുമായി പിരിഞ്ഞുപോകുമ്പോള്‍ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ, സംതൃപ്‌തിയുടെ അനുഭവങ്ങള്‍ അവരില്‍ നിറഞ്ഞുനിന്നിരുന്നു. ഒന്നിച്ചുകൂടി കഥകള്‍ പറഞ്ഞ്‌ അനുഭവങ്ങള്‍ പങ്കുവെച്ച്‌ സംതൃപ്‌തിയോടെ പിരിഞ്ഞുപോകുമ്പോള്‍ പലരുടേയും കണ്ണുകള്‍ നിറയുന്നത്‌ കാണാമായിരുന്നു.

ആരും ആരില്‍ നിന്നും ഒന്നും ആഗ്രഹിക്കാതെ, അവകാശപ്പെടാത്ത അവരുടെ കുടുംബം ഇന്നു സമ്പന്നമാണ്‌, സന്തുഷ്‌ടമാണ്‌. ജീവിതസായാഹ്നത്തില്‍ വീണ്ടും ഒത്തുചേര്‍ന്ന അവരുടെ കുടുംബത്തില്‍ പരാതികളില്ല, പരിഭവങ്ങളില്ല, പിണക്കങ്ങളില്ല, പിന്നെയോ സന്തോഷവും, സൗഹൃദവും, സംതൃപ്‌തിയും മാത്രം. ഓര്‍മ്മയുള്ള കാലത്തോളം അവരുടെ ഒത്തൊരുമയും മധുരിക്കുന്ന ഓര്‍മ്മകളും അവരില്‍ നിലനില്‍ക്കും. വീണ്ടും കണ്ടുമുട്ടുവാന്‍ കാത്തിരിക്കും എന്ന പ്രതിജ്ഞയോടെയാണ്‌ അവര്‍ മടക്കയാത്രയായത്‌.

റോയി ചിക്കാഗോ (റവ.ഡോ. മാത്യു പി. ഇടിക്കുള, വികാരി, എപ്പിസ്‌കോപ്പല്‍ ഡയോസിസ്‌ ഓഫ്‌ ചിക്കാഗോ) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.