You are Here : Home / USA News

മലയാളികള്‍ക്ക്‌ ഒട്ടേറെ ദുഖവാര്‍ത്തകളുമായി 2014

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 10, 2014 10:14 hrs UTC

 

ന്യൂജേഴ്‌സി: 2014 അമേരിക്കന്‍ മലയാളികള്‍ക്ക്‌ ശാപവര്‍ഷമോ? ജീവിതത്തിന്റെ വസന്തത്തിലേക്ക്‌ പ്രവേശിക്കാന്‍ കാത്തിരിക്കുന്ന ഒട്ടേറെ യുവപ്രതിഭകളെയാണ്‌ 2014-ന്റെ ആദ്യ രണ്ടുമാസക്കാലം കവര്‍ന്നെടുത്തിരിക്കുന്നത്‌. ജനുവരിയുടെ തുടക്കത്തില്‍ രണ്ട്‌ മലയാളി യുവാക്കളടക്കം നാല്‌ ഇന്ത്യക്കാരുടെ ദാരുണ മരണത്തോടെ ദുരന്തങ്ങള്‍ക്ക്‌ തുടക്കമായി. ഫ്‌ളോറിഡയിലെ ഒരു ഹൈവേയിലൂടെ വണ്ടി ഓടിച്ചിരുന്ന നാലു യുവാക്കളെ എതിര്‍ദിശയിലൂടെ തെറ്റായി വാഹനം ഓടിച്ചുവന്ന ഡ്രൈവര്‍ ഇടിച്ച്‌ തെറുപ്പിക്കുകയായിരുന്നു. ഫ്‌ളോറിഡയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ദുഖാര്‍ത്തരാക്കിയപ്പോള്‍, മറ്റൊരു സംഭവം ഷിക്കാഗോയില്‍ അരങ്ങേറി. രാവിലെ നടക്കാനിറങ്ങിയ യുവ ഡോക്‌ടറെ കാറിടിച്ച്‌ പരിക്കേല്‍ക്കുകയും, തുടര്‍ന്ന്‌ മരണം സംഭവിക്കുകയും ചെയ്‌തു.

ഇവിടെയും തീര്‍ന്നില്ല മലയാളികളുടെ ദുഖവാര്‍ത്തകള്‍. ന്യൂജേഴ്‌സിയിലെ ഒരു ഹൈവേയിലൂടെ യാത്ര ചെയ്‌തിരുന്ന യുവ ഡോക്‌ടര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. വീണ്ടും ഷിക്കാഗോയെ ഞെട്ടിച്ചുകൊണ്ട്‌ കോളജ്‌ വിദ്യാര്‍ത്ഥിയായ പ്രവീണ്‍ വര്‍ഗീസിന്റെ സംശയാസ്‌പദമായ മരണം. വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍, ന്യൂയോര്‍ക്കില്‍ നിന്നും ഫ്‌ളോറിഡയില്‍ നിന്നും കാണാതായ രണ്ട്‌ മലയാളി കോളജ്‌ വിദ്യാര്‍ത്ഥികളുടെ തിരോധാനമാണ്‌ അമ്പരപ്പിക്കുന്നത്‌.

ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റിലെ കോളജ്‌ വിദ്യാര്‍ത്ഥിനിയായ ജാസ്‌മിന്‍ ജോസഫിനെ ഫെബ്രുവരി 24 മുതല്‍ കാണാതായി. മാതാപിതാക്കളായ സോണി ജോസഫും, ലൗലിയും മകളുടെ മടങ്ങിവരവിനായി കഴിഞ്ഞ 15 ദിവസമായി കണ്ണീരോടെ കാത്തിരിക്കുന്നു.

ഇപ്പോള്‍ ഒടുവിലിതാ മറ്റൊരു ദുഖവാര്‍ത്തകൂടി. ആല്‍ബനിയിലെ ജോസ്‌ ജോര്‍ജിന്റേയും, ഷേര്‍ളി ജോസിന്റേയും പുത്രന്‍ റെനി ജോസിനെ ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ നിന്നും കാണാതായിരിക്കുന്നു. ദുഖാര്‍ത്തരായ ജോസും ഷേര്‍ളിയും വേദന ഉള്ളിലൊതുക്കി ഉറക്കമിളച്ച്‌ തങ്ങളുടെ പുത്രന്‍ ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

പലപ്പോഴും ഉപരിപഠനത്തിനായും ജോലിക്കായും മക്കള്‍ യാത്ര ചെയ്യുന്ന മാതാപിതാക്കളുടെ സങ്കടം, വിതുമ്പല്‍ എയര്‍പോര്‍ട്ടുകളിലും, ട്രെയിന്‍ സ്റ്റേഷനുകളിലും നാം കാണാറുണ്ട്‌. കുറച്ചു ദിവത്തെ വേര്‍പാടുപോലും താങ്ങാന്‍ കഴിയാത്ത മാതാപിതാക്കള്‍. മകനെ അല്ലെങ്കില്‍ മകളെ കാണാതെവരുമ്പോഴുള്ള ദുഖത്തിന്റെ വ്യാപ്‌തി എത്രയോ വലുതാണ്‌.

നമുക്ക്‌ പ്രവാസി മലയാളികള്‍ക്ക്‌ ഒത്തൊരുമിച്ച്‌ മരണമടഞ്ഞ യുവതീ യുവാക്കളുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങള്‍ക്ക്‌ ധൈര്യവും ആശ്വാസവും പകരുവാന്‍ ശ്രമിക്കാം. അതുപോലെ കാണാതായ ജാസ്‌മിനേയും റെനിയേയും കണ്ടെത്താനുള്ള മാതാപിതാക്കളുടെ പരിശ്രമത്തില്‍ പങ്കാളികളാകാം. അവരെ കണ്ടെത്തുവാനായി ഒത്തൊരുമയോടെ ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും കൂട്ടായി പ്രാര്‍ത്ഥിക്കാം.
അനിയന്‍ ജോര്‍ജ്‌, ന്യൂജേഴ്‌സി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.