You are Here : Home / USA News

എസ്‌.എം.സി.സി ദേശീയ നേതൃത്വം 2014-15 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, February 23, 2014 11:39 hrs UTC

ഷിക്കാഗോ: പ്രസിഡന്റ്‌ സിറിയക്‌ കുര്യന്‍ മാളിയേക്കലിന്റെ നേതൃത്വത്തില്‍, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (നോര്‍ത്ത്‌ അമേരിക്ക) ദേശീയ നേതൃത്വം 2014- 15 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഭാവി പരിപാടികളുടെ രൂപരേഖ തയാറാക്കുകയും ചെയ്‌തു. എസ്‌.എം.സി.സി വൈസ്‌ പ്രസിഡന്റുമാരായ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, ബോസ്‌ കുര്യന്‍, ജനറല്‍ സെക്രട്ടറി അരുണ്‍ ദാസ്‌ എന്നിവരും വിവിധ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും, അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെയ്‌ക്കുകയും ചെയ്‌തു.

എസ്‌.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിക്കേണ്ട വ്യക്തമായ ദിശാബോധം പ്രസിഡന്റ്‌ സിറിയക്‌ കുര്യന്‍ അവതരിപ്പിച്ചു. എസ്‌.എം.സി.സിയുടെ സഭയിലെ അത്മായശാക്തീകരണം സാധ്യമാക്കുകയെന്നതും അതിനായി ഷിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും എസ്‌.എം.സി.സിയുടെ ചാപ്‌റ്ററുകള്‍ തുടങ്ങുവാനുള്ള ശ്രമങ്ങള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അതോടൊപ്പംതന്നെ അമേരിക്കയുടെ സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലകളില്‍ സജീവമാകുകയും, നേതൃനിരയിലേക്ക്‌ ഉയരാന്‍ ശ്രമിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ പ്രോത്സാഹിപ്പിക്കാനും എസ്‌.എം.സി.സി ശ്രമിക്കുമെന്ന്‌ അദ്ദേഹം എടുത്തുപറയുകയുണ്ടായി.

തുടര്‍ന്ന്‌ എസ്‌.എം.സി.സിയുടെ വിവിധ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ഈ കമ്മിറ്റികള്‍ മുന്നോട്ടുവെയ്‌ക്കുന്ന ലക്ഷ്യങ്ങളും, പ്രവര്‍ത്തനപരിപാടികളും അവതരിപ്പിച്ചു. എസ്‌.എം.സി.സിയുടെ കീഴില്‍ 6 കമ്മിറ്റികളാണ്‌ സജീവമായി പ്രവര്‍ത്തിക്കുന്നത്‌.

ബാബു ചാക്കോ (ചാരിറ്റബിള്‍ അഫയേഴ്‌സ്‌), ബനീജ ചെറു (സോഷ്യല്‍, കള്‍ച്ചറല്‍ അഫയേഴ്‌സ്‌), ജയിംസ്‌ കുരീക്കാട്ടില്‍ (പബ്ലിക്‌ റിലേഷന്‍സ്‌), എല്‍സി വിതയത്തില്‍ (ഫാമിലി അഫയേഴ്‌സ്‌), സജി സക്കറിയ (യൂത്ത്‌), മാത്യു പൂവന്‍ (എഡ്യൂക്കേഷന്‍, റിസര്‍ച്ച്‌) എന്നിവരുടെ നേതൃത്വത്തിലാണ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക.

എസ്‌.എം.സി.സി സീറോ മലബാര്‍ സഭാംഗങ്ങളായ യുവജനങ്ങളുടെ ഒരു കൂട്ടായ്‌മ രൂപീകരിക്കാനും, അവര്‍ക്കാവശ്യമായ നേതൃത്വപരിശീലനങ്ങള്‍ നല്‍കാനും ശ്രമിക്കുമെന്ന്‌ യൂത്ത്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജി സക്കറിയ അറിയിച്ചു. പബ്ലിക്‌ റിലേഷന്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച്‌ സംസാരിച്ച ജയിംസ്‌ കുരീക്കാട്ടില്‍, എസ്‌.എം.സി.സി ഉടന്‍ പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സഭാംഗങ്ങളിലേക്കെത്തിക്കുന്നതിനായി വര്‍ഷത്തില്‍ മൂന്നുതവണ എസ്‌.എം.സി.സി ന്യൂസ്‌ ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള പദ്ധതികളും അവതരിപ്പിച്ചു.

എസ്‌.എം.സി.സിക്കുവേണ്ടി ദേശീയതലത്തില്‍ നടത്താനിരിക്കുന്ന കള്‍ച്ചറല്‍, സോഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ ബനീജ ചെറു അവതരിപ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ആഴമേറിയ സൗഹാര്‍ദ്ദം അംഗങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവും അവര്‍ അറിയിച്ചു.

2014- 15 വര്‍ഷങ്ങളില്‍ ചാരിറ്റി കമ്മിറ്റി കൂടുതല്‍ ശ്രദ്ധയൂന്നുന്നത്‌ അമേരിക്കയില്‍ തന്നെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലായിരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എസ്‌.എം.സി.സിയുടെ ഒരു പ്രധാന പ്രവര്‍ത്തനമേഖലയായിരിക്കുമെന്നും പ്രസിഡന്റ്‌ സിറിയക്‌ കുര്യന്‍ എടുത്തുപറഞ്ഞു. ട്രഷറര്‍ സിജില്‍ പാലയ്‌ക്കലോടി ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. പി.ആര്‍.ഒ ജയിംസ്‌ കുരീക്കാട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.