You are Here : Home / USA News

വിചാരവേദിയില്‍ കഥ-കവിതകളുടെ ചര്‍ച്ചാസംഗമം

Text Size  

Story Dated: Saturday, January 18, 2014 10:07 hrs UTC

വാസുദേവ് പുളിയ്ക്കല്‍

വിചാരവേദിയുടെ ഈ മാസത്തെ സാഹിത്യസദസ്സ് കെ. സി. എ. എന്‍. എ. യില്‍ കെ. കെ. ജോണ്‍സന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. സാംസി കൊടുമണ്ണിന്റെ 'കാലന്‍ കോഴികള്‍' എന്ന ചെറുകഥയും വാസുദേവ് പുളിക്കലിന്റെ 'നുറുങ്ങ് കവിതകളും ചര്‍ച്ച ചെയ്യപ്പെട്ടു. ഷീല ടീച്ചര്‍ ഡോ. ഷീബ ജോസഫിന്റെ  കന്നിക്കവിത ചൊല്ലിക്കാണ്ടാണ് യോഗം ആരംഭിച്ചത്. തുടര്‍ന്ന് കെ. കെ. ജോണ്‍സന്‍ കരീപ്പുഴയുടെ ഒരു കവിതയും  ചൊല്ലി.

സമൂഹത്തോട് കാര്യമാത്രപ്രസക്തമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രമെ താന്‍ എഴുതാറുള്ളൂ എന്ന് സാംസി കൊടുമണ്‍ സാധാരണ പറയാറുള്ളത് അന്വര്‍ത്ഥമാക്കുന്നതാണ് 'കാലന്‍ കോഴികള്‍' എന്ന കഥ. സമൂഹത്തിന്‍ നടക്കുന്ന സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് താന്‍ കണ്ടെത്തിയ സംഗതികള്‍ നട്ടെല്ലു വളക്കാതെ നിര്‍ഭയം മറ്റു പല കഥകളിലേയും പോലെ ഈ കഥയിലും ആവിഷ്‌കരിച്ചിരിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ സാംസി കൊടുമണ്‍ വേറിട്ടു നില്‍ക്കുന്ന ഒരു കാഥാകരനായി മാറുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക്  മുമ്പ് നടന്ന സംഭവങ്ങളാണ് ഈ കഥയില്‍ പ്രതിപാദിച്ചിരിക്കുന്നതെങ്കിലും വര്‍ത്തമാനകാലത്തിന്റെ പ്രതീതി ഉളവാക്കുന്ന ആവിഷ്‌കാരഭഗിയുള്ളതാണ് ഈ കഥ.

മൂല്യച്യൂതിയില്‍ അകപ്പെട്ടു പോയ കുരിശുപിടിക്കുന്ന ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയില്‍ കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് ദുഃഖത്തില്‍ കഴിയുന്ന ആലീസ്, അവളുടെ ഒരേ ഒരു മകനെക്കൂടെ കൊണ്ടു പോകാന്‍ ഗൂഢാലോചനകള്‍ നടക്കുന്നുവോ എന്ന സംശയത്തില്‍ കൂടുതല്‍ അസ്വസ്ഥയാകുന്നു. കാലന്‍ കോഴികളുടെ കൂവല്‍ കേട്ട് ആലീസ് ഭയവിഹ്വലയാകുന്നു.

ആലീസിലൂടെയും സണ്ണിയിലൂടേയും കുടുംബജീവിതത്തിന്റെ മധുരിമ കഥകൃത്ത് കോറിയിട്ടിരിക്കുന്നത് അഭിനന്ദിക്കപ്പെട്ടു. വളരെ ഗൗരവമായ ഒരു വിഷയത്തിന്റെ ചര്‍ച്ചക്കിടയില്‍  ആലീസും സണ്ണിയും തമ്മിലുണ്ടായ പ്രേമത്തിന്റെ കഥ കൊണ്ടു വന്നത് പ്രമേയത്തിന്റെ ശക്തി ക്ഷയിപ്പിച്ചു എന്ന അഭിപ്രായം ഒരു വശത്തുണ്ടായപ്പോള്‍  മറുഭാഗത്ത് അനുകൂലമായ അഭിപ്രായമാണുണ്ടായത്. വായനക്കാരുടെ മനസ്സിന്റെ പിരിമുറക്കത്തിന് ഒരു അയവു വരുത്തി മനസ്സ് ഒന്ന് തണുപ്പിക്കാന്‍ അത് സഹായകമായെന്നും പേരമരവും ഗ്രാമീണ ഭംഗിയും വര്‍ണ്ണിച്ചിരിക്കുന്നത് വായനക്കാരുടെ മനസ്സില്‍ മായാതെ നില്‍ക്കുമെന്നും അഭിപ്രായപ്പെട്ടു.

പള്ളിവഴക്കു മൂലം നിരപരാധികളായ സഭാംഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകള്‍ ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുന്നു. തന്റെ മാതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ തടസ്സമുണ്ടായപ്പോള്‍ അവയെല്ലാം മറികടന്ന് കഥാനായകന്‍ സണ്ണി മാതാവിന്റെ ശവസംസ്‌കാരം നടത്തുന്നത് പുളകത്തോടെ വായിക്കും. ബൈബിള്‍ വചനങ്ങളെ പുനര്‍ജ്ജീവിപ്പിച്ച് തത്വദീക്ഷയില്ലാതെ ജനങ്ങളെ പീഡിപ്പിക്കുന്നതിന്റെ സമര്‍ത്ഥമായ ചിത്രീകരണമുണ്ട് ഈ കഥയില്‍. 'പള്ളി വിട്ടുപോയാലുമുണ്ട് ശാന്തി' എന്ന രാജൂ തോമസ്സിന്റെ കവിതാശകലം അനുസ്മരിപ്പിക്കുന്ന  ഒരേട് ഭാവനയും ജീവിതവും ഉൂടും പാവും ചേര്‍ത്ത് എഴുതിയപ്പോള്‍ കാലന്‍ കോഴികള്‍ മനോഹരമായ ഒരു കലാശില്‍പമായി.

ചെറുകഥയില്‍ കഥാപാത്രത്തിന് വികാസമില്ല. എന്നാല്‍  ഈ കഥ മുന്നേറുന്നതനുസരിച്ച് വികാസം പ്രാപിക്കുന്ന കഥാപാത്രമാണ് ആലീസ്. അംഗീകാരത്തിന്റെ (ജനനി അവാര്‍ഡ്) കഥയാണിത്. സഭാവിശ്വാസികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് സഭക്കുവേണ്ടി ചാവേറുകളാകാന്‍ പ്രേരിപ്പിക്കുന്നതിന്റെ സത്യസന്ധമായ ഒരു അപഗ്രന്ഥനമാണ് ഈ കഥ. അടിച്ചേല്പിക്കപ്പെട്ട വിശ്വാസങ്ങളില്‍ സാര്‍വ്വലൗകികതയുടെ കാഴ്ചപ്പാട് ഈ കഥയില്‍ തെളിഞ്ഞു കാണാം. മതം വിഷമായത് ആവിഷ്‌കാര ഭംഗിയാടെ അവതരിപ്പിച്ചിരിക്കുന്നത് വായനക്കാരുടെ ഹൃദയം കവരുന്നു. അനീതികള്‍ക്കെതിരെ പൊരുതാന്‍ പേടിച്ചു നില്ക്കുന്ന സഭാംഗങ്ങള്‍ തന്നെയാണ് സഭാനേതാക്ക•രാക്കോള്‍ കുറ്റക്കാരെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.

നുറുങ്ങു കവിതകളോരോന്നും ദാര്‍ശനികമായ സമസ്യയാണ് എന്ന അഭിപ്രായത്തോടെയാണ് വാസുദേവ് പുളിക്കലിന്റെ നുറുങ്ങു കവിതകളെ പറ്റിയുള്ള ചര്‍ച്ച ആരംഭിച്ചത്. സ്വപ്നം എവിടെ നിന്ന് വരുന്നു എന്നറിയില്ല എന്നത് വായനക്കാരെ കൂടുതല്‍ ചിന്തിപ്പിക്കുന്നു. പ്രതീക്ഷകളെ കാലം തല്ലിക്കൊഴിക്കുന്നു. പ്രതീക്ഷകള്‍ നൂറു ശതമാനവും സഫലീകൃതമാവുന്നില്ല. കാത്തിരുന്നാലും ഒന്നും നേടാന്‍ കഴിഞ്ഞെന്നു വരില്ല. കതിര്‍മണികള്‍ പോലെ എല്ലാം കൊഴിഞ്ഞു പോകുന്നു. അവിടേയും വേദനിപ്പിക്കുന്ന ഒരു ചോദ്യമുണ്ട്. നിരന്തരമായ കാത്തിരിപ്പുകൊണ്ട് പ്രയോജനമൊന്നുമില്ലേ എന്ന ചോദ്യം. റോബര്‍ട്ട് ബ്രൗണിങ്ങിന്റെ നാലു വരി കവിത ഓര്‍ക്കുന്നത് നന്നായിരിക്കും.

Our reach should exceed our grasp
or what is a heaven for?
grow old along with me
the best is yet to be.


നമ്മുടെ കഴിവുകള്‍ക്കപ്പുറത്തായിരിക്കണം നമ്മുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും. ആദര്‍ശങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ ഫലിച്ചു എന്നു വരില്ല. ആദര്‍ശങ്ങളുടെ ചൂട്ട് വഴി കാണിക്കാന്‍ ആവശ്യമാണെങ്കിലും അത് ജീവിതത്തില്‍ പരിഭ്രമങ്ങള്‍ ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായെന്നു വരും. ധര്‍മ്മം ജയിക്കും. എങ്ങനെ? ധര്‍മ്മാധിഷ്ടിതമായ ജീവിതം നയിക്കുമ്പോള്‍ സത്യം ജയിക്കുമെന്നാണ്. കവിയുടെ ദാര്‍ശനിക ഭാവം കവിതയിലുടനീളം തെളിഞ്ഞു കാണാം. ഉത്തമഗീതത്തിലെ മഹത്‌വചനങ്ങളിലൂടെ കടന്നു പോകുന്ന പ്രതീതി പുളിക്കലിന്റെ കവിതകള്‍ ഉളവാക്കുന്നുണ്ട് എന്ന അഭിപ്രായവുമുണ്ടായി. ഒരു സ്വപ്നവും കണ്ടില്ല എന്നു പറയുമ്പോള്‍ അത് ഒരു പ്രഹേളികയാണ്.

ഈ നുറുങ്ങു കവിതകളില്‍ ഉടനീളം നുറുങ്ങു സത്യങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട്. അത് നമ്മേ ആകര്‍ഷിക്കുന്നു, ആനന്ദിപ്പിക്കുന്നു. പ്രതീക്ഷകളാണ് നമ്മേ നിലനിര്‍ത്തുന്നത്. അതിന് കാത്തിരിപ്പിന്റെ ആവശ്യമുണ്ട്. സ്വ്പനങ്ങളാണ് നമ്മേ മുന്നോട്ട് നയിക്കുന്നത്. അതിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിച്ചാല്‍ സാധിച്ചു എന്നു വരില്ല. സ്‌നേഹം വിഘടിക്കുമ്പോള്‍ മനുഷ്യര്‍ക്ക് തിക്താനുഭവങ്ങളുണ്ടാകുന്നു. നമ്മേ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കുറെ സത്യങ്ങള്‍ നിരത്തി വച്ചിട്ടുണ്ട് ഈ നുറുങ്ങു കവിതകളില്‍. ദൈവത്തെ കാണാന്‍ ഉറക്കമിളച്ചിരുന്നിട്ടും കണ്ടില്ല എന്നു പറയുന്നതുപോലെയാണ് സ്വപ്നം. മതം കാട്ടുന്ന ഓലപ്പാമ്പാണ് പാപം എന്ന കവിയുടെ നിലപാടിനോട് വിയോജിപ്പ് പ്രകടപ്പിച്ചുകൊണ്ടുള്ള അഭിപ്രയവുമുണ്ടായി. പാപമോക്ഷമല്ല ജീവിതം, പാപത്തെ കഴുകിക്കളയലാണ്.

 രാജൂ തോമസ്, സാംസി കൊടുമണ്‍, വര്‍ഗ്ഗീസ് ചുങ്കത്തില്‍, കെ. കെ. ജോണ്‍സന്‍, ഡോ. എന്‍. പി. ഷീല, മോണ്‍സി കൊടുമണ്‍, തോമസ് വര്‍ഗ്ഗീസ്, വാസുദേവ് പുളിക്കല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്.

താന്‍ ഒരു മതത്തിന്റേയും വിരോധിയല്ല, മനസ്സില്‍ പതിഞ്ഞ കാര്യങ്ങള്‍ സത്യസന്ധമായി ആവിഷ്‌കരിക്കുകയാണ് ചെയ്തത്, ഇടയിലെ പ്രേമകഥ മനഃപൂര്‍വ്വം തള്ളിക്കയറ്റിയതല്ല, അത് നൈസര്‍ഗ്ഗികമായി ഉരുത്തിരിഞ്ഞതാണ് എന്ന് സാംസി കൊടുമണ്ണൂം, പാപത്തെ പറ്റിയും മ•ൂലമുണ്ടാകുന്ന ശിക്ഷയെപ്പറ്റിയും പറഞ്ഞ്  പേടിപ്പിച്ച് വിശ്വാസികളെ മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്ന സബ്രദായത്തിന്റെ വെളിച്ചത്തില്‍ പാപം മതം കാണിക്കുന്ന ഓലപ്പാമ്പാകുമെന്ന് വാസുദേവ് പുളിക്കലും വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.