You are Here : Home / USA News

എങ്ങോട്ടു മാറാനും മടിയില്ലാത്ത നിലപാടുമായി 'ബല്ലാത്ത പഹയന്‍'

Text Size  

Story Dated: Monday, October 14, 2019 03:04 hrs UTC

 
 
എഡിസണ്‍, ന്യൂജഴ്സി: 'വാര്‍ത്തകളുടെ ഉള്ളടക്കം- സൃഷ്ടിയും അവതരണവും' എന്ന വിഷയത്തെപ്പറ്റി ബ്ലോഗറും അമേരിക്കന്‍ മലയാളിയുമായ വിനോദ് നാരായണ്‍ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സമ്മേളനത്തില്‍ അവതരിപ്പിച്ച ചര്‍ച്ച ശ്രദ്ധേയമായി.

സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമ്പോള്‍ അണ്ണാക്കില്‍ മീന്‍മുള്ള് കുടുങ്ങിയത് സംബന്ധിച്ച് താന്‍ ഇറക്കിയ വീഡിയോ പ്രശ്നമായി. മീന്‍ മുള്ള് കുടുങ്ങിയത് സുരേഷ് ഗോപിയുടെ അണ്ണാക്കിലല്ല. സുരേഷ് ഗോപിയോടും മീനിനോടും ഒക്കെ ക്ഷമാപണം നടത്തി വേറെ വീഡിയോ ഇട്ടു.

തനിക്ക് ഒരു നിലപാടും ഇല്ല. മാനവീകത എന്നതാണ് ആകെയുള്ള നിലപാട്. അതിനു അനുകൂലമായി ആര് നില്‍ക്കുന്നുവോ അവരുടെ കൂടെ കൂടും. അതിനാല്‍ കമ്മി, സുഡാപ്പി, സംഘി എന്നൊക്കെ വിളിക്കപ്പെടുന്നു. ഇടത്തും വലത്തും സെന്ററുമൊക്കെയായി നിറം മാറാന്‍ തനിക്കു ഒരു വിഷമവുമില്ല.

ജോളി സംഭവത്തില്‍ വലിയ റിപ്പോര്‍ട്ടിംഗ് നടക്കുമ്പോള്‍ ചിന്തിക്കേണ്ട വിഷയം സ്ത്രീ സ്വാതന്ത്ര്യം എന്നാണ് തനിക്ക് തോന്നുന്നത്.

കാട്ടില്‍ മരം വീണാലും വാര്‍ത്തയുണ്ട്. നഗരത്തില്‍ മരം ഇല്ലല്ലൊ. കാട്ടിലെ മരങ്ങള്‍ വീഴുമ്പോള്‍ കാലാവസ്ഥ മാറുന്നു. നമ്മെ ബാധിക്കുന്നു. ജനജീവിതത്തെ ബാധിക്കുന്നതാണ് വാര്‍ത്ത.

എല്ലാവരും താന്‍ പറയുന്നതു അംഗീകരിക്കണമെന്നോ തന്നെ വിമര്‍ശിക്കരുതെന്നോ ഉള്ള ഒരഭിപ്രായവും തനിക്കില്ല- അദ്ദേഹം പറഞ്ഞു.

റേറ്റിംഗിന്റെ പ്രാധാന്യം മാതൃഭൂമി ടിവിയുടെ വേണു ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അതു മാത്രമല്ല മാനദണ്ഡം. ഉദാഹരണത്തിനു ബജറ്റ് സംബന്ധിച്ച വാര്‍ത്തയ്ക്ക് റേറ്റിംഗ് ഉണ്ടാവില്ല. ദേശീയ പ്രാധാന്യമുള്ള വിഷയത്തിനും അതാകും സ്ഥിതി. എന്നാല്‍ ദേശീയതയെപ്പറ്റി വാര്‍ത്തയോ ചര്‍ച്ചയോ വന്നാല്‍ വലിയ റേറ്റിംഗ് കിട്ടുമെന്നതാണ് സ്ഥിതി.

സോഷ്യല്‍ മീഡിയ എടുക്കുന്ന സ്വാതന്ത്ര്യം ടിവി, പ്രിന്റ് തുടങ്ങിയ റിയല്‍ മീഡിയ എടുക്കാറില്ലാത്തത് ഉത്തരവാദിത്വബോധം കൊണ്ടാണെന്നു മനോരമ ടിവി ഡയറക്ടര്‍ ജോണി ലൂക്കോസ് ചൂണ്ടിക്കാട്ടി. ആര്‍ട്ട് സിനിമയും കൊമേഴ്സ്യല്‍ സിനിമയും തമ്മിലുള്ള വ്യത്യാസമാണവിടെ. കൊമേഴ്സ്യല്‍ സിനിമയിലെ മസാലകള്‍ ആര്‍ട്ട് സിനിമയില്‍ ചേര്‍ക്കാനാവില്ല.

വാര്‍ത്തയുടെ പ്രാധാന്യം മാത്രമല്ല അത് അവതരിപ്പിക്കുന്ന രീതിയും പ്രധാനം തന്നെ. അവതാരകനും ഒരു പെര്‍ഫോമര്‍ തന്നെ. അഭിമുഖത്തില്‍ താന്‍ സൗമ്യമായി കാര്യങ്ങള്‍ ചോദിച്ച് ലക്ഷ്യത്തിലെത്താനാണ് ശ്രമിക്കുന്നത്. ചിലര്‍ കടുത്ത രീതിയില്‍ ആയിരിക്കും അതു ചെയ്യുന്നത്. അതു മോശമെന്നു പറയാനാവില്ല.

ഗോവിന്ദ ചാമിയെപ്പറ്റിയുള്ള തന്റെ വീഡിയോ വൈറലായത് വിനോദ് നാരായണ്‍ ചൂണ്ടിക്കാട്ടി. അത് പുനര്‍നിര്‍മ്മിക്കാന്‍ തനിക്ക് കഴിഞ്ഞു എന്നു വരില്ല. അതുപോലെ നിരന്തരം ആളുകളെ ചീത്ത പറയുക തന്റെ ജോലി അല്ല.

ശബരിമല പ്രക്ഷോഭ സമയത്ത് ജനം ടിവിയുടെ വ്യൂവര്‍ഷിപ്പ് കൂടിയത് സമൂഹം പോളറൈസ്ഡ് ചെയ്യപ്പെട്ടതുകൊണ്ടാണെന്നു ഏഷ്യാനെറ്റി ടിവി ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. വ്യക്തിപരമായി ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാമെന്നതാണ് തന്റെ നിലപാട്. ഈ പ്രശ്നത്തില്‍ ആലോചനാപൂര്‍വ്വം ഏഷ്യാനെറ്റ് വ്യക്തമായ നിലപാട് എടുക്കുകയായിരുന്നു.

എല്ലാവര്‍ക്കും യുട്യൂബ് ചാനലും ഫേസ്ബുക്ക് പേജും വേണമെന്നും അതില്‍ പ്രോഗ്രാം ചെയ്യണമെന്നും വിനോദ് നാരായണ്‍ നിര്‍ദേശിച്ചു. എന്നാണത് വളരുക എന്നു പറയാനാവില്ല.

അനിലാല്‍ ശ്രീനിവാസനും ബിജു സഖറിയയുമായിരുന്നു മോഡറേറ്റര്‍മാര്‍.  

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.