You are Here : Home / USA News

വൈലോപ്പിള്ളി ദുര്‍മേദസ്സില്ലാത്ത ശക്തമായ ശൈലിയുടേയും ഊര്‍ജ്ജത്തിന്റേയും മഹാകവി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 19, 2013 11:47 hrs UTC

ഗാര്‍ലാന്റ്(ടെക്‌സസ്): ജി.ശങ്കരകുറിപ്പിന്റെ മിസ്റ്റിസിസമോ, ഇടപ്പള്ളിയുടെയും, ചങ്ങംമ്പുഴയുടേയും വിഷാദാത്മകതയോ അല്പം പോലും തീണ്ടിയിട്ടില്ലാത്ത മഹാകവിയായിരുന്നു വൈലോപ്പിള്ളിയെന്ന് അമേരിക്കയിലെ സുപ്രസിദ്ധ സാഹിത്യക്കാരനും, കവിയും, നിരൂപകനുമായ ശ്രീ.ജോസഫ് നമ്പിമഠം പറഞ്ഞു. കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് ഗാര്‍ലന്റിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ ഒക്‌ടോബര്‍ 14 ഞായറാഴ്ച സംഘടിപ്പിച്ച വൈലോപ്പിള്ളി കവിതകളെക്കുറിച്ചുള്ള സിംമ്പോസിയത്തില്‍ മുഖ്യ പ്രസംഗം നിര്‍വ്വഹിക്കുകയായിരുന്നു ശ്രീ.നമ്പിമഠം. അടിസ്ഥാന വര്‍ഗ്ഗ വിവേചനത്തിന് സാഹിത്യവും സാഹിത്യക്കാരനും ചട്ടുകമാകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സോഷ്യലിസ്റ്റ് റിയലിസം എഴുത്തുകാര്‍ ഫോഷനാക്കിയിട്ടും, ക്ലാസ്സിക്‌സ് പ്രസ്ഥാനം മുതല്‍ ഉത്തരാധുനികതവരെയുള്ള സാഹിത്യ പ്രസ്ഥാനങ്ങളിലൂടെ കടന്നുപോയി സാഹിത്യ സൃഷ്ടി നടത്തിയ കവിയായിരുന്നു വൈലോപ്പിള്ളി. അങ്കണ തൈമാവില്‍ നിന്നും വിധി തല്ലിയിട്ട മൂപ്പെത്താത്ത മാങ്ങയാണ് ചങ്ങമ്പുഴ എങ്കില്‍ , 74 വര്‍ഷത്തെ ജീവിതം കൊണ്ട് മലയാള കാവ്യലോകത്തില്‍ പാകമായ മാമ്പഴ കൃതികള്‍ നിറച്ച അനുഗ്രഹീത കവിയാണ് വൈലോപ്പിള്ളി. ക്ഷണികജീവിതം കൊണ്ടു കെട്ടടങ്ങിയ ഒരു മിന്നല്‍ പിണറിന്റെ ജീവിതമാണ് ചങ്ങമ്പുഴ ഓര്‍മ്മിപ്പിക്കുന്നതെങ്കില്‍, അറിവിന്റെ തിരികള്‍ കൊളുത്തി മര്‍ത്യാത്മാവിന് പറന്നുയരാന്‍ ചിറകു നല്‍കി, ദീപ്ത ശോഭ പരത്തിയ ഒരു പന്തമായിരുന്നു വൈലോപ്പിള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

ശാസ്ത്രബോധമുള്ള കവി, സൗന്ദര്യാത്മക കവി, ജീവിതത്തിന്റെ അജയ്യതയെ പുകഴ്ത്തിയ കവി എന്നൊക്കെ വൈലോപ്പിള്ളിയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, കേരളീയതയും, ദുര്‍മേദസ്സില്ലാത്ത രചനാശൈലിയുമാണ് വൈലോപ്പിള്ളി കവിതകളുടെ സവിശേഷത. മനുഷ്യവീര്യത്തിന്റെ ഗാഥയില്‍ വിശ്വസിക്കുന്ന മാലോടിഴയും മര്‍ത്ത്യാത്മാവിനു മേലോട്ടുയരാന്‍ ചിറകു നല്‍കുന്ന ഊര്‍ജ്ജത്തിന്റെ കവിയാണ് വൈലോപ്പിള്ളിയെന്ന് ജോസഫ് നമ്പിമഠം തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് വിശദീകരിച്ചു. ഡാളസ് ഫോര്‍ട്ട് മെട്രോപ്ലെക്‌സില്‍ നിന്നും എത്തിചേര്‍ന്ന സാഹിത്യാഭിരുചിയുള്ളവരുടേയും, ഭാഷാ സ്‌നേഹികളുടേയും സമ്പന്നമായ സദസ്സിന് കേരളലിറ്റററി സൊസൈറ്റി സെക്രട്ടറി സ്വാഗതമരുളി. കെ.എല്‍.എസ്. പ്രസിഡന്റും നോവലിസ്റ്റും, സാഹിത്യക്കാരനുമായ എബ്രഹാം തെക്കേമുറി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മലയാളഭാഷക്കും, ഭാഷാ സാഹിത്യത്തിനും, വിലയേറിയ സംഭാവനകള്‍ നല്‍കിയ കേരളീയരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന വൈലോപ്പിള്ളിയെ അനുസ്മരിക്കുന്നതിനും, കവിതകളെ കുറിച്ച് പഠനം ക്രമീകരിക്കുന്നതിന് സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. വൈലോപ്പിള്ളിയുമായ വ്യക്തിബന്ധം സ്ഥാപിക്കുവാന്‍ സാധിച്ചതും, നിരവധി വേദികള്‍ പങ്കിടുവാന്‍ സാധിച്ചതും, ജീവിതത്തില്‍ വലിയൊരു ഭാഗ്യമായി കാണുന്നുവെന്ന് അമേരിക്കന്‍ മലയാള സാഹിത്യ തറവാട്ടിലെ തലമുതിര്‍ന്ന അംഗം ഡോ.എം.എസ്.ടി. നമ്പൂതിരി അനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് പറഞ്ഞു. പ്രബന്ധാവതരണത്തിനു ശേഷം വൈലോപ്പിള്ളി കവിതാപാരായണവും നടത്തി. 'ജലസേചനം' എന്ന കവിത നമ്പിമഠവും, പന്തങ്ങള്‍ ഡോ.എം.എസ്.ടി.യും, 'മാമ്പഴം' ജോയ് ആന്റണിയും മനോഹരമായി ആലപിച്ചത് സദസ്യര്‍ക്കാസ്വാദകരമായി. സി.വി.ജോര്‍ജ്ജിന്റെ കവിതക്കുശേഷം, സിജു.വി.ജോര്‍ജ്ജ് പങ്കെടുത്ത എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.