You are Here : Home / USA News

ലാനാ കേരളാ കണ്‍വന്‍ഷന്‍: മാധ്യമ കുലപതികള്‍ സംസാരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 08, 2014 11:01 hrs UTC

ഷിക്കാഗോ: ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന)യുടെ ആഭിമുഖ്യത്തില്‍ 2014 ജൂലൈ 25,26,27 തീയതികളില്‍ കേരളത്തില്‍ വെച്ച്‌ നടക്കുന്ന ത്രിദിന കണ്‍വന്‍ഷന്റെ ഭാഗമായി കേരളത്തിലെ മുന്‍നിര അച്ചടി-ദൃശ്യമാധ്യമങ്ങളുടെ സാരഥികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ മീഡിയ സെമിനാര്‍ നടത്തുമെന്ന്‌ ലാനാ പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ്‌ ഓച്ചാലില്‍, ട്രഷറര്‍ ജെ. മാത്യൂസ്‌ എന്നിവര്‍ അറിയിച്ചു. `മാധ്യമങ്ങളും മലയാള സാഹിത്യവും: വളര്‍ച്ചയുടെ ദശാബ്‌ദങ്ങള്‍' എന്ന സെമിനാറില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബ്‌, മാതൃഭൂമി ഡപ്യൂട്ടി എഡിറ്ററും, കേരള പ്രസ്‌ അക്കാഡമി ചെയര്‍മാനുമായ എന്‍.പി രാജേന്ദ്രന്‍, ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. ബോബി അലക്‌സ്‌ മണ്ണംപ്ലാക്കല്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, മുന്‍ ലോക്‌സഭാംഗവുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍, കേരളാ കൗമുദി ഡപ്യൂട്ടി എഡിറ്റര്‍ ആര്‍. ഗോപീകൃഷ്‌ണന്‍, ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടറും തൃശൂര്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റുമായ വി.എം. രാധാകൃഷ്‌ണന്‍, ഏഷ്യാനെറ്റ്‌ കോര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ മാങ്ങാട്‌ രത്‌നാകരന്‍ തുടങ്ങിയ മലയാള മാധ്യമ രംഗത്തെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച്‌ പ്രസംഗിക്കുന്നതാണ്‌. 2014 ജൂലൈ 25-ന്‌ വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക്‌ തൃശൂരിലുള്ള കേരളാ സാഹിത്യ അക്കാഡമി ആസ്ഥാന മന്ദിരത്തില്‍ ലാനാ കേരളാ കണ്‍വന്‍ഷന്‌ തിരിതെളിയും. അമേരിക്കയില്‍ നിന്നുള്ള എഴുത്തുകാര്‍ക്ക്‌ കേരള സാഹിത്യ അക്കാഡമി നല്‍കുന്ന സ്വീകരണ പരിപാടികളോടെ ചടങ്ങുകള്‍ക്ക്‌ തുടക്കംകുറിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ കണ്‍വന്‍ഷന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കും. പൊതുസമ്മേളനത്തെ തുടര്‍ന്ന്‌ നടക്കുന്ന സാഹിത്യ ചര്‍ച്ചകള്‍ക്ക്‌ അക്കാഡമി വൈസ്‌ പ്രസിഡന്റ്‌ അക്‌ബര്‍ കക്കട്ടിലിന്റെ നേതൃത്വത്തിലുള്ള എഴുത്തുകാര്‍ ചുക്കാന്‍ പിടിക്കും. അതിനുശേഷം അക്കാഡമി ഹാളില്‍ ലാനാ കുടുംബാംഗങ്ങളും അക്കാഡമി അംഗങ്ങളും പങ്കെടുക്കുന്ന സ്‌നേഹവിരുന്ന്‌. ഉച്ചയൂണിനുശേഷം രണ്ടുമണിക്കാണ്‌ മാധ്യമ സെമിനാര്‍ നടക്കുന്നത്‌. ലാനയുടേയും, കേരള സാഹിത്യ അക്കാഡമിയുടേയും ചരിത്രത്തിലെ അവിസ്‌മരണീയമായ ഈ സാഹിത്യ കൂട്ടായ്‌മയില്‍ പങ്കെടുക്കുവാനും, കേരളത്തിലെ എഴുത്തുകാരുമായും മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനുമുള്ള ഈ അസുലഭ അവസരം വിനിയോഗിക്കുവാന്‍ എല്ലാ അക്ഷരസ്‌നേഹികളോടും ലാന ആഹ്വാനം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.