You are Here : Home / USA News

ലാനാ -സാഹിത്യ അക്കാഡമി സംഗമത്തിന്‌ അരങ്ങൊരുങ്ങുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 11, 2014 10:57 hrs UTC

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ കൂട്ടായ്‌മയായ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) വളര്‍ച്ചാവഴിയില്‍ പുതിയൊരു മുന്നേറ്റം സൃഷ്‌ടിച്ചുകൊണ്ട്‌ മലയാള മണ്ണില്‍ സംഘടിപ്പിക്കുന്ന ത്രിദിന കേരളാ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ്‌ ഓച്ചാലില്‍, ട്രഷറര്‍ ജെ. മാത്യൂസ്‌ എന്നിവര്‍ അറിയിച്ചു. 2014 ജൂലൈ 25,26,27 തീയതികളില്‍ തൃശൂര്‍, കലാമണ്‌ഡലം, തുഞ്ചന്‍പറമ്പ്‌ എന്നിവടങ്ങളിലായാണ്‌ പരിപാടികള്‍ നടക്കുന്നത്‌. അമേരിക്ക, കാനഡ എന്നിവടങ്ങളില്‍ നിന്നുള്ള സാഹിത്യപ്രവര്‍ത്തകരും കേരളത്തിലെ ഭാഷാസ്‌നേഹികളും പങ്കെടുക്കുന്ന ഈ അക്ഷരക്കൂട്ടായ്‌മയില്‍ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും പങ്കെടുക്കുന്നതാണ്‌. ഇതാദ്യമയാണ്‌ സാഹിത്യ അക്കാഡമിയുമായി കൈകോര്‍ത്തുകൊണ്ട്‌ ലാനയുടെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ ഒരു കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്‌.

 

ഷിക്കാഗോയില്‍ കഴിഞ്ഞവര്‍ഷം നടന്ന ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷനില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ അമേരിക്കന്‍ മലയാളികളുടെ ഭാഷാസ്‌നേഹത്തേയും ലാനയുടെ പ്രവര്‍ത്തനങ്ങളേയും ഏറെ ശ്ശാഘിച്ചിരുന്നു. സാഹിത്യ അക്കാഡമിയുമായി ചേര്‍ന്നുകൊണ്ട്‌ ലാന സംഘടിപ്പിക്കുന്ന കേരളാ കണ്‍വെന്‍ഷന്‌ ഏറെ പിന്തുണയും പ്രോത്സാഹനവുമാണ്‌ അദ്ദേഹം നല്‍കുന്നത്‌. അക്കാഡമിയുടെ ഊര്‍ജസ്വലനായ സെക്രട്ടറി ആര്‍ ഗോപാലകൃഷ്‌ണനും ഒരുക്കങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. ജൂലൈ 25-ന്‌ വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക്‌ സാംസ്‌കാരിക നഗരമായ തൃശൂരില്‍ അക്ഷരസ്‌നേഹികളുടെ തറവാടായ സാഹിത്യ അക്കാഡമി മന്ദിരത്തിലെ പ്രധാന ഹാളില്‍ അമേരിക്കന്‍ മലയാളികളുടെ അക്ഷരസംഗമത്തിന്‌ തിരിതെളിയും. കേരളത്തിലെ എഴുത്തുകാരും ലാനാ പ്രതിനിധികളും തമ്മിലുള്ള സാഹിത്യ ചര്‍ച്ച, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍, അക്കാഡമി അംഗങ്ങളും ലാനാ കുടുംബാംഗങ്ങളും ഒരുമിച്ചിരുന്നുള്ള സ്‌നേഹവിരുന്ന്‌, അക്കാഡമി ലൈബ്രറി സന്ദര്‍ശനം എന്നിവയാണ്‌ അന്നത്തെ പ്രധാന പരിപാടികള്‍.

 

സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍, വൈസ്‌ പ്രസിഡന്റ്‌ അക്‌ബര്‍ കക്കട്ടില്‍, സെക്രട്ടറി ആര്‍. ഗോപാലകൃഷ്‌ണന്‍ എന്നിവര്‍ തൃശൂര്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ക്ക്‌ നേതൃത്വംകൊടുക്കുന്നു. അക്കാഡമി അംഗങ്ങള്‍ക്കെല്ലാം ക്ഷണക്കത്ത്‌ നേരിട്ട്‌ അയച്ചുകൊടുക്കുന്നതാണെന്ന്‌ സെക്രട്ടറി ആര്‍ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. 1956-ല്‍ രൂപീകരിക്കപ്പെട്ട കേരള സാഹിത്യ അക്കാഡമിയുടേയും, 1997-ല്‍ പിറന്ന ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടേയും ചരിത്രത്തിലെ നിര്‍ണ്ണായക മുന്നേറ്റമായി ലാനാ കേരളാ കണ്‍വെന്‍ഷന്‍ മാറുമ്പോള്‍ അതില്‍ ഭാഗഭാക്കാകുവാന്‍ എല്ലാ ഭാഷാസ്‌നേഹികളേയും ലാനാ ഭാരവാഹികള്‍ ക്ഷണിക്കുന്നു. ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ച മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും വളര്‍ച്ചയിലെ ശ്രദ്ധേയമായ ഈ സംഗമത്തില്‍ പങ്കെടുത്ത്‌ ചരിത്ര നിമിഷങ്ങളുടെ ഭാഗമാകുവാന്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന അമേരിക്കന്‍ മലയാളി കുടുംബങ്ങളേയും സാദരം ക്ഷണിക്കുകയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഷാജന്‍ ആനിത്തോട്ടം (847 322 1181), ജോസ്‌ ഓച്ചാലില്‍ (469 363 5642), ജെ. മാത്യൂസ്‌ (914 450 1442).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.