You are Here : Home / USA News

ഉല്ലാസ തിരമാല ന്യുജഴ്സിയില്‍ ആഞ്ഞടിച്ചു ജോര്‍ജ് തുമ്പയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, May 07, 2014 10:04 hrs UTC

 
ക്ലിഫ്ടണ്‍ (ന്യുജഴ്സി) . അറ്റ്ലാന്റിക്ക് സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്നതു കൊണ്ടാവാം തിരമാലകളാല്‍ സമ്പന്നമാണ് ന്യുജഴ്സിയും പരിസരവും ന്യുനസമ്മര്‍ദം അന്തരീക്ഷത്തില്‍ ഏറെയുളളതിനാലായിരിക്കാം ന്യുജഴ്സിയില്‍ എല്ലാവര്‍ഷവും ഹൂങ്കാരവത്തോടെ തിരമാലകള്‍ അടിച്ചു കയറാറുണ്ട്. സാന്‍ഡിയുടെ രൂപത്തിലും ഐറിന്റെ രൂപത്തിലുമൊക്കെ മുന്‍ വര്‍ഷങ്ങള്‍ ഇതു കെടുതികളായി മാറിയപ്പോള്‍ ഇത്തവണ ആഹ്ലാദത്തിന്റെ ഉത്സവാന്തീക്ഷത്തിലാണ് തിരമാലകള്‍ അടിച്ചു കയറിയത്. അതും 'ഉല്ലാസ തിരമാലകളായി.

വെളളിത്തിരയെ സമ്പന്നമാക്കി മലയാളി മനസുകളെ കീഴടക്കിയ ഒരുപിടി താരങ്ങള്‍ ഉല്ലാസത്തിന്റെ പൂത്തിരികളുമായി കേരളത്തില്‍ നിന്നെത്തി ന്യുജഴ്സിയില്‍ പെയ്തിറങ്ങി. 'ഉല്ലാസതിരമാല എന്ന പേരില്‍ അവതരിപ്പിച്ച എന്റര്‍ടെയ്ന്‍മെന്റ് ഷോ പുതിയ തലമുറയ്ക്കൊപ്പം കാണികളെ മുഴുവന്‍ ഉല്ലാസത്തിന്റെ ഉന്നതിയിലെത്തിച്ച പരിപാടിയായി മാറി. ചിരിയുടെയും വിനോദത്തിന്റെയും മുഴുവന്‍ സമയ പ്രോഗ്രാമില്‍ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. സിനിമാതാരം റഹ്മാന്‍, വിനീത് ശ്രീനിവാസന്‍, ശ്വേതാ മേനോന്‍ എന്നിവര്‍ നയിച്ച 'ഉല്ലാസതിരമാല ഒരുക്കിയത് വേദിയില്‍ സംഗീത നടന നര്‍മ്മ വിസ്മയമൊരുക്കി പ്രാവീണ്യം തെളിയിച്ച, സ്റ്റേജ് ഷോകളുടെ മര്‍മ്മമറിഞ്ഞ സംവിധായകന്‍ ജി. എസ്. വിജയനായിരുന്നു. 'ഉല്ലാസ തിരമാലയില്‍ കേരളത്തില്‍ നിന്നുളള 17 അംഗ എന്റര്‍ടെയ്ന്‍മെന്റ് ടീമാണ് പാട്ടും ഡാന്‍സും കോമഡിയുമായി നിറഞ്ഞു നിന്നത്. നോണ്‍ സ്റ്റോപ്പ് സംഗീതത്തിന്റെയും കോമഡിയുടെയും മാത്രമല്ല നടന നൃത്ത ചുവടുകളുടെ നിലയ്ക്കാത്ത പ്രവാഹവും വേദിയില്‍ ഉതിര്‍ക്കാന്‍ 'ഉല്ലാസ തിരമാലടീമിനായി. പിഴവില്ലാത്ത പരിശീലനമായിരുന്നു ഇവരുടെ മുഖമുദ്ര. പരിപാടിയിലുടനീളം ഇതു പ്രകടവുമായിരുന്നു. ഒരിടത്തും ഗ്യാപ് വീഴാതെ,  മനോഹരമായി കോര്‍ത്തിണക്കി അവതരിപ്പിച്ച സ്കിറ്റുകള്‍ കാണികളുടെ കൈയടി നേടി. മെഗാതാരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, കമല്‍ തുടങ്ങിയ പ്രശസ്തരുടെ വീഡിയോ പ്രസന്റേഷനിലൂടെ ഓരോ ആര്‍ട്ടിസ്റ്റുകളെയും അവതരിപ്പിച്ചത് ഏറെ പുതുമയായി. കോണ്‍സുലേറ്റ്  വിസ ഇന്റര്‍വ്യു എന്ന സമകാലിക സ്കിറ്റ് നര്‍മ്മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും തനിപ്പകര്‍പ്പായി മാറി.

ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ന്യുജഴ്സി ക്ലിഫ്ടണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇക്കഴിഞ്ഞ മേയ് നാല് ഞായറാഴ്ച അഞ്ച് മണിക്കായിരുന്നു പരിപാടി. വികാരി ഫാ. ഷിനോജ്  തോമസ് ആമുഖ പ്രസംഗം നടത്തി സ്വാഗതം ആശംസിച്ചു. ഇടവക ട്രസ്റ്റി സാമുവല്‍ മത്തായി നന്ദി രേഖപ്പെടുത്തി.

സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ക്ലിഫ്ടണ്‍ ഇടവകയുടെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് പളളിക്കെട്ടിടം പുനര്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു എന്ന ചിന്തയില്‍ നിന്നാണ് ധനസമാഹാരണത്തിന് ഒരു സ്റ്റേജ് പ്രോഗ്രാം നടത്തണമെന്ന് ആശയം രൂപപ്പെട്ടത്. മനോഹരമായ ഒരു ദേവാലയം എന്ന ഇടവകാംഗങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിനുളള ആദ്യ പടിയെന്ന നിലയിലാണ് ഉല്ലാസ തിരമാല എന്ന മാസ് എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാം അവതരിപ്പിച്ചത്.

മലയാള സിനിമ ചാനല്‍ രംഗങ്ങളിലുളള പ്രശസ്തരാണ് ഉല്ലാസ തിരമാലയുടെ മുന്‍നിരയിലുളളത്. വെളളിത്തിരയിലെ മിന്നും താരം റഹ്മാന്‍, ഗായകനും സംവിധായകനും തികഞ്ഞ കലാകാരനുമായ വിനീത് ശ്രീനിവാസന്‍, 'വെറുതെയല്ല ഭാര്യയുടെ ആങ്കറും പ്രശസ്ത നടിയുമായ ശ്വേതാ മേനോന്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍, മികച്ച ഗായകരായ സച്ചിന്‍ വാര്യര്‍, സയനോര, ക്ലാസിക്കല്‍, സിനിമാറ്റിക്ക്  നൃത്തച്ചുവടുകളുമായി മണിക്കുട്ടന്‍, വിഷ്ണുപ്രിയ, രചന, കവിതാ നായര്‍, കോമഡി രംഗത്ത് നിന്നും ടീം റോമന്‍സി(മഴവില്‍ മനോരമ ഫെയിം) ന്റെ കലാഭവന്‍ ജോബി, ശിവദാസ് മട്ടന്നൂര്‍, കലാഭവന്‍ രാഗേഷ്, കലാഭവന്‍ ബിജു  എന്നിവര്‍ക്കൊപ്പം കോറിയോഗ്രാഫര്‍മാരായ ബിജു സേവ്യര്‍, ഡോ. നീന ഫിലിപ്പും ഉല്ലാസ തിരമാലകളില്‍ ജലതരംഗങ്ങവായി. ഇടവക അംഗം കൂടിയായ ഡോ. നീന ഫിലിപ്പിന്റെ നേതൃത്വത്തിലുളള ഡാന്‍സ് ഗ്രൂപ്പിലെ ആര്‍ട്ടിസ്റ്റുകളും നൃത്തച്ചുവടുകളുമായി താരങ്ങള്‍ക്കൊപ്പം പങ്കെടുത്തു. ആര്‍ട്ട് ഡയറക്ടര്‍ തിരുവല്ല ബേബിയും, ബിനു സേവ്യറുമാണ് കലാസംവിധാനം നിര്‍വ്വഹിച്ചത്. കേരള്‍ ഡോട്ട്കോമിന്റെ ലാലു ജോസഫ് ആര്‍ട്ടിസ്റ്റുകളെ അമേരിക്കയില്‍ എത്തിക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

ആര്‍ ആന്‍ഡ് ടി പ്രൊഡക്ഷന്‍സിന്റെയും ഹെബ്രോണ്‍ പ്രൊഡക്ഷന്‍സിന്റെയും നേതൃസ്ഥാനത്തുളള ഷിബുവാണ് ഉല്ലാസത്തിരമാലകളുടെ പ്രധാന പ്രൊമോട്ടര്‍. അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും വേദിയിലെത്തി ഷിബു കാണികള്‍ക്ക് പരിചയപ്പെടുത്തി. ബോം ടിവി മീഡിയ സ്പോണ്‍സറും ടിക്കറ്റുകളുമായി വിവിധ പളളികളിലും വീടുകളിലും ഗ്രൂപ്പായും വ്യക്തിപരമായും ചെന്നപ്പോള്‍  യാതൊരു  മടിയും കൂടാതെ സഹകരിച്ച എല്ലാവരോടും സ്പോണ്‍സര്‍മാരോടുമുളള നന്ദി വികാരി ഫാ. ഷിനോജ് തോമസ് രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.