You are Here : Home / USA News

ക്രിസ്‌തീയ ഭക്തിഗാന ആല്‍ബം സ്‌നേഹസങ്കീര്‍ത്തനം പ്രകാശനം ചെയ്‌തു

Text Size  

Story Dated: Tuesday, April 29, 2014 09:39 hrs UTC

  
    

ന്യൂജേഴ്‌സി: പ്രാര്‍ത്ഥനയ്‌ക്കും, ചിന്തയ്‌ക്കുമായി നൂതനവും വ്യത്യസ്‌തവുമായ, ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ക്രിസ്‌തീയ ഭക്തിഗാന സമാഹാരം `സ്‌നേഹസങ്കീര്‍ത്തനം' ന്യൂജേഴ്‌സിയില്‍ പ്രകാശനം ചെയ്‌തു.

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍ റവ.ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ആല്‍ബത്തിന്റെ ആദ്യ കോപ്പി പ്രശസ്‌ത ജനപ്രിയ ഏഷ്യാനെറ്റ്‌ സീരിയല്‍ നായകന്‍ സാജന്‍ സൂര്യയ്‌ക്ക്‌ നല്‍കിക്കൊണ്ട്‌ നിര്‍വഹിച്ചു. ചടങ്ങില്‍ രൂപതാ ചാന്‍സിലല്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌, ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയ വികാരി റവ.ഫാ. തോമസ്‌ കടുകപ്പിള്ളി എന്നിവര്‍ക്കൊപ്പം മലയാള സിനിമയിലെ പ്രമുഖ ഗായകരായ അഫ്‌സല്‍, സുദീപ്‌ കുമാര്‍, സിതാരാ കൃഷ്‌ണകുമാര്‍, കലാരംഗത്തെ പ്രമുഖരായ പോളി തൃശൂര്‍, ആര്യ, കലാഭവന്‍ പ്രദീപ്‌ ലാല്‍, ജിന്റോ എന്നിവരും സന്നിഹിതരായിരുന്നു.

ഭക്തിയും ദര്‍ശനങ്ങളും കാവ്യാത്മകതയും കൈകോര്‍ക്കുന്ന ആല്‍ബത്തിലെ ഗാനങ്ങള്‍ക്ക്‌ രചന നിര്‍വഹിച്ചത്‌ പ്രമുഖ വിദ്യാഭ്യാസ ശാസ്‌ത്രജ്ഞനും സാഹിത്യകാരനും സര്‍വ്വോപരി ഗാനരചയിതാവുമായ റവ.ഡോ. ചെറിയാന്‍ കുനിയന്‍തോടത്ത്‌ സി.എം.ഐ ആണ്‌. റവ.ഫാ ലൂക്ക്‌ പുത്തന്‍പറമ്പില്‍, എം.ജി മാത്യു, ശീമോന്‍ ബാബു എന്നിവരുടെ വൈവിധ്യമാര്‍ന്ന രചനകളും ഈ ആല്‍ബത്തിന്റെ പ്രത്യേകതയാണ്‌.

ക്രിസ്‌തീയ ഭക്തിഗാനങ്ങള്‍ക്ക്‌ പുതിയ രൂപവും ഭാവവും നല്‍കി മനോഹരമായി രാഗതാളലയങ്ങള്‍ സമന്വയിപ്പിച്ച്‌ ഭക്തിയുടെ അംശം നഷ്‌ടപ്പെടാതെ സൂക്ഷ്‌മതടെയുള്ള സ്റ്റീഫന്‍സണ്‍ ആന്റണിയുടെ സംഗീത സംവിധാനം പ്രത്യേകം ശ്രദ്ധേയമാണ്‌.

മലയാള സിനിമയിലെ പ്രശസ്‌ത പിന്നണിഗായകരായ എം.ജി. ശ്രീകുമാര്‍, മാര്‍ക്കോസ്‌, കെസ്റ്റര്‍, അഫ്‌സല്‍, വിജയ്‌ യേശുദാസ്‌, സുദീപ്‌ കുമാര്‍, വില്‍സണ്‍ പിറവം, സിതാര കൃഷ്‌ണകുമാര്‍ എന്നിവര്‍ക്കൊപ്പം പുതുതലമുറക്കാരായ നിഷാദ്‌, പീറ്റര്‍ കോറസ്‌, അന്‍സാര്‍, ജെന്‍സി, എലിസബത്ത്‌ രാജു, രഹ്‌ന, അഖില ആനന്ദ്‌, അനു മരിയ റോസ്‌ എന്നിവരും ശബ്‌ദം നല്‍കിയിരിക്കുന്നു.

തികച്ചും ദൈവ വചനത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ഗാനങ്ങളില്‍ 'സങ്കീര്‍ത്തന'ത്തില്‍ നിന്ന്‌ രൂപംകൊണ്ട `കര്‍ത്താവാണ്‌ എന്റെ ഇടയന്‍....എനിക്കൊന്നും...' എന്ന ഗാനം വില്‍സണ്‍ പിറവത്തിന്റെ ആലാപന മാധുരിയില്‍ പിറന്നപ്പോള്‍, ദൈവത്തിന്റെ മുഖം കാണാതെ, അവന്റെ മൊഴി കേള്‍ക്കാതെ പാപത്തില്‍ അലയുന്ന മനുഷ്യരുടെ തിരിച്ചുവരവിലുള്ള മനസിന്റെ നൊമ്പരങ്ങള്‍ കാവ്യഭംഗി ചോരാതെയുള്ള അഫ്‌സലിന്റെ ആലാപനവും ഏറെ ശ്രദ്ധേയമായി.

ബലിയര്‍പ്പണത്തിനു മുന്നോടിയായി ആലപിക്കാവുന്ന സുദീപ്‌ കുമാര്‍ ആലപിച്ച `പ്രിയ ഗാനം ആലപിക്കാനായ്‌ സന്നിധിയില്‍....'എന്ന ഗാനം ഒരു വേറിട്ട അനുഭവമായി. പീറ്റര്‍ കോറസ്‌ ആലപിച്ച മിഴിതുറക്കുന്നു....മെഴുകുതിരി നാളങ്ങള്‍...എന്ന ഗാനം ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നായി മാറി.

പ്രശസ്‌ത ഗായകരായ വിജയ്‌ യേശുദാസ്‌, സിതാര കൃഷ്‌ണകുമാര്‍ എന്നിവര്‍ ആലപിച്ച `കനലുവീഴ്‌ത്തുന്ന സങ്കടങ്ങളില്‍...' എന്ന ഗാനം മനസിന്റെ ആര്‍ദ്രഭാവങ്ങളെ   തൊട്ടുണര്‍ത്തുന്നു.

`കണ്ണില്‍ നിന്ന്‌ നീരെടുത്ത്‌ മുത്തുമാലയാക്കിമാറ്റി...'എന്ന ഗാനം രചനയിലും അഖില ആനന്ദിന്റെ ആലാപനത്തിലും വൈവിധ്യത നിലനിര്‍ത്തി.

ഭക്തിഗാനങ്ങളില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കാവ്യാംശങ്ങളുടെ തിരിച്ചുവരവാണ്‌ ഈ ആല്‍ബം. ഭക്തിയും ദര്‍ശനങ്ങളും കാവ്യാത്മകതയും കൈകോര്‍ക്കുന്ന രചനാശൈലിയും, സ്വര്‍ഗ്ഗവും ഭൂമിയും കൈകോര്‍ക്കുന്ന സംഗീതാനുഭവവും, രചനയുടേയും സംഗീതത്തിന്റേയും ആലാപത്തിന്റേയും ഹൃദ്യതയില്‍ കൃപാവാരത്തിന്റെ സൂര്യകിരണങ്ങള്‍ തഴുകിയോലുന്ന ദിവ്യാനുഭൂതി പകരുന്ന അതിമനോഹരങ്ങളായ ഗാനങ്ങളാല്‍ സമ്പദ്‌സമൃദ്ധമായ `സ്‌നേഹസങ്കീര്‍ത്തനം' മലയാള ഭക്തിഗാന ആസ്വാദകര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുമെന്നതില്‍ സംശയമില്ല.

ക്രിസ്‌തീയ ഭക്തിഗാനരംഗത്ത്‌ ഒരു മുതല്‍ക്കൂട്ടായേക്കാവുന്ന ഈ ഗാനോപഹാരം നിങ്ങളുടെ മുന്നിലെത്തിക്കുന്നത്‌ `അഫ്‌സല്‍ &ജോബി ജോര്‍ജ്‌ ടീമാണ്‌.
സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.