You are Here : Home / USA News

ഒരു സാഗരതീര സ്‌നേഹ ഗീതം: വീഡിയോയുടെ പ്രകാശന കര്‍മ്മം നടന്നു

Text Size  

Story Dated: Thursday, April 17, 2014 05:30 hrs EDT

 - ജോസ് പിന്റോ സ്റ്റീഫന്‍ 
ന്യുജഴ്‌സി* പിന്റോ ഗ്ലോബല്‍ മീഡിയാ നിര്‍മിച്ച് അവതരിപ്പിക്കുന്ന ഒരു ചെറിയ വീഡിയോ ഉപഹാരമാണ് 'ഒരു സാഗരതീര സ്‌നേഹ ഗീതം. ന്യുയോര്‍ക്ക് നഗര മദ്ധ്യത്തില്‍ ഔപചാരിക ചടങ്ങില്‍ ഈ വീഡിയോയുടെ പ്രകാശന കര്‍മ്മം നടന്നു. ആദ്യത്തെ കോപ്പി ജെഎഫ്എയുടെ അഡ്‌വൈസറി ബോര്‍ഡ് ഡയറക്ടര്‍ വര്‍ഗീസ് മാത്യുവിന് നല്കികൊണ്ട് ജെഎഫ്എ ചെയര്‍മാന്‍ തോമസ് കൂവളളൂരും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ജോസ് പിന്റോ സ്്റ്റീഫനുമാണ് ഈ അനൗപചാരിക പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ന്യുജഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനമാണ് 'ജെഎഫ്എ അഥവാ ജെസ്റ്റിസ് ഫോര്‍ ആള്‍.

പതിനാറ് മിനിറ്റിലധികം ദൗര്‍ഘ്യമുളള ഡോക്യുമെന്ററി വീഡിയോയാണ് 'ഒരു സാഗരതീര സ്‌നേഹ ഗീതം പിന്റോ ഗ്ലോബല്‍ മീഡിയായുടെ ആദ്യത്തെ ബൃഹത് സംരംഭം. ഇന്ത്യയില്‍ ജീവിക്കുന്ന ജെന്‍സന്‍ ജോസഫ് എന്ന വികലാംഗനായ യുവാവിന്റെ ജീവിത കഥ വിവരിക്കുന്ന ഒരു ഇന്‍സ്പിരേഷണല്‍ വീഡിയോ ആണിത്. കൊച്ചുവേളിയെന്ന തീരദേശ ഗ്രാമത്തിലാണ് ജെന്‍സന്‍ ജനിച്ചത്. അറബികടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊച്ചുവേളി തിരുവനന്തപുരം ജില്ലയുടെ ഭാഗമാണ്.

ഒരു സാധാരണ കുട്ടിയായി ജനിച്ച ജെന്‍സന്‍ ഒരു വയസായപ്പോള്‍ പിച്ചവെച്ചു നടക്കാനാരംഭിച്ചു. എന്നാല്‍ അധികം വൈകാതെ തന്നെ പോളിയോയുടെ രൂപത്തില്‍ വിധി അവനെ ആക്രമിച്ചു. അന്നു മുതല്‍ അവന്‍ വികലാംഗനായി വേദനാപൂര്‍വ്വം ജീവിച്ചു. ഒരു മത്സ്യത്തൊഴിലാളിയാണ് അവന്റെ അച്ചന്‍. അമ്മ വീട്ടുകാര്യങ്ങളില്‍ വ്യാപൃതയായി ജീവിച്ചു. ജെന്‍സന് രണ്ട് സഹോദരിമാരുണ്ട്. രണ്ടാമത്തെ കുട്ടിയാണ് ജെന്‍സന്‍.

ദൈവഭക്തിയുളള കുടുംബമാണ് ജെന്‍സന്റേത്. വിശുദ്ധ ഔസേഫ് പിതാവിന്റെ നാമഥേയത്തിലുളള ഇടവകപളളിയില്‍ ആരാധനാ ക്രമങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന കുടുംബം. ജെന്‍സന്റെ മുത്തശന്‍ പളളിയിലെ അല്‍മായ ശുശ്രൂഷകനായിരുന്നു. ജെന്‍സന്റെ അമ്മ പില്ക്കാലത്ത് അവിടുത്തെ വാര്‍ഡ് കൗണ്‍സിലറായി സജീവമായി സാമൂഹ്യപ്രവര്‍ത്തനരംഗത്ത് പ്രവേശിച്ചു.

ഒരു പ്രൈവറ്റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജെന്‍സന്‍ എല്‍എംഎസ് പോളിയോ ഹോമില്‍ ചേര്‍ന്ന് പത്താം ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഇലക്‌ട്രോണിക്‌സില്‍ മൂന്ന് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി. പിന്നീടാണ് യഥാര്‍ത്ഥ സഹന കഥ അരങ്ങേറുന്നത്. മറ്റൊരാളുടെ സഹായമില്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സാധിക്കാത്ത ജെന്‍സന് പുറത്തുപോയി ജോലി ചെയ്യുകയെന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമായിരുന്നു. അങ്ങനെ മൂന്ന് നാല് വര്‍ഷം മടുപ്പിക്കുന്ന ജീവിതം തളളി നീക്കി.

അങ്ങനെയിരിക്കെ, ഒരു സുപ്രഭാതത്തില്‍ ആരുടെയെക്കെയോ പ്രോല്‍സാഹനം കാരണം ജെന്‍സന്‍ വീട്ടിലിരുന്നു മൊബൈല്‍ റീച്ചാര്‍ജ് ചെയ്തു കൊടുക്കാനാരംഭിച്ചു. അത് നല്ലൊരു തുടക്കമായിരുന്നു. രണ്ട് വര്‍ഷം ആ തൊഴില്‍ തുടര്‍ന്നു. അതിനിടയില്‍ നല്ലൊരു സുഹൃത് വലയം അവനുണ്ടായി. ജെന്‍സനെ സ്‌നേഹിക്കുന്ന, ജെന്‍സനെ സഹായിക്കാനാഗ്രഹിക്കുന്ന ഒരു പറ്റം യുവജനങ്ങള്‍.

ജെന്‍സന് ഒരു ഭാവി ജീവിതം ലഭിക്കാന്‍ എന്തു ചെയ്യണം? സുഹൃത്തുക്കള്‍ ഗൗരവമായി ചിന്തിച്ചു. ജെന്‍സന്‍ ഒരു ബേക്കറിക്കട ആരംഭിക്കണം. അതു നടത്താന്‍ തികച്ചും സൗജന്യമായി ജെന്‍സനെ സഹായിക്കാന്‍ ഈ സുഹൃത് വലയത്തിലെ എല്ലാവരും തവണ തവണയായി സന്നദ്ധ സേവനം ചെയ്യുക. ഇങ്ങനെയൊരു ആശയമുദിച്ചത് തികച്ചും യാദൃഛികമായിരുന്നു.

അങ്ങനെ കൊച്ചുവേളി ഇടവകപളളിയുടെ ഉടമസ്ഥതയിലുളള ഒരു കടമുറിയില്‍ ജെന്‍സന്‍ ഒരു ബേക്കറിക്കട ആരംഭിച്ചു. ആറേഴു മാസം കഴിഞ്ഞിട്ടും നല്ല രീതിയില്‍ തന്നെ കടയുടെ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുന്നു. കടയില്‍ പണമിടപാടുകള്‍ നടത്താന്‍ ജെന്‍സന്‍ ക്യാഷ് കൗണ്ടറില്‍ ഇരിക്കും. മറ്റുളള ജോലികളെല്ലാം കൂട്ടുകാര്‍ ചെയ്യും. എല്ലാ സമയത്തും കുറഞ്ഞത് രണ്ട് മൂന്നു പേര്‍ കടയിലുണ്ടാകും.

രാവിലെ ജെന്‍സന്റെ വീട്ടിലെത്തി ആവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുത്തതിനുശേഷം വീല്‍ ചെയറിലിരുത്തി അവനെ അവര്‍ കടയിലെത്തിക്കും. കടയടച്ചതിനുശേഷം അവര്‍ തന്നെ അവനെ വീട്ടിലെത്തിക്കും.

ഇക്കഴിഞ്ഞ അവധിക്കാലത്ത് നാട്ടിലെത്തിയപ്പോഴാണ് ഈ സംഭവ കഥ ഞാനറിഞ്ഞത്. അത് എന്നെ വല്ലാതെ സ്പര്‍ശിച്ചു. എന്റെ ഗ്രാമത്തെപറ്റിയും അവിടത്തെ സ്‌നേഹ നിധികളായ ചെറുപ്പക്കാരെപ്പറ്റിയും എനിക്ക് അഭിമാനം തോന്നി. ഈ കഥ ലോകത്തിന്റെ മുമ്പില്‍ വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിച്ചു.

അതിന്റെ പരിണിത ഫലമാണ് ഈ വീഡിയോ ഇതിലൂടെ ഞാന്‍ പറയാനാഗ്രഹിക്കുന്നത് മനുഷ്യജീവന്റെ ആമൂല്യതയെപറ്റിയാണ്. ഒരു കാരണവശാലും ഒരു ജീവന്‍പോലും നശിപ്പിക്കപ്പെടരുതെന്നും അവഗണിക്കപ്പെടരുതെന്നുമുളള സ്‌നേഹ സന്ദേശം ഒരുമിച്ചു കൈകോര്‍ത്തു പിടിച്ചാല്‍ ഈ ലോകം ഒരു സുന്ദര വാസ സ്ഥലമാക്കുമെന്നുളള ഐക്യസന്ദേശം.

ഈ വീഡിയോ നിങ്ങളുടെ മനസില്‍ ചലനമുണ്ടാക്കുമെന്നും ജെന്‍സനെപോലുളള വ്യക്തികളെ സഹായിക്കാന്‍ കൂടുതല്‍ സന്നദ്ധത നിങ്ങളിലുണ്ടാവുമെന്നും ഞാന്‍ കരുതുന്നു. എല്ലാവരും ജെന്‍സനെ തന്നെ സഹായിക്കണമെന്നല്ല ഞാനാവശ്യപ്പെടുന്നത്. ഇതുപോലുളള ധാരാളം വ്യക്തികളെ നിങ്ങളുടെ സമൂഹങ്ങളില്‍ തന്നെ കണ്ടെത്താന്‍ സാധിക്കും.

ഈ ഹൃസ്വവീഡിയോ ഒരു കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നിര്‍മിക്കപ്പെട്ടത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു.

ജെന്‍സന്‍, ജെന്‍സന്റെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, കൊച്ചുവേളി ഇടവക വികാരിയും ഇടവക ജനങ്ങളും, നന്ദന്‍കോട് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി, റോയി പാട്രിക്, ഫിലിപ്പ് മാരേട്ട്, തോമസ് കൂവളളൂര്‍, അനില്‍ പുത്തന്‍ച്ചിറ വര്‍ഗീസ് മാത്യു, ടൈറ്റസ് പോപ്ലാസ്, ആബേല്‍ എം. വിക്ടര്‍ ഫെര്‍ണാണ്ടസ്, മേരി ലൂസി ടീച്ചര്‍ തുടങ്ങിയവര്‍ക്കെല്ലാം നന്ദി രേഖപ്പെടുത്തുന്നു.

ദയവായി ഈ വീഡിയോയുടെ കോപ്പികള്‍ ഞങ്ങളില്‍ നിന്നും വാങ്ങി കാണുകയും മറ്റുളളവര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്യണം. മലയാളത്തില്‍ നിര്‍മ്മിച്ച ഈ വീഡിയോയില്‍ ഇംഗ്ലീഷ് സബ് ടൈറ്റിലും നല്കിയിട്ടുണ്ട്. അതിനാല്‍ നമ്മുടെ രണ്ടാം തലമുറയ്ക്കും ഈ വീഡിയോ ഇഷ്ടപ്പെടും. അവരുടെ കൂട്ടുകാരെയും വീഡിയോ കാണിപ്പിക്കണം. അങ്ങനെ ഈ സ്‌നേഹഗീതം നമുക്ക് ലോകം മുഴുവനുമെത്തിക്കാം.

ജെന്‍സനെ നേരിട്ട് ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജെന്‍സന്റെ മേല്‍ വിലാസവും ഫോണ്‍ നമ്പരും ഇവിടെ ചേര്‍ക്കുന്നു.

Jenson Joseph
c/o Bertin Joseph (ex-Councillor)
Kochuveli, TTP (PO)
Trivandrum-695021, Kerala

ഡിവിഡി ലഭിക്കാന്‍ ബന്ധപ്പെടുക
ജോസ് പിന്റോ സ്റ്റീഫന്‍ : 2016025091
josepintostephen@gmail.com
തോമസ് കൂവളളൂര്‍ : 914 409 5772
tjkoovallur@live.com
ഫിലിപ്പ് മാരേട്ട്‌ : 973 715 4205
keralavision@live.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More