You are Here : Home / USA News

കോളേജ് ഓഫ് സെന്റ് റോസ് സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ നൈറ്റ് സംസ്ക്കാരങ്ങളുടെ സംഗമവേദിയായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, March 30, 2014 12:44 hrs UTC

 
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കോളേജ് ഓഫ് സെന്റ് റോസിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ഒ.) ഒരുക്കിയ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ നൈറ്റ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സംസ്കാരങ്ങളുടെ സംഗമ വേദിയായി. 
 
മാര്‍ച്ച് 29 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് മാഡിസന്‍ അവന്യൂവിലെ സെന്റ് ജോസഫ്സ് ഹാളിലാണ് ലോകത്തിന്റെ വിവിധ രാജ്യങ്ങളുടെ സംഗീതം, നൃത്തം, ഭാഷ, വേഷം, ഭക്ഷണം ഇവയുടെ വൈവിധ്യപൂര്‍ണ്ണമായ സമ്മേളനം അരങ്ങേറിയത്.  വിശാലമായ സെന്റ് ജോസഫ്സ് ഹാളില്‍ ഒത്തുകൂടിയ വിശ്വപൌരാവലിയെ വിസ്മയഭരിതരാക്കി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥി സമൂഹവും അധ്യാപക സമൂഹവും ആല്‍ബനിയിലേയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വിവിധ സംസ്കാരങ്ങളെ അടുത്തറിയാനുള്ള അവസരമാണ് ഒരുക്കിയത്. 
 
ഇന്ത്യ, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, ശ്രിലങ്ക, ബ്രസില്‍, കെനിയ, ഘാന, ടാന്‍സാനിയ, ബറുണ്ടി, കോസ്റ്ററിക്ക, ഉഗാണ്ട, റുവാണ്ട, ഐവറി കോസ്റ്റ്, സിംബാബ്‌വേ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ സംഗീതം, നൃത്തം,ഭാഷ, വേഷം, ഭക്ഷണം ഇവ അടുത്തറിയാനുള്ള അവസരവും ഇതുവഴി സാധിച്ചു. പരമ്പരാഗത ശൈലിയില്‍ വസ്ത്രധാരണം ചെയ്താണ് എല്ലാവരും പരിപാടിയില്‍ പങ്കെടുത്തത്. 
 
സംസ്കാരങ്ങളിലെ വൈവിധ്യവും സാമ്യതകളും അടുത്തറിയുമ്പോള്‍ മനുഷ്യന്‍ ലോകത്തിലെ വിവധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലാവസ്ഥയില്‍ വ്യത്യസ്ത ഭൂപ്രകൃതിയില്‍ വസിക്കുമ്പോഴും എത്രമാത്രം സമാനമായ മനസ്സിന്‍റെ ഉടമയാണ് എന്ന തിരിച്ചറിവ് നമ്മുടെ അതിര്‍ത്തികളെ കൂടുതല്‍ കൂടുതല്‍ അപ്രസക്തമാക്കുന്നു എന്ന് കേരളത്തില്‍ നിന്നുള്ള പ്രശസ്ത കവിയും സാഹിത്യകാരനും, കാസര്‍ഗോഡ് ഉദിനൂര്‍ സെന്‍‌ട്രല്‍ യു.പി. സ്‌കൂള്‍ അദ്ധ്യാപകനുമായ എ.വി. സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു. 
 
വിവിധ രാജ്യങ്ങളിലെ വൈവിധ്യതയാര്‍ന്ന സംസ്ക്കാരങ്ങളെ അടുത്തറിയുവാനും, ആ രാജ്യങ്ങളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുവാനും ഈ പരിപാടി സഹായകമായി എന്ന് കോതമംഗലം എസ്.ജെ.എച്ച്.എസ്.എസ്. അദ്ധ്യാപിക ദേവി എം. ഗണേഷ് പറഞ്ഞു. 
 
യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യാ എജ്യുക്കേഷന്‍ ഫൗണ്ടേഷനും അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായി നടത്തുന്ന ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് ഓഫ് എജൂക്കേഷന്‍ പ്രോഗ്രാമില്‍ (ഐ.എല്‍.ഇ.പി)ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെ അമേരിക്കയിലെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഏഴ് അദ്ധ്യാപകരില്‍ കേരളത്തില്‍ നിന്നുള്ള അദ്ധ്യാപകരാണ് സന്തോഷ് കുമാറും ദേവി ഗണേഷും. 16 രാജ്യങ്ങളില്‍ നിന്നുള്ള അദ്ധ്യാപകരാണ് കോളേജ് ഓഫ് സെന്റ് റോസില്‍ വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

    Comments

    Dr.Sasi March 30, 2014 08:00

    An excellent news report!!

    Most sincerely,

    (Dr.Sasi)


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.