You are Here : Home / USA News

ആര്‍.വി. ആംബുലേറ്റിന്റെ സഹോദരസ്ഥാപനം "ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ്"

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, March 20, 2014 11:33 hrs UTC

 
ന്യൂയോര്‍ക്ക്: മെഡിക്കല്‍ ട്രാന്‍സ്പൊര്‍ട്ടേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ പ്രശസ്ത സ്ഥാപനമായ ആര്‍.വി. ആംബുലേറ്റിന്റേയും, ഇന്ത്യന്‍ റെഡ്‌ക്രോസ് സോസൈറ്റിയുടേയും നേതൃത്വത്തില്‍ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് എന്ന പേരില്‍ ഹോം നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനമാരംഭിച്ചു. കോഴഞ്ചേരി കടമ്മനിട്ട റോഡില്‍ വരിക്കളത്തില്‍ ബില്‍ഡിംഗിലാണ് എല്ലാവിധ സൗകര്യങ്ങളോടുകൂടി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്.
 
രോഗോഷ്ണങ്ങളില്‍ വലയുന്നവര്‍ക്ക് ആശ്വാസവും കരുത്തും പകരാനുള്ള മാതൃകാസ്ഥാപനമായി വളരാന്‍ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിന് കഴിയണമെന്ന് ഉദ്ഘാടനകര്‍മ്മം നിര്‍‌വ്വഹിച്ചുകൊണ്ട് ഡോ. ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. മനുഷ്യന് രോഗങ്ങളുണ്ടാകുന്ന അവസ്ഥയില്‍ മരുന്നുകളേക്കാള്‍ ഗുണം ചെയ്യുന്നത് മികച്ച പരിചരണമാണ്. അത് മികച്ച രീതിയില്‍ ലഭിക്കുവാന്‍ സാധിക്കുമ്പോള്‍ ഈ പ്രസ്ഥാനവും ദൈവത്തിന്റെ അനുഗ്രഹത്തിന് പാത്രീഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട എം.എല്‍.എ. അഡ്വ. ശിവദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് പ്റത്തിറക്കിയ ബുക്കുകളുടെ പ്രകാശനകര്‍മ്മവും അദ്ദേഹം നിര്‍‌വ്വഹിച്ചു. ഓഫീസ് ഉദ്ഘാടനം കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് ജോസ് നിര്‍‌വ്വഹിച്ചു.
 
രാഷ്‌ട്രീയ നേതാക്കളായ വിക്‌ടര്‍ ടി. തോമസ്, കോഴഞ്ചേരി പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായത് അമേരിക്കന്‍ മലയാളികളായിരുന്നു. ഫൊക്കാന നേതാവ് മാത്യു കൊക്കൂറ, ആശംസാ പ്രസംഗകനായപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത് ഫൊക്കാനയുടെ സ്ഥാപക നേതാക്കളിലൊരാളായ തമ്പി ചാക്കോ ആയിരുന്നു. 
 
ന്യൂയോര്‍ക്ക് ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് ജേക്കബ് എബ്രഹാം ഇന്‍സ്റ്റിറ്റ്യൂട്ടിന് ആശംസകള്‍ നേര്‍ന്നു. അക്ഷരം മാഗസിന്‍ എഡിറ്റര്‍ ജിന്‍സ്‌മോന്‍ സഖറിയ തുടങ്ങി നിരവധി വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
 
ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.വി. ആംബുലേറ്റിന്റെ ഡയറക്ടറും, പ്രസിഡന്റും, അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തകനും, ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനുമായ രാജു വി. സഖറിയ ആണ് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ അമരത്ത് പ്രവര്‍ത്തിക്കുന്നത്. ഈ സ്‌കൂളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെ ഹോം കെയര്‍ രംഗത്ത് ആധുനികവും, അന്താരാഷ്‌ട്ര നിലവാരമുള്ളതുമായ പരിശീലനം നല്‍കി മികച്ച സേവനകര്‍ത്താക്കളാക്കി മാറ്റുന്ന പ്രക്രിയയാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്യുക.
 
കേരളത്തിലെ മികച്ച ഭിഷഗ്വരനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള അക്കാദമിക് കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം നടക്കുന്നത്. 
 
രാജു സഖറിയയുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ഹോം നഴ്‌സിംഗ് കെയര്‍ പഠനത്തില്‍, ഒരു രോഗിക്ക് ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്തശേഷം ലഭിക്കുന്ന പരിചരണം സുഗമമായി പ്രദാനം ചെയ്യുകയും, പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍, റിട്ടയര്‍ ജീവിതം നയിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് മെഡിക്കല്‍ കെയറോടുകൂടിയ ആധുനിക സേവനങ്ങളാണ് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നല്‍കുന്നതെന്ന് രാജു വി. സഖറിയ പറഞ്ഞു. 
 
റെഡ്‌ക്രോസ് പ്രതിനിധികള്‍, സാമൂഹ്യ-സാംസ്ക്കാരിക രംഗത്തെ പ്രശസ്തര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഡോ. തോമസ് മാത്യു സ്വാഗതവും ആര്‍.വി. ആംബുലെറ്റ് പ്രസിഡന്റ് രാജു വി. സഖറിയ നന്ദിയും പറഞ്ഞു.
 
ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, സേവനങ്ങള്‍ക്കുമായി ബന്ധപ്പെടുക: Asian Institute of Health Sciences, web: www.aihskerala.org, e-mail: info@aihskerala.org, Tel: 011 91 468 2210378, Mobile: 011 91 9961719793, U.S. Contact: 914 403 7017

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.