You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 20, 2014 07:59 hrs UTC

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ 2012- 14 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത്തെ സമ്മേളനം മാര്‍ച്ച്‌ 29-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച്‌ നടത്തപ്പെടും. രൂപതാസ്ഥാപനത്തിന്റെ പതിന്നാലാം വര്‍ഷത്തില്‍ നടത്തപ്പെടുന്ന പാസ്റ്റല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ `രൂപതയുടെ വിളിയും ദൗത്യവും വെല്ലുവിളികളും' എന്ന വിഷയത്തെ അധികരിച്ച്‌ രൂപതാ വികാരി ജനറാള്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന്‌ നടക്കുന്ന ചര്‍ച്ചകളില്‍ രൂപതയിലെ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്‌ക്കും.

രൂപതാധ്യക്ഷനായ മെത്രാന്റെ അധികാരത്തിന്‌ വിധേയപ്പെട്ടുകൊണ്ട്‌ രൂപതയുടെ ഭരണപരവും, അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കുവാന്‍ സഹായകമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ്‌ പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുഖ്യലക്ഷ്യം. ഷിക്കാഗോ കേന്ദ്രമാക്കിയുള്ള സീറോ മലബാര്‍ രൂപതയുടെ 32 ഇടവകകളില്‍ നിന്നും 37 മിഷനുകളില്‍നിന്നുമായി 90 പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ഇപ്പോഴത്തെ പാസ്റ്ററല്‍ കൗണ്‍സില്‍. രൂപതയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ ക്ഷണക്കത്തിലൂടെ അറിയിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ മീറ്റിംഗിന്റെ സുഗമമായ നടത്തിപ്പിന്‌ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടക്കുന്നതായി രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.