You are Here : Home / USA News

വയലാര്‍ രവി രാജി വെക്കണം : രാജീവ് ജോസഫ്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, January 12, 2014 09:21 hrs UTC

 
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ പോസ്റ്റല്‍ വഴിയോ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ (ജി.ഐ.എ) പ്രസിഡണ്ട് രാജീവ് ജോസഫ് ഡല്‍ഹിയില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു.
 
പ്രവാസികളുടെ വോട്ടവകാശം 'അസാധ്യമെന്ന്' നിരുത്തരവാദിത്വപരമായി പ്രഖ്യാപിച്ച പ്രവാസികാര്യ മന്ത്രി വയലാര്‍ രവി മന്ത്രി സ്ഥാനത്തുനിന്നും രാജി വെക്കണമെന്ന് രാജിവ് ജോസഫ് ആവശ്യപ്പെട്ടു. ഭാരതത്തിന്റെ സമഗ്ര വികസനത്തിനായി നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിവരുന്ന പ്രവാസികളുടെ ജനാധിപത്യപരമായ അവകാശത്തെ അപ്പാടെ തിരസ്ക്കരിച്ച പ്രവാസികാര്യ മന്ത്രി, ആ സ്ഥാനത്ത് തുടരുന്നത് ഇന്ത്യന്‍ ജനാതിപത്യ വ്യവസ്ഥയോട് തന്നെ ചെയ്യുന്ന അവഹേളനയാണ്. ഇന്ത്യന്‍ പൗരന്മാരായ പ്രവാസികളുടെ ഭരണഘടനാപരമായ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി താന്‍ നടത്തുന്ന സഹന സമരത്തെ പുഛിച്ചു തള്ളാനും അട്ടിമറിക്കാനും ശ്രമിക്കുന്ന പ്രവാസികാര്യ മന്ത്രിയുടെ നീക്കങ്ങളെ ജീവന്‍ ബലി കഴിച്ചായാലും ചെറുത്തു തോല്‍പ്പിക്കുമെന്ന് രാജീവ് ജോസഫ് പ്രഖ്യാപിച്ചു.
 
പ്രവാസി ഇന്ത്യാക്കാരുടെ വോട്ടവകാശം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് ഇന്ത്യന്‍ പാര്‍ലമെന്റാണെന്നിരിക്കെ, ഇലക്‌ഷന്‍ കമ്മീഷന്റെ പേര് പറഞ്ഞ് വോട്ടവകാശം നിഷേധിക്കുവാനാണ് പ്രവാസികാര്യ മന്ത്രി ശ്രമിക്കുന്നത്. രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ സുഗമമായി നടപ്പിലാക്കുന്നതിനാണ് ഇലക്‌ഷന്‍ കമ്മീഷന്‍. അതി സാങ്കേതിക വിദ്യയിലൂടെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഭാരതത്തില്‍, ഞൊണ്ടി ന്യായം പറഞ്ഞ് പൗരാവകാശത്തെ അട്ടിമറിക്കാന്‍ ഇലക്‌ഷന്‍ കമ്മീഷനും പ്രവാസികാര്യ മന്ത്രിയും ശ്രമിക്കുന്നത് ഇന്ത്യന്‍ ജനാതിപത്യത്തോടുള്ള വെല്ലുവിളിയും പ്രവാസികളോടുള്ള നിഷേധാത്മക നിലപാടുമാണ്. ഇത് അംഗീകരിക്കുവാന്‍ ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ തയ്യാറല്ല.
 
പ്രവാസികളുടെ ക്ഷേമവും അവരുടെ നിയമപരമായ സംരക്ഷണത്തിനും പൗരാവകാശത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട മന്ത്രി, അവരുടെ അവകാശങ്ങളെ പുഛിച്ചു തള്ളുകയാണ് ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ധാര്‍മ്മികച്യുതി സംഭവിച്ച മന്ത്രി ഉടന്‍ രാജി വെക്കണമെന്നും രാജീവ് ജോസഫ് ആവശ്യപ്പെട്ടു. ലക്ഷ്യപ്രാപ്തിവരെ തന്റെ നിരാഹാര സമരം തുടരുമെന്നും സമരത്തെ തുരങ്കം വയ്ക്കുവാന്‍ ശ്രമിക്കുന്ന കുത്സിത ശക്തികളെ ധീരമായി നേരിടുമെന്നും രാജീവ് പ്രഖ്യാപിച്ചു.
 
രാജീവ് ജോസഫിന്റെ സമര ഏകോപന കമ്മിറ്റി മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ സാജന്‍ ജോസഫ് ഔദ്യോഗിക പത്ര പ്രസ്താവനയിലൂടെ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.