You are Here : Home / USA News

ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ ത്രിദിനധ്യാനം ഡാളസ്സില്‍ നടത്തപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 09, 2014 03:29 hrs UTC

 

ഡെന്റണ്‍(ടെക്‌സസ്) : ക്രിസ്തുവിന്റെ സുവിശേഷം ഉദ്‌ഘോഷിച്ചു കൊണ്ട് ലോകപര്യടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏവരാലും അംഗീകരിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്ന ഫാ.സേവ്യര്‍ഖാന്‍ ക്രിസ്തുവിനുശേഷം ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ ഡന്റണില്‍ സംഘടിപ്പിച്ച ത്രിദിനധ്യാനം പങ്കെടുത്ത നൂറുകണക്കിന് വിശ്വാസികളില്‍ ആത്മീയ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിനും, ജീവിതത്തെ പുതുക്കി പ്രതിഷ്ഠിക്കുന്നതിനും ഇടയാക്കിയതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട
ആരോഗ്യരംഗത്ത് നഴ്‌സായി പ്രവര്‍ത്തിക്കുന്ന പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത വിവാഹിതയെങ്കിലും, മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോകുന്ന, യുവതിയുടെ അഭിപ്രായം ഇപ്രകാരമായിരുന്നു.

ശോഭനമായ ഭാവി പ്രതീക്ഷകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ട എനിക്ക് വിവാഹത്തിനുശേഷം ശാന്തിയും, സമാധാനവും നഷ്ടപ്പെട്ടു. ദാമ്പത്യ ജീവിതത്തില്‍ പരിപാലിക്കപ്പെടേണ്ട വിശുദ്ധിയുടെ പ്രമാണങ്ങളെല്ലാം തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുകയായിരുന്നു. ആത്മഹത്യയെ കുറിച്ചുപോലും ചിന്തിക്കേണ്ടി വന്ന അവസരം പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്നു. ഇതിനിടയിലാണ് വട്ടായിലച്ചന്റെ ധ്യാനം നടക്കുന്ന വിവരം അറിഞ്ഞത്. ജോലിയില്‍ നിന്നും അവധിയെടുത്ത് മൂന്നു ദിവസം പൂര്‍ണ്ണ സമയവും ധ്യാനത്തില്‍ പങ്കെടുത്തു. പകയുടെയും, വിദ്വേഷത്തിന്റെയും, അശാന്തിയുടെയും, കാര്‍മേഘപടലങ്ങളാല്‍ ശിഥിലമാക്കപ്പെട്ട ഹൃദയത്തോടു കൂടിയാണ് ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയതെങ്കില്‍, ധ്യാനം കഴിഞ്ഞ് പുറത്തിറങ്ങിയതാകട്ടെ മനസ്സില്‍ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ പെയ്‌തൊഴിഞ്ഞ് ശാന്തിയുടെയും, സ്‌നേഹത്തിന്റെയും പ്രകാശ കിരണഹ്ങള്‍ പുറപ്പെടുവിക്കുന്ന ശുദ്ധീകരിക്കപ്പെട്ട ഒരു ഹൃദയത്തിന്റെ ഉടമയായിട്ടാണ്. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ വിജയകരമായി എങ്ങനെ തരണം ചെയ്യാം എന്ന വലിയ സത്യം എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. തെറ്റുകളില്‍ നിന്നു കൂടുതല്‍ തെറ്റുകളിലേക്ക് വഴുതി വീഴുന്നതിന് പകരം ശരികളില്‍ നിന്നും കൂടുതല്‍ ശരികളിലേക്ക് ജീവിതത്തെ നയിക്കുന്നതിനുള്ള തീരുമാനം ഒരു വെല്ലുവിളിയായി സ്വീകരിച്ചു പ്രാവര്‍ത്തികമാക്കുവാന്‍ ധ്യാനത്തിലൂടെ എനിക്ക് കഴിഞ്ഞു.

ഇതൊരു വ്യക്തിയുടെ അഭിപ്രായമായിരുന്നെങ്കില്‍ കുടുംബത്തോടൊപ്പം ധ്യാനത്തില്‍ പങ്കെടുത്ത ഡാളസ്സിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ സജ്ജീവ സാന്നിധ്യമായി അറിയപ്പെടുന്ന പ്രമുഖനായ വ്യക്തിയുടെ അഭിപ്രായം ഇപ്രകാരമായിരുന്നു.

വിദ്യാഭ്യാസമോ, ധനമോ, അധികാരമോ, തുടങ്ങിയ എന്തെല്ലാം ജീവിതത്തില്‍ നേടിയാലും അതെല്ലാം ക്ഷണികമാണെന്നും, നിത്യത പ്രാപിക്കണമെങ്കില്‍ ക്രിസ്തുദേവനെ പൂര്‍ണ്ണമായും ഹൃദയത്തില്‍ സ്വീകരിക്കണമെന്നും, നല്ല ഫലങ്ങളായ സ്‌നേഹം, ദയ, പരോപകാര തല്പരത, വിനയം തുടങ്ങിയ സദ്ഗുണങ്ങള്‍ പ്രവര്‍ത്തിയിലൂടെ വെളിപ്പെടുത്തുകയും വേണമെന്ന സത്യം ഹൃദയത്തില്‍ രൂഢമൂലമാകുന്നതിനും, ഇതിനനുസൃതമായി കുടുംബജീവിതം ക്രമീകരിച്ചു. ഐക്യത്തോടെ മുന്നോട്ടു നയിക്കുന്നതിനുമുള്ള തീരുമാനം സ്വീകരിക്കുന്നതിനും ഈ ധ്യാനം ഇടയായിയത്രെ!

വട്ടായലച്ചന്റെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ പല വ്യക്തി-കുടുംബ ജീവിതങ്ങളെ സത്യപ്രകാശത്തിലേക്ക് നയിക്കുവാന്‍ ഇടയായതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നതിനും, ദൈവിക സത്യങ്ങളെ വിളിച്ചോതുന്ന ധ്യാനങ്ങളെ അപഹസിക്കുന്നതിനും ചിലരെങ്കിലും ശ്രമിക്കുന്നു എന്നുള്ളത് നിരാശാജനകവും, പ്രതിഷേധാര്‍ഹവുമാണെന്ന് പറയാതിരിക്കുവാന്‍ സാധ്യമല്ല.
ഫാ.സേവ്യര്‍ഖാന്‍ അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ബ്രിട്ടനില്‍ എത്തിയപ്പോള്‍ അവിടെയുള്ള ഒരു പ്രമുഖ കലാസാംസ്‌ക്കാരിക സംഘടനയുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ചിലവ്യക്തികള്‍ അച്ചനെതിരെ നടത്തിയ അപക്വമായ ചിലപരാമര്‍ശങ്ങള്‍ പത്രത്തിലൂടെ വായിച്ചറിഞ്ഞപ്പോള്‍ സംസ്‌ക്കാര സമ്പന്നരാണെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരുടെ നിലവാര തകര്‍ച്ചയെക്കുറിച്ച് വിലപിക്കുവാനാണ് തോന്നിയത്.

സംഘടനാ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ വ്യത്യസ്ഥ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അംഗങ്ങളുടെ വികാരത്തെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരാണെന്നുള്ള യാഥാര്‍ത്ഥ്യം വിസ്മരിച്ച് ചിലരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്തുവാന്‍ ശ്രമിക്കുന്നത് ഭൂഷണമല്ല. കലാസാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും, മതപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നവരുടെയും ആശയങ്ങള്‍ വിഭിന്നിങ്ങളായിരിക്കാം. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സമൂഹത്തില്‍ നന്മയുടെ വിത്തുകള്‍ പൊട്ടിമുളക്കുന്നത്. #ോരോ സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നവര്‍ അവരുടെ നിയോഗം വ്യക്തമായും മനസ്സിലാക്കുമ്പോള്‍ മറ്റുള്ളവരെ പഴിക്കുന്നതിനോ, അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനോ ഒരിക്കലും മുതിരുകയില്ല. ശരികളുടെ പൂര്‍ണ്ണത ഒരു പ്രവര്‍ത്തന രംഗത്തും  ദര്‍ശിക്കുവാന്‍ സാധ്യമല്ല. തെറ്റുകളും പരിമിതികളും നിരവധി ചൂണ്ടിക്കാണിക്കുവാന്‍ കഴിയും. മറ്റൊരാളുടെ ഉദേശ്യശുദ്ധിയെകുറിച്ച് ആധികാരികമായി പറയുവാന്‍ ആര്‍ക്കും അവകാശവുമില്ല. ഏതൊരാള്‍ക്കും എന്തും ഏതും എഴുതി പിടിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി സോഷ്യല്‍ മീഡിയായെ പ്രയോജനപ്പെടുത്തുന്നത് തികഞ്ഞ അപരാധമാണ്. അവനവന്റെ സംസ്‌ക്കാരമായിരിക്കും ഇതിലൂടെ പ്രതിഫലിക്കുന്നത്.

മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും നന്മ ഉണ്ടെങ്കില്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടികാണിച്ച് തിരുത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് മാന്യതയുടെ ലക്ഷണം.

ഫലമുള്ള വൃക്ഷണത്തിനേ കല്ലേറ് കിട്ടൂ എന്ന പഴഞ്ചൊല്ല് വിമര്‍ശകര്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും. അവനവന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് അവനവന്‍ തന്നെയാണ് ശിക്ഷ ഏറ്റുവാങ്ങേണ്ടത്. മതരാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മസംയമനം പാലിക്കുമ്പോള്‍ മാത്രമാണ് എല്ലാവരാലും പ്രശംസിക്കപ്പെടുക. ഫാ.സേവ്യര്‍ ഖാന്റെ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം തുടരുവാന്‍ ഇടയാകട്ടെ എന്നാണ് വിശ്വാസികളുടെ പ്രാര്‍ത്ഥന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.