You are Here : Home / USA News

സാഹിത്യകാരന്‍ എസ്. കെ. പിള്ളയ്ക്ക് ബാഷ്പാഞ്ജലി

Text Size  

Story Dated: Friday, September 20, 2019 10:53 hrs EDT

 
 
ഹ്യൂസ്റ്റന്‍ : വടക്കേ അമേരിക്കയിലെ ഒരു പ്രമുഖ കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന ശ്രീ. എസ്.കെ. പിള്ളയുടെ അന്ത്യം കഴിഞ്ഞ സെപ്തംബര്‍ 6ന് ആയിരുന്നു. പിറ്റേന്ന് സെപ്തംബര്‍ 7-ാം തീയതി ശവദാഹ ക്രീയകളും നടത്തി. ശങ്കരനാരായണ കെ. പിള്ള (എസ്.കെ. പിള്ള) മരണമടയുമ്പോള്‍ അദ്ദേഹത്തിന് 86 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പൊന്നമ്മ പിള്ള നേരത്തെ തന്നെ ചരമം പ്രാപിച്ചിരുന്നു. ഡോ. അരുണ പിള്ളയാണ് ഏക മകള്‍. ഡോ. അനില്‍ കുമാറാണ് മരുമകന്‍. ഡോ. അജയ് പിള്ള, ഡോ. ഗോപിക സൂരജ്, വിജയ പിള്ള എന്നിവരാണ് കൊച്ചുമക്കള്‍. ചരമമടഞ്ഞ ശങ്കര നാരായണ പിള്ളയും അരുണാചലം അമ്മാളുമാണ് എസ്.കെ. പിള്ളയുടെ മാതാപിതാക്കള്‍. ഹ്യൂസ്റ്റന്‍ നിവാസികളായ സുകുമാരന്‍ തമ്പിയും, സത്യന്‍ പിള്ളയും എസ്.കെ. പിള്ളയുടെ ഭാര്യാ സഹോദര•ാരാണ്. 
 
എസ്.കെ. പിള്ളയുടെ ജനനം ആലപ്പുഴയിലായിരുന്നു. ധനശാസ്ത്രത്തില്‍ ബിരുദമെടുത്ത അദ്ദേഹം 15 വര്‍ഷത്തിലേറെ ഭോപ്പാലില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തു. 1971-ല്‍  അമേരിക്കയിലെ ഹ്യൂസ്റ്റനിലേക്ക് കുടിയേറി. താമസിയാതെ അദ്ദേഹം ഹ്യൂസ്റ്റനിലെ ആദ്യകാല കലാസാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ ഒരു സജീവ സാന്നിദ്ധ്യമായി മാറി. ഹ്യൂസ്റ്റനില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ഹിന്ദു സൊസൈറ്റിയുടെ ഒരു സ്ഥാപക അംഗം കൂടിയായിരുന്നു അദ്ദേഹം. ഹ്യൂസ്റ്റന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഒരു സന്തത നിറ സാന്നിദ്ധ്യമായിരുന്നു എസ്.കെ. പിള്ള. കേരളാ റൈറ്റേഴ്‌സ് ഫോറത്തിലെ എസ്.കെ. പിള്ളയോടൊപ്പമുണ്ടായിരുന്ന സമകാലീനരും അതിനുശേഷം റൈറ്റേഴ്‌സ് ഫോറത്തിലേക്ക് കടന്നുവന്നവരുമായ ഡോ. സണ്ണി എഴുമറ്റൂര്‍, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, തോമസ് വര്‍ഗീസ്, ജോസഫ് മണ്ഡപം, ഡോ. മാത്യു വൈരമണ്‍, ബാബു കുരവക്കല്‍, എ.സി. ജോര്‍ജ്ജ്, ടി.എന്‍. സാമുവല്‍, ഷാജി ഫാംസ്, ജോണ്‍ തൊമ്മന്‍, ടോം വിരിപ്പന്‍, പീറ്റര്‍ പൗലോസ്, അനില്‍കുമാര്‍ ആറ•ുള, റവ. ഡോ. തോമസ് അമ്പലവേലില്‍, കുര്യന്‍ മ്യാലില്‍, ജോസഫ് പൊന്നോലി, ജോണ്‍ കുന്തറ, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്നേല്‍, മേരി കുരവയ്ക്കല്‍, തോമസ് തയ്യില്‍, ജോസഫ് തച്ചാറ, ഈശോ ജേക്കബ് തുടങ്ങിയവര്‍ എസ്.കെ. പിള്ളയെ അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയുമുണ്ടായി. 
 
ഹ്യൂസ്റ്റനിലെ മറ്റൊരു പ്രമുഖ ഭാഷാസാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ പ്രതിമാസയോഗം ആരംഭിച്ചതു തന്നെ നിര്യാതനായ സാഹിത്യകാരന്‍ എസ്.കെ. പിള്ളയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ്. അനുശോചന യോഗത്തില്‍ ബാഷ്പാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ജോര്‍ജ്ജ് മണ്ണിക്കരോട്ട്, ജോര്‍ജ്ജ് പുത്തന്‍കുരിശ്, പൊന്നുപിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, തോമസ് വര്‍ഗീസ്, ജോസഫ് പൊന്നോലി, ജോസഫ് തച്ചാറ, നയിനാന്‍ മാത്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു. 
 
ഹ്യൂസ്റ്റനില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ''ഉപാസന'' മാസികയുടെ പത്രാധിപനും കേരള നാദത്തിന്റെ മാനേജിംഗ് എഡിറ്ററുമായിരുന്നു എസ്.കെ. പിള്ള. നോവല്‍, കഥ, നാടകം, ഗദ്യം, കവിത എന്നീ മേഖലകളിലായി അദ്ദേഹം രചിച്ച ചില പുസ്തകങ്ങള്‍: പ്രകോപനം, സ്പര്‍ദ്ധ, ആര്‍.എം.പി, കടലാസ് കല്യാണം, പറുദീസായിലെ പാളിച്ചകള്‍, ബന്ധങ്ങള്‍ ബന്ധനങ്ങള്‍, വെല്‍കം ടു അമേരിക്ക, വേഷങ്ങള്‍ മുഖംമൂടികള്‍, ഭ്രമണം, ഗ്രീന്‍ കാര്‍ഡ്, കീഴചിറ പോലീസ് സ്റ്റേഷന്‍, ധ്രുവാന്തരം, കിഴക്കും പടിഞ്ഞാറും, തുടങ്ങിയവയാണ്. വിവിധ ഭാഷാസാഹിത്യ പ്രസ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ രചനകള്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ''ഹോട്ടല്‍ നബീസാ'' ''വെല്‍ക്കം ടു അമേരിക്ക'' എന്നീ സംഗീത നൃത്തനാടകങ്ങള്‍ അമേരിക്കയിലെ വിവിധ സ്റ്റേജുകളില്‍ അരങ്ങേറിയിട്ടുണ്ട്. 
 
കേരള ഹിന്ദു സൊസൈറ്റിക്കും, ഹ്യൂസ്റ്റനിലെ ഗുരുവായൂരപ്പന്‍ ക്ഷേത്ര സമിതിക്കുവേണ്ടിയും പ്രസിഡന്റ് ശ്രീ ശശിധരന്‍ നായര്‍ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി. അമേരിക്കയിലെ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി തൂലിക ചലിപ്പിച്ചിട്ടുള്ള എസ്.കെ. പിള്ളയുടെ വേര്‍പാട് സാഹിത്യ സാംസ്‌കാരിക ലോകത്തിന് ഒരു അപരിഹാര്യമായ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ രചനകള്‍ മാനവ ഹൃദയങ്ങളില്‍ എന്നെന്നും തങ്ങിനില്‍ക്കുമെന്നും അനേകം അനുവാചകരും വായനക്കാരും അദ്ദേഹത്തിന്റെ സ്മരണക്കു മുമ്പില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More