You are Here : Home / USA News

ചിക്കാഗോ കെ.സി.എസ്. ഭവനരഹിതര്‍ക്ക് ഒരു അത്താണി

Text Size  

Story Dated: Wednesday, April 24, 2019 12:45 hrs UTC

ജോസ് കണിയാലി
 
 
 
വെളിയനാട്: സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ (സുനില്‍ ടീച്ചര്‍) നിര്‍ദ്ധനരായ ഭവനരഹിതര്‍ക്ക് പണിതുനല്‍കുന്ന 131-ാമത്തെ വീട് കുട്ടനാട്ടിലെ ബിനുവിനും കുടുംബത്തിനും നല്‍കി. മഹാപ്രളയത്തില്‍ വീട് നഷ്ടമായതിനെ തുടര്‍ന്ന് താല്‍ക്കാലിക ഷെഡിലാണ് വെളിയനാട് പഞ്ചായത്ത് ഒന്നാംവാര്‍ഡ് സ്വദേശിയായ ബിനു ആന്റണിയുടെ കുടുംബം കഴിഞ്ഞിരുന്നത്. 
 
ഓരോ വീടിനും ഒരു സ്‌പോണ്‍സറെ  കണ്ടെത്തി ടീച്ചറുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം. വെളിയനാട്ട് ചിക്കാഗോ ആസ്ഥാനമായുള്ള ക്‌നാനായ കാത്തലിക് സൊസൈറ്റിയാണ് മൂന്ന് വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ഒന്നരമാസം കൊണ്ടാണ്  നിര്‍മ്മാണം പൂര്‍ത്തിയായത്. 
 
കുട്ടനാട്ടില്‍ ബിനുവിന്റെ കുടുംബത്തിന് പുറമേ മറ്റ് രണ്ട് കുടുംബങ്ങള്‍ക്കുകൂടി സുനില്‍ ടീച്ചര്‍ വീടുകള്‍  പണിതുനല്‍കി. ഇതിനുപറമെ 134-ാമത്തെ വീടിന്റെ നിര്‍മ്മാണവും കുട്ടനാട്ടില്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. 
 
ഡോ.എം.എസ്. സുനില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സുവോളജി വിഭാഗം മുന്‍ മേധാവിയായിരുന്നു. സ്വന്തമായി ഒരു സംഘടനയില്ലാതെയാണ് ഇതിനോടകം ടീച്ചര്‍ 133 വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയത്. കുട്ടനാടിന് പുറമെ മറ്റ് പ്രളയമേഖലകളിലായി ഒന്‍പത് വീടുകള്‍ പണിതു നല്‍കിയിട്ടുണ്ട്. 
 
വെളിയനാട്ട് നടന്ന ചടങ്ങില്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി മുന്‍ പ്രസിഡന്റായ ജോസ് കണിയാലി വീടിന്റെ താക്കോല്‍ കൈമാറി. ഡോ. എം.എസ്. സുനില്‍, മിഖായേല്‍ പള്ളി വികാരി ഫാ. ജോബി കണ്ണാലയില്‍, വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കല്‍, ജെയിംസ്  തെക്കനാട്ട്, സണ്ണി, കുഞ്ഞുമോന്‍, കെ.പി. ജയലാല്‍ എന്നിവര്‍ പങ്കെടുത്തു. 
 
2017-2018 കാലയളവില്‍ ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റായിരുന്ന ബിനു പൂത്തറയിലിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ഭവനനിര്‍മ്മാണത്തിന് സാമ്പത്തികസഹായം നല്‍കിയത്. സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവരായിരുന്നു മറ്റ് കമ്മറ്റിയംഗങ്ങള്‍. നാലുലക്ഷം വീതം മുതല്‍മുടക്കുള്ള മൂന്ന് വീടുകളാണ് ചിക്കാഗോ കെ.സി.എസ്. സ്‌പോണ്‍സര്‍ ചെയ്തത്. 
 
ബിനു പൂത്തുറയിലിന്റെ നേതൃത്വത്തിലുള്ള മുന്‍ എക്‌സിക്യൂട്ടീവിന്റെ ഈ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ പ്രസ്താവിച്ചു. 
 
 
 
റിപ്പോര്‍ട്ട്: ജോസ് കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.