You are Here : Home / USA News

ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ പള്ളിയില്‍ വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ഭക്തിസാന്ദ്രം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, September 08, 2014 06:37 hrs UTC

 
ഫിലഡല്‍ഫിയ: മരിയ ഗീതങ്ങളുടെയും, ആവേ മരിയ സ്‌തുതിപ്പുകളുടെയും ഹെയ്‌ല്‍ മേരി മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയോന്മുഖമായ അന്തരീക്ഷത്തില്‍ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ്‌ മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി ആരോഗ്യ മാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കപ്പെട്ടു. തമിഴരും, തെലുങ്കരും, കന്നടക്കാരും, ഹിന്ദിക്കാരും, മലയാളികളും ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഡ്യന്‍ ക്രൈസ്‌തവസമൂഹങ്ങളും, ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിനു മരിയഭക്തരും കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയില്‍ നിന്നും ഏഴാം കടലിനക്കരെയെത്തി ഫിലാഡല്‍ഫിയാ സാഹോദര്യനഗരത്തിനു തിലകക്കുറിയായി വിരാജിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ്‌ മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥിരപ്രതിഷ്‌ഠനേടിയ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി ആത്മനിര്‍വൃതിയടഞ്ഞു.
 
സെപ്‌റ്റംബര്‍ 6 ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിമുതല്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ പാശ്ചാത്യരും പൗരസ്‌ത്യരുമായ അനേകം മരിയഭക്തര്‍ പങ്കെടുത്തു. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്‌തവസമൂഹങ്ങളുടെയും ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ റവ. കാള്‍ പീബറുടെ നേതൃത്വത്തില്‍ മിറാക്കുലസ്‌ മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു മുന്‍കൈ എടുത്തത്‌. 
 
മിറാക്കുലസ്‌ മെഡല്‍ നൊവേന, സീറോമലബാര്‍ റീത്തിലുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാന (ഇംഗ്ലീഷ്‌), വേളാങ്കണ്ണി മാതാവിന്റെ നൊവേന, വിവിധ ഭാഷകളില്‍ ജപമാലപ്രാര്‍ത്ഥനചൊല്ലി നൈറ്റ്‌സ്‌ ഓഫ്‌ കൊളംബസിന്റെ അകമ്പടിയോടെ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, രോഗികള്‍ക്കു സൗഖ്യത്തിനായി വിശേഷാല്‍ പ്രാര്‍ത്ഥനയും, ആശീര്‍വാദവും, ആരോഗ്യമാതാവിന്റെ രൂപം വണങ്ങി നേര്‍ച്ചകാഴ്‌ച്ചസമര്‍പ്പണം എന്നിവയായിരുന്നു തിരുക്കര്‍മ്മങ്ങള്‍. ശുശ്രൂഷകള്‍ക്ക്‌ സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി, റവ. ഫാ. ജോസഫ്‌ ലൂക്കോസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
 
ഭാരതീയക്രൈസ്‌തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവില്‍ ജാതിമത ഭേദമെന്യേ?എല്ലാവരും പങ്കെടുത്ത്‌ ആരോഗ്യമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിച്ചു. കുചേലകുബേരഭേദമെന്യേയും, ഹൃദയകാഠിന്യങ്ങള്‍ക്കു വിടനല്‍കിയും, ദീനരും, അശരണരും, തെറ്റുകുറ്റക്കാരും, അഹംഭാവികളും, പശ്ചാത്തപിക്കുന്നവരും, അന്യായ പലിശക്കാരും, അവസരവാദികളും, പരദൂഷണക്കാരും ഒരേപോലെ?പൊറുതി യാചിച്ചഭയം തേടിയെത്തുന്നത്‌ മാതൃസന്നിധിയിലാണു. 
 
വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം 2012 സെപ്‌റ്റംബര്‍ എട്ടിനാണ്‌ ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ്‌ മെഡല്‍ ഷ്രൈനില്‍ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ്‌ മിറാക്കുലസ്‌ മെഡല്‍ എക്‌സിക}ട്ടീവ്‌ ഡയറക്ടര്‍ റവ. ഫാ. കാള്‍ പീബര്‍, അന്നത്തെ ഫിലാഡല്‍ഫിയാ സീറോമലബാര്‍പള്ളി വികാരിയായിരുന്ന?റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിര്‍ത്തി പ്രതിഷ്‌ഠിച്ചത്‌. 
 
സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ബിജി ജോസഫ്‌, വിന്‍സന്റ്‌ ഇമ്മാനുവല്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ സീറോമലബാര്‍ ഇടവകയിലെ സെ. മേരീസ്‌, ബ്ലസഡ്‌ കുഞ്ഞച്ചന്‍ എന്നീ വാര്‍ഡു കൂട്ടായ്‌മകളും തിരുനാളിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തു.
 
? വാര്‍ഡ്‌ പ്രസിഡന്റുമാരായ ജോസഫ്‌ സി. ചെറിയാന്‍ (ജോജി ചെറുവേലില്‍), ജോസ്‌ തോമസ്‌ (ജനറല്‍ കോര്‍ഡിനേറ്റര്‍), സൂസന്‍ ഡൊമിനിക്കിന്റെ നേതൃത്വത്തില്‍ മരിയന്‍ മദേഴ്‌സ്‌, ഭക്തസംഘടനാഭാരവാഹികള്‍, മതബോധനസ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ തിരുനാള്‍ ഒരുക്കങ്ങള്‍ക്കു സഹായകരായി. ജേക്കബ്‌ ചാക്കോ (ജയ്‌ക്ക്‌) യുടെ നേതൃത്വത്തിലുള്ള അള്‍ത്താര ശുശ്രൂഷ, സീറോമലബാര്‍ യൂത്ത്‌ ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ഗാനങ്ങള്‍, ജോസ്‌ പാലത്തിങ്കലിന്റെ മേല്‍നോട്ടത്തിലുള്ള ശബ്ദനിയന്ത്രണം എന്നിവ വിശുദ്ധകര്‍മ്മങ്ങള്‍ക്കു പ്രഭയേകി. ഫോട്ടോ: ജോസ്‌ ജോസഫ്‌
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.