You are Here : Home / USA News

26-മത്‌ ജിമ്മി ജോര്‍ജ്‌ ടൂര്‍ണമെന്റ്‌ വാഷിംഗ്‌ടണില്‍ സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 10, 2014 05:51 hrs EDTവാഷിംഗ്‌ടണ്‍: മികവുറ്റ മല്‍സരങ്ങള്‍ കൊണ്ടും സംഘടനാ പാടവം കൊണ്ടും മാറ്റു തെളിയിച്ച 26 -മത്‌ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ ടൂര്‍ണമെന്റിനു വാഷിങ്ങ്‌ടണില്‍ തിരശീല വീണു. കേരളത്തിന്റെ തനതായ ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും അകമ്പടിയോടു കൂടി യൂണിവേഴ്‌സിറ്റി ഓഫ്‌ മേരിലാന്റിലെ റിച്ചീ കോളീസിയത്തില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ്‌ ടൂര്‍ണമെന്റിന്റെ ഉല്‌ഘാടനം മെയ്‌ 24ന്‌ നടന്നത്‌. ചടങ്ങില്‍ ജിമ്മി ജോര്‍ജിന്റെ സഹോദരന്‍ ശ്രീ ജോസ്‌ ജോര്‍ജ്‌ മുഖ്യ അതിഥിയായിരുന്നു. KVLNA ചെയര്‍മാനായ ശ്രീ തോമസ്‌ ഫിലിപ്‌ ,കമ്യൂണിറ്റി നേതാക്കളായ ശ്രീ ബിനോയ്‌ തോമസ്‌ (Commissioner - Commission on Environmental Justice and Sustainable Communities CEJSC), ശ്രീ രാജ്‌ കുറുപ്പ്‌ തുടങ്ങിയവരും പങ്കെടുത്തു.

കുമാരി എലിസബത്ത്‌ ഐപ്പിന്റെ പ്രാര്‍ഥനാ ഗാനത്തോടെ തുടങ്ങിയ ഉദ്‌ഘാടന ചടങ്ങില്‍ ടൂര്‍ണമെന്റ്‌ കണ്‍വീനറായ ശ്രീ തോമസ്‌ സെബാസ്റ്റിയന്‍ സ്വാഗതവും കെ.വി.എല്‍.എന്‍.എ ചെയര്‍മാന്‍ ശ്രീ തോമസ്‌ ഫിലിപ്‌ ഉഗ്‌ഘാടന പ്രസംഗവും നടത്തി. കഴിഞ്ഞ 25 വര്‍ഷങ്ങളായി ജിമ്മി ജോര്‍ജിന്റെ സ്‌മരണ നില നിര്‍ത്തുവാന്‍ കെ.വി.എല്‍.എന്‍.എ നടത്തുന്ന സംരംഭങ്ങളെ ശ്രീ ജോസ്‌ ജോര്‍ജ്‌ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ശ്ലാഘിച്ചു. ടൂര്‍ണമെന്റ്‌ സൂവനീറിനെ പറ്റി എഡിറ്റര്‍ ശ്രീ രാജീവ്‌ ജോസഫ്‌ സംസാരിക്കുകയും സുവനീറിന്റെ ഔദ്യോഗീക ഉദ്‌ഘാടനം മുഖ്യ അതിഥി നിര്‍വഹിക്കുകയും ചെയ്‌തു. ചടങ്ങില്‍ ശ്രീ ബിനോയ്‌ തോമസ്‌, ശ്രീ രാജ്‌ കുറുപ്പ്‌ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു. കുമാരിമാരായ സിബിള്‍, മായ, സമാന്ത എന്നിവര്‍ യു.എസ്‌, കാനഡാ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ ആലപിച്ചതോടെ കാണികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മല്‍സരങ്ങള്‍ക്ക്‌ തുടക്കമായി.

മൂന്ന്‌ ഗ്രൂപ്പുകളിലായി 13 ടീമുകളാണ്‌ യു.എസിലും കാനാഡായിലും നിന്നുമായി ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്‌. വാശിയേറിയ 23 ലീഗ്‌ മാച്ചുകള്‍ക്കുശേഷം ഡാളസ്‌ സ്‌ട്രൈക്കേഴ്‌സ്‌, ന്യൂയോര്‍ക്ക്‌ സ്‌പൈക്കേഴ്‌സ്‌, ടൊറന്റോ സ്റ്റാലിയന്‍സ്‌, ഷിക്കാഗോ കൈരളി ലയണ്‍സ്‌, താമ്പാ ടൈഗേഴ്‌സ്‌, ബഫല്ലോ സോള്‍ജിയേഴ്‌സ്‌ എന്നീ ടീമുകള്‍ രണ്ടാം ദിവസത്തിലെ പ്ലേയോഫ്‌ ഘട്ടത്തിലേക്കു പ്രവേശിച്ചു.

നോക്കൗട്ട്‌ അടിസ്ഥാനത്തിലായിരുന്നു രണ്ടാം ദിവസത്തിലെ പ്ലേയോഫ്‌ മല്‍സരങ്ങള്‍. ആദ്യദിവസത്തേക്കാള്‍ വീറും വാശിയും നിറഞ്ഞ്‌ കാണികളെ ത്രസിപ്പിച്ച രണ്ടാം ദിവസത്തിലെ മല്‍സരങ്ങള്‍ക്കൊടുവില്‍ ഷിക്കാഗോ കൈരളി ലയണ്‍സും ടൊറോന്റൊ സ്റ്റാലിയണ്‍സും 26-മത്‌ ജിമ്മി ജോര്‍ജ്‌ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. നിറഞ്ഞു കവിഞ്ഞ ഗാലറികളെ സാക്ഷി നിര്‍ത്തികൊണ്ടു ഒടുവില്‍ ഷിക്കാഗോ കൈരളി ലയണ്‍സിന്റെ യുവനിര ടോറോന്റൊ സ്റ്റാലിയണ്‍സിന്റെ പരിചയസമ്പത്തിനെ മറീകടന്ന്‌ ട്രോഫി സ്വന്തമാക്കി.

40 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കു വേണ്ടിയുള്ള മല്‍സരങ്ങളില്‍ ന്യൂയോര്‍ക്കും 18 വയസിനു താഴെയുള്ളവര്‍ക്കു വേണ്ടിയുള്ള മല്‍സരങ്ങളില്‍ ഫിലഡെല്‍ഫിയായും വിജയികളായി.

സമ്മാനദാനചടങ്ങില്‍ ശ്രീ ജോസ്‌ ജോര്‍ജ്‌, ശ്രീ ഗോപിനാഥ്‌ മുതുകാട്‌ (പ്രശസ്‌ത മാന്ത്രികന്‍) , ശ്രീ ബിനോയ്‌ തോമസ്‌, ശ്രീ തമ്പി ആന്റണി, ശ്രീ പാര്‍ഥസാരഥി പിള്ള, ശ്രീ തൊമസ്‌ ജോസ്‌, ശ്രീ രാജ്‌ കുറുപ്പ്‌, ശ്രീ വിന്‍സന്‍ പാലത്തിങ്കല്‍, ടൂര്‍ണമെന്റ്‌ സ്‌പോണ്‍സര്‍ ശ്രീ ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ പങ്കെടുത്തു.

ടൂര്‍ണമെന്റിലെ ബെസ്റ്റ്‌ ഒഫന്‍സീവ്‌ പ്ലെയര്‍ അവാര്‍ഡ്‌ ചിക്കാഗോ കൈരളി ലയണ്‍സിലെ ശ്രീ റിന്റു ഫിലിപ്പും , ബെസ്റ്റ്‌ ഡിഫന്‍സീവ്‌ പ്ലെയര്‍ അവാര്‍ഡ്‌ ടൊറോന്റോ സ്റ്റാലിയണ്‍സിലെ ശ്രീ ജോ കോടൂറും, Bestsetter&the Most Valuable Player അവാര്‍ഡുകള്‍ ചിക്കാഗോ കൈരളി ലയണ്‍സിലെ തന്നെ ശ്രീ സനില്‍ തോമസും കരസ്ഥമാക്കി.

ടൂര്‍ണമെന്റിനു ശേഷം നടന്ന ഡിന്നര്‍ വിരുന്നും സംഗീതനിശയും കാണികള്‍ക്ക്‌ എന്നും ഓര്‍മിക്കതക്ക തരത്തിലുള്ളതായി. രുചികരമായ അത്താഴവും വാഷിങ്ങ്‌ടണിലെ കലാകാരന്മാരുടെ കലാവിരുന്നും ഡിജെ സണ്ണിയുടെ റോക്ക്‌ സംഗീതവും ചേര്‍ന്ന്‌ ടൂര്‍ണമെന്റിന്റെ പരിസമാപ്‌തിയെ ഏറെ കൊഴുപ്പിച്ചു. റ്റൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറായ ഈഗിള്‍ ബാങ്കിന്റെ ശ്രീ രാജ്‌ മഹാജനേയും, ബി. ഡബ്ല്യു കിംഗ്‌സിന്റെ കോച്ചും അമരക്കാരനുമായ ശ്രീ സജന്‍ മാത്യൂവിനേയും ആദരിക്കാന്‍ കൂടി ഈ വേദി ഉപകരിച്ചു.

ഈ വര്‍ഷത്തെ ടൂര്‍ണമെന്റ്‌ ഇത്രയും മികച്ചതാക്കാന്‍ സഹായ ഹസ്‌തങ്ങള്‍ നീട്ടിയ കെ.വി.എല്‍.എന്‍.എ പങ്കെടുത്ത ടീമുകള്‍, സ്‌പോണ്‍സര്‍മാര്‍, വോളന്റീയര്‍മാര്‍ തുടങ്ങി എല്ലാവരേയും നന്ദിയോടെ അനുസ്‌മരിക്കുന്നു.

ടൂര്‍ണമെന്റ്‌ കമ്മിറ്റിക്കുവേണ്ടി, തോമസ്‌ സെബാസ്റ്റിയന്‍ (കണ്‍വീനര്‍), ജെറീഷ്‌ ജോസ്‌, ബ്രീസ്‌ ജോണി, സുധീപ്‌ പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More