You are Here : Home / USA News

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാനം വിജയകരമായി നടത്തി

Text Size  

Story Dated: Thursday, June 05, 2014 08:59 hrs UTC


ന്യൂജേഴ്‌സി: വടക്കേ ന്യൂജേഴ്‌സിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളി സാംസ്കാരിക സംഘടനയായ കേരള സമാജം ഓഫ് ന്യൂജേഴ്‌സി മെയ് 25-ന് ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് രക്തദാന ക്യാമ്പ് വിജയകരമായി നടത്തി. കേരള സമാജത്തിന്റെ ആതുര സേവന സംരംഭങ്ങളുടെ ഭാഗമായി ഇത് മൂന്നാം വര്‍ഷമാണ് രക്തദാനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെതന്നെ ഈവര്‍ഷവും ന്യൂജേഴ്‌സി ബ്ലഡ് സെന്ററുമായി സഹകരിച്ചാണ് രക്തദാനം സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം നാലുമണിയോടുകൂടി അവസാനിച്ചപ്പോള്‍ നാല്‍പ്പതില്‍പ്പരം വ്യക്തികള്‍ക്ക് രക്തം ദാനം ചെയ്യുവാന്‍ സാധിച്ചു. ഏകദേശം അറുപതോളം വ്യക്തികള്‍ സന്നദ്ധരായി മുന്നോട്ടുവന്നിരുന്നെങ്കിലും ആരോഗ്യപരവും സാങ്കേതികവുമായ കാരണങ്ങളാല്‍ ചിലര്‍ക്ക് രക്തം ദാനം ചെയ്യുവാന്‍ സാധിച്ചില്ല.

ഈ സംരംഭത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോര്‍ഡിനേറ്റര്‍ ടോമി തോമസിനോടൊപ്പം സമാജം പ്രസിഡന്റ് ബോബി തോമസ്, കമ്മിറ്റി അംഗങ്ങളായ തോമസ് തോമസ്, സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍, അനു ചന്ദ്രോത്ത്, ഹരികുമാര്‍ രാജന്‍, സിറിയക് കുര്യന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. ഈ സംരംഭത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും, കൂടാതെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിതന്ന സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് അധികൃതര്‍ക്കും, രാക്തം ദാനം ചെയ്യാനായി സന്നദ്ധരായി വന്നവര്‍ക്കും, ന്യൂജേഴ്‌സി ബ്ലഡ് സെന്ററിനും പ്രസിഡന്റ് ബോബി തോമസ് നന്ദി പറഞ്ഞു. അടുത്തവര്‍ഷവും രക്തദാന ക്യാമ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഈ സംഘടനയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി മലയാളം സ്കൂള്‍, പിയാനോ, കീബോര്‍ഡ്, ശാസ്ത്രീയ സംഗീത ക്ലാസുകള്‍ എന്നിവ നടത്തിവരുന്നു. സംഘടനയെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ സന്ദര്‍ശിക്കുക: www.keralasamajamnj.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.