You are Here : Home / USA News

സെന്റ്‌ അല്‍ഫോന്‍സാ ഫൊറോനയായി; അറ്റ്‌ലാന്റാ ആഹ്ലാദനിറവില്‍

Text Size  

Story Dated: Wednesday, May 14, 2014 06:24 hrs EDT

അറ്റ്‌ലാന്റാ: വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം താണ്ടുന്ന അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ ഇടവക പള്ളി അഭിമാന നിറവില്‍. മാതൃദിനത്തില്‍ പ്രാര്‍ത്ഥനാ നിരതരായ നൂറുകണക്കിന്‌ വിശ്വാസി സമൂഹത്തെ സാക്ഷി നിര്‍ത്തി സീറോ മലബാര്‍ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയെ ഫൊറോനാ പള്ളിയായി ഉയര്‍ത്തി. വടക്കേ അമേരിക്കന്‍ ഭൂഖണ്‌ഡത്തില്‍ വ്യാപിച്ചുകിടക്കുന്ന ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ ഏകോപിപ്പിക്കുകയെന്ന ദൗത്യമാണ്‌ ഫൊറോനാ പള്ളികള്‍ക്കുള്ളതെന്ന്‌ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍ അങ്ങാടിയത്ത്‌ പറഞ്ഞു.

 

രൂപതയുടെ 32 ഇടവകകളിലും, 36 മിഷനുകളിലുമായി ചിതറിക്കിടക്കുന്ന പതിനായിരക്കണക്കിന്‌ വിശ്വാസികളുടെ അജപാലന ദൗത്യത്തില്‍ ഫൊറോനകള്‍ക്കും അവയുടെ വികാരിമാര്‍ക്കും വലിയ പങ്ക്‌ വഹിക്കാനുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ദിവ്യബലി മധ്യേ ബൈബിള്‍ വായനയ്‌ക്കുശേഷമായിരുന്നു അറ്റ്‌ലാന്റാ ഇടവകയെ ഫൊറോനയായി ഉയര്‍ത്തുന്ന ഔദ്യോഗിക പ്രഖ്യാപനം രൂപതാധ്യക്ഷന്‍ നിര്‍വഹിച്ചത്‌. ദേവാലയത്തില്‍ തിങ്ങി നിറഞ്ഞിരുന്ന വിശ്വാസികള്‍ ആഹ്ലാദാരവങ്ങളോടെ ബിഷപ്പിന്റെ പ്രഖ്യാപനത്തെ വരവേറ്റു. അറ്റ്‌ലാന്റാ ഫൊറോനയുടെ പരിധിയില്‍ വരുന്ന കെന്റക്കി ലൂയി വില്ലെ ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ മിഷന്‍, നോര്‍ത്ത്‌ കരോലിന റാലി ലൂര്‍ദ്‌ മാതാ സീറോ മലബാര്‍ പള്ളി, ടെന്നസി നാഷ്‌വില്ലെ മദര്‍ തെരേസാ സീറോ മലബാര്‍ മിഷന്‍ എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങിന്‌ സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു. അറ്റ്‌ലാന്റാ ഫൊറോനാ രൂപീകരണവും അതിന്റെ വികാരിയായി (പ്രോട്ടോ പ്രസ്‌ബിറ്റര്‍) ഫാ. മാത്യു ഇളയിടത്തുമഠത്തിന്റെ നിയമനവും സംബന്ധിച്ച്‌ രൂപതാധ്യക്ഷന്‍ പുറപ്പെടുവിച്ച പ്രഖ്യാപനം ലൂയി വില്ലെ ഡിവൈന്‍ മേഴ്‌സി മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോണ്‍ പൊഴത്തുപറമ്പില്‍ വായിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ മാര്‍ അങ്ങാടിയത്ത്‌ വികാരിക്കും കൈക്കാരന്മാര്‍ക്കും കൈമാറി. സീറോ മലബാര്‍ രൂപതാ കണ്‍വെന്‍ഷന്‌ 2012-ല്‍ ആതിഥ്യംവഹിച്ച്‌ ചരിത്രമെഴുതിയ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയുടെ വളര്‍ച്ചയിലെ നാഴികക്കല്ലായി മാറിയ ഫൊറോനാ പ്രഖ്യാപന വേളയില്‍ മാര്‍ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫൊറോനാ വികാരി ഫാ. മാത്യു ഇളയടത്തുമഠം, ആദ്യ വികാരിയായിരുന്ന ഫാ. ജോസഫ്‌ മുല്ലക്കര, ഫാ. ജോണ്‍ പൊഴത്തുപറമ്പില്‍ , ഫാ. സാജു, ഫാ. ബിജു എന്നിവര്‍ സഹകാര്‍മികരായി.

 

 

ദിവ്യബലിക്കുശേഷം നടന്ന സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഫൊറോനാ വികാരി ഫാ. മാത്യു ഇളയടത്തുമഠം, കെന്റക്കി ഡിവൈന്‍ മേഴ്‌സി മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോണ്‍ പൊഴത്തുപറമ്പില്‍, നോര്‍ത്ത്‌ കരോലിന ലൂര്‍ദ്‌ മാതാ പള്ളി പ്രതിനിധി സി.ജെ. തോമസ്‌, ടെന്നസി മദര്‍ തെരേസാ മിഷന്‍ പ്രതിനിധി ബബ്‌ലു ചാക്കോ, സെന്റ്‌ അല്‍ഫോന്‍സാ പള്ളി പ്രതിനധി തോമസ്‌ ജോര്‍ജ്‌ കിഴക്കേത്തലയ്‌ക്കല്‍, മരിയന്‍ മിനിസ്‌ട്രി പ്രതിനിധി ജാന്‍സി ശ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ നിലവിളക്ക്‌ തെളിയിച്ചു. ഫാ. ജോണ്‍ പൊഴത്തുപറമ്പില്‍, വിവിധ പള്ളി പ്രതിനിധികളായ ജോര്‍ജ്‌ ജോസഫ്‌ കുറ്റിക്കല്‍ (നോര്‍ത്ത്‌ കരോലിന), സാം ആന്റോ പുത്തന്‍കളം (ടെന്നസി), ജോര്‍ജ്‌ ഇളംപ്ലക്കാട്ട്‌ (അറ്റ്‌ലാന്റാ), നൈറ്റ്‌സ്‌ ഓഫ്‌ കൊളംബസ്‌ പ്രതിനിധി ജോജി മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു. മാത്യു തോട്ടുമാരിക്കല്‍ സ്വാഗതവും, പള്ളി ട്രസ്റ്റി സിബി കരിപ്പാപ്പറമ്പില്‍ നന്ദിയും പറഞ്ഞു. മാതൃദിനത്തില്‍ അറ്റ്‌ലാന്റാ ഇടവകയില്‍ പ്രവര്‍ത്തനം ആരംഭിച്ച മാതൃസംഘടനയായ മരിയന്‍ മിനിസ്‌ട്രിയുടെ ഉദ്‌ഘാടനവും മാര്‍ അങ്ങാടിയത്ത്‌ നിര്‍വഹിച്ചു. മാതൃസഭയോട്‌ ചേര്‍ന്ന്‌ നിന്ന്‌ ക്രൈസ്‌തവ വിശ്വാസത്തിലും ആത്മീയതയിലും കുട്ടികളെ വളര്‍ത്തുവാനുള്ള ഉത്തരവാദിത്വം അമ്മമാരുടേതാണെന്ന്‌ രൂപതാധ്യക്ഷന്‍ ഓര്‍മ്മിപ്പിച്ചു. മാതൃസഭാ ഇടവകയില്‍ ഞായറാഴ്‌ച തിരുകര്‍മ്മങ്ങളില്‍ പങ്കാളികളാകാന്‍ സഭാ വിശ്വാസികള്‍ക്ക്‌ കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടവകയിലെ മുഴുവന്‍ അമ്മമാര്‍ക്കും മാതൃദിനത്തോടനുബന്ധിച്ച്‌ പ്രത്യേക ഉപഹാരവും ബിഷപ്പ്‌ സമ്മാനിച്ചു. ഫൊറോനാ പ്രഖ്യാപനത്തിനും, കുട്ടികളുടെ ആദ്യകുര്‍ബാന, സ്ഥൈര്യലേപന ശുശ്രൂഷകള്‍ക്കുമായി അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയില്‍ രൂപതാധ്യക്ഷന്‍ നടത്തിയ ത്രിദിന സന്ദര്‍ശനം അവിസ്‌മരണീയമായി മാറി. വികാരി ഫാ. മാത്യു ഇളയടത്തുമഠത്തിന്റേയും, കൈക്കാരന്മാര്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, നൈറ്റ്‌സ്‌ ഓഫ്‌ കൊളംബസ്‌ സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ അങ്ങാടിയത്തിനെ വരവേറ്റു. ശനിയാഴ്‌ച മാര്‍ അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഇടവകയിലെ 17 കുട്ടികള്‍ ആദ്യകുര്‍ബാനയും, 14 കുട്ടികള്‍ സ്ഥൈര്യലേപനവും സ്വീകരിച്ചു. ഫാ. മാത്യു ഇളയടത്തുമഠം, ഫാ. സാജു, ഫാ. ബിജു, ഫാ. ആന്റോ എന്നിവര്‍ സഹകാര്‍മികരായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More