You are Here : Home / USA News

ഫൊക്കാന വിമന്‍സ്‌ ഫോറം ഹെല്‍ത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചു

Text Size  

Story Dated: Wednesday, April 09, 2014 10:23 hrs UTC

ന്യൂയോര്‍ക്ക്‌: ഫൊക്കാന വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിമന്‍സ്‌ ഹിസ്റ്ററി മന്‍തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഹെല്‍ത്ത്‌ സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ ബോധവത്‌ക്കരണം ജനങ്ങളില്‍ എത്തിക്കുകയെന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ന്യൂയോര്‍ക്ക്‌ മെട്രോ മേഖലയില്‍ നിന്ന്‌ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. മാര്‍ച്ച്‌ 29 ശനിയാഴ്‌ച ഉച്ചതിരിഞ്ഞ്‌ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത്‌ ടൈസണ്‍ അവന്യുവില്‍ വിമന്‍സ്‌ ഫോറം നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ലീലാ മാരേട്ടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ്‌ മേരി ഫിലിപ്പ്‌ ഉദ്‌ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ലീലാ മാരേട്ട്‌ പരിപാടികളെപ്പറ്റി വിശദീകരിക്കുകയും മേരി ഫിലിപ്പ്‌ സ്വാഗതം ആശംസിക്കുകയുമുണ്ടായി.

 

നോര്‍ത്ത്‌ ഷോര്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ പ്രമേഹരോഗ വിദഗ്‌ദ്ധ ഡോ. ആലിസണ്‍ മയേഴ്‌സ്‌, പോഷകാഹാര വിദഗ്‌ദ്ധ ഡോ. അംബികാ ചൗള, ക്യാന്‍സര്‍ വിഭാഗം വിദഗ്‌ദ്ധ ഡോ. സ്വീറ്റി ഏലിയാസ്‌ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ആരോഗ്യപരമായി എങ്ങനെ ജീവിക്കാം എന്ന വിഷയത്തില്‍ അവരവരുടെ വൈദഗ്‌ദ്ധ്യത്തില്‍ നിന്ന്‌ പ്രഭാഷണം നടത്തുകയും, ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുകയുമുണ്ടായി. വിമന്‍സ്‌ ഫോറം സെക്രട്ടറി ലൈസി അലക്‌സ്‌ അംബികാ ചൗളയേയും, ട്രഷറര്‍ ബാല വിനോദ്‌ ഡോ. ആലിസണ്‍ മയേഴ്‌സിനെയും, ജെസ്സി കാനാട്ട്‌ ഡോ. സ്വീറ്റി ഏലിയാസിനെയും സദസ്സ്യര്‍ക്ക്‌ പരിചയപ്പെടുത്തി. റെജിസ്‌ടേര്‍ഡ്‌ നേഴ്‌സ്‌ കൂടിയായ പ്രസിഡന്റ്‌ മേരി ഫിലിപ്പ്‌ അത്യാഹിത സമത്ത്‌ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും സി.പി.ആര്‍ നല്‍കുന്ന വിധം മാതൃകകളിലൂടെ വിശദീകരിച്ചു.

 

ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌ എന്നിവര്‍ പ്രമുഖ സാഹിത്യകാരനും, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എ.കെ.ബി പിള്ളക്ക്‌ അദ്ദേഹം ഫൊക്കാനക്കും സ്‌ത്രീശാക്തീകരണത്തിനുമായി ചെയ്‌തിട്ടുള്ള പ്രവര്‍ത്തികള്‍ക്ക്‌ സ്‌മാരകോപഹാരം നല്‍കി ആദരിച്ചു. പങ്കെടുത്തവരില്‍ നിന്ന്‌ ലോട്ടറിയില്‍ കൂടി തെരഞ്ഞെടുക്കപ്പെട്ട 10 ആളുകള്‍ക്ക്‌ പ്രമേഹരോഗ നിര്‍ണ്ണയ മെഷീനുകള്‍ സമ്മാനിച്ചു. ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. വിനോദ്‌ കെയാര്‍ക്കെ, മേരി ഫിലിപ്പ്‌, ബാലാ വിനോദ്‌, ലൈസി അലക്‌സ്‌, ജെസ്സി കാനാട്ട്‌ എന്നിവരും മറ്റ്‌ വിമന്‍സ്‌ ഫോറം പ്രതിനിധികളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഫൊക്കാന ട്രസ്റ്റിബോര്‍ഡ്‌ സെക്രട്ടറി ഗണേശ്‌ നായര്‍, ഫൊക്കാന കണ്‍വെന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍ ഡോ. ജോസ്‌ കാനാട്ട്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലീലാ മാരേട്ട്‌ കൃതജ്ഞത രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.