You are Here : Home / USA News

ലാനാ കണ്‍വെന്‍ഷന്‍: സി. രാധാകൃഷ്‌ണനും, അക്‌ബര്‍ കക്കട്ടിലും, കെ.പി. രാമനുണ്ണിയും പ്രസംഗിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, April 05, 2014 08:50 hrs UTC

ഷിക്കാഗോ: കേരളാ സാഹിത്യ അക്കാഡമിയുടെ സഹകരണത്തോടെ ലിറ്റററി അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ലാന) ജൂലൈ മാസത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന കേരളാ കണ്‍വെന്‍ഷനില്‍ മലയാള സാഹിത്യ തറവാട്ടിലെ പ്രമുഖരായ എഴുത്തുകാരെല്ലാം പങ്കെടുക്കുന്നു. കേന്ദ്ര സാഹിത്യ അക്കാഡമി അംഗവും പ്രശസ്‌ത നോവലിസ്റ്റുമായ സി. രാധാകൃഷ്‌ണന്‍, കേരളാ സാഹിത്യ അക്കാഡമി ഉപാധ്യക്ഷനും കഥാകൃത്തുമായ അക്‌ബര്‍ കക്കട്ടില്‍, പ്രമുഖ എഴുത്തുകാരനും തുഞ്ചന്‍പറമ്പ്‌ അഡ്‌മിനിസ്‌ട്രേറ്ററുമായ കെ.പി. രാമനുണ്ണി എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ജ്ഞാനപീഠം ജേതാവ്‌ എം.ടി. വാസുദേവന്‍ നായര്‍, കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍, സാംസ്‌കാരിക നായകനും എഴുത്തുകാരനുമായ സക്കറിയ എന്നിവരും ലാന കണ്‍വെന്‍ഷനില്‍ വിശിഷ്‌ടാതിഥികളായി പങ്കെടുക്കുന്നതാണ്‌.

മലയാളികളെ സംബന്ധിച്ചടത്തോളം മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരനാണ്‌ ശാസ്‌ത്രജ്ഞനും സിനിമാ സംവിധായകനുംകൂടിയായ സി. രാധാകൃഷ്‌ണന്‍. അര നൂറ്റാണ്ടിലധികം നീണ്ടുനില്‍ക്കുന്ന സാഹിത്യസപര്യയ്‌ക്കിടയില്‍ നോവല്‍, ചെറുകഥ, ലേഖനങ്ങള്‍, ജീവചരിത്രം, ആത്മീയ ദര്‍ശനം എന്നീ മേഖലകളിലായി അമ്പതിലധികം പുസ്‌തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. മുന്‍പേ പറക്കുന്ന പക്ഷികള്‍, പുള്ളിപ്പുലികളും വെള്ളിനക്ഷത്രവും, പിന്‍നിലാവ്‌, തീക്കടല്‍ കടഞ്ഞ്‌ തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, അഗ്‌നി, സ്‌പന്ദമാപിനികളേ നന്ദി എന്നിങ്ങനെ അദ്ദേഹത്തിന്റെ പ്രശസ്‌തങ്ങളായ മിക്ക കൃതികളും ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ ഭാഷകളിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. വയലാര്‍ അവര്‍ഡ്‌, സാഹിത്യ അക്കാഡമി അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌ എന്നിങ്ങനെ അംഗീകാരങ്ങളുടെ ഒരു നീണ്ട നിരതന്നെ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. `പുഷ്യരാഗം' മുതല്‍ `ഒറ്റടയിപ്പാതകള്‍' വരെ നാലു ചലച്ചിത്രങ്ങളുടെ സംവിധായകനായിരുന്നു. വിവിധ മാധ്യമങ്ങളുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴും അതുല്യമായ അനവധി രചനകളുടെ സൃഷ്‌ടികളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നു.

നര്‍മ്മരസപ്രധാനമായ അനവധി കഥകള്‍ ഉള്‍പ്പടെ നാല്‍പ്പത്തിയൊമ്പത്‌ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അക്‌ബര്‍ കക്കട്ടില്‍ കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സംസ്‌കൃതത്തില്‍ കേരള സര്‍ക്കാരിന്റെ മെരിറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുള്ള അദ്ദേഹം 1992-ല്‍ ഹാസസാഹിത്യ വിഭാഗത്തില്‍ കേരളാ സാഹിത്യ അക്കാഡമിയുടെ പ്രഥമ അവാര്‍ഡും കരസ്ഥമാക്കി. അധ്യാപക കഥള്‍, സ്‌കൂള്‍ ഡയറി, വടക്കുനിന്നൊരു കുടുംബവൃത്താന്തം, മൈലാഞ്ചിക്കാറ്റ്‌, സ്‌ത്രൈണം, മൃത്യയോഗം, പാഠം മുപ്പത്‌ എന്നിവയാണ്‌ പ്രധാന കൃതികള്‍. അങ്കണം സാഹിത്യ അവാര്‍ഡ്‌, എസ്‌.കെ പൊറ്റെക്കാട്‌ അവാര്‍ഡ്‌, ജോസഫ്‌ മുണ്ടശേരി അവാര്‍ഡ്‌ എന്നിങ്ങനെ അനവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന്‌ ലഭിച്ചു. ഇപ്പോള്‍ കേരള സാഹിത്യ അക്കാഡമിയുടെ വൈസ്‌ പ്രസിഡന്റായി സേവനം അനുഷ്‌ഠിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ ആത്മസുഹൃത്തും, മികച്ച നോവലിസ്റ്റുമായ കെ.പി. രാമനുണ്ണി സാഹിത്യത്തിന്റെ സമസ്‌ത മേഖലകളിലും തന്റെ കൈയ്യൊപ്പ്‌ പതിപ്പിച്ചിട്ടുള്ള എഴുത്തുകാരനാണ്‌. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ രണ്ട്‌ പതിറ്റാണ്ടിലധികം ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മുഴുവന്‍ സമയ സാഹിത്യ പ്രവര്‍ത്തനത്തിനായി ജോലി രാജിവെച്ച്‌ ഇപ്പോള്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവേഷണ കേന്ദ്രത്തിന്റെ അഡ്‌മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുന്നു. സൂഫി പറഞ്ഞ കഥ എന്ന രാമനുണ്ണിയുടെ ആദ്യ നോവല്‍ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ഹിന്ദി, കന്നഡ, തെലുങ്ക്‌, തമിഴ്‌ ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടു. പ്രിയനന്ദന്‍ അഭ്രപാളികളിലേക്ക്‌ പകര്‍ത്തിയ ആ നോവലിന്‌ കേരള സാഹിത്യ അവാര്‍ഡും, ഇടശേരി അവാര്‍ഡും ലഭിച്ചു. രാമനുണ്ണിയുടെ മൂന്നാമത്തെ നോവല്‍ 'ജീവിതത്തിന്റെ പുസ്‌തകം' 2011-ലെ വയലാര്‍ അവാര്‍ഡ്‌, ഭാരതീയ ഭാഷാപരിഷത്ത്‌ അവാര്‍ഡ്‌ എന്നിങ്ങനെ അനവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കി. പ്രകാശം പരത്തുന്ന ആണ്‍കുട്ടി, പ്രണയപര്‍വ്വം, പുരുഷ വിലാപം, ജാതി ചോദിക്കുക തുടങ്ങി പതിനൊന്ന്‌ കഥാസമാഹാരങ്ങളും നാല്‌ ഉപന്യാസ സമാഹാരങ്ങളും രാമനുണ്ണിയുടെ രചനയില്‍ പിറന്നു. കേന്ദ്ര-കേരള സാഹിത്യ അക്കാഡമികളില്‍ അംഗമായിരുന്നിട്ടുള്ള അദ്ദേഹം വിവിധ ആനുകാലികങ്ങളില്‍ ഇപ്പോള്‍ സാഹിത്യസപര്യ നിര്‍വ്വഹിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.