You are Here : Home / USA News

ഡോ. റോയിയെ കൊലപ്പെടുത്തിയ സംഭവം: ജെ.എഫ്‌.എയുടെ ടെലികോണ്‍ഫറന്‍സ്‌ മാര്‍ച്ച്‌ 14-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, March 13, 2014 09:31 hrs UTC

ന്യൂയോര്‍ക്ക്‌: ഇക്കഴിഞ്ഞ ഫെബ്രുവരി 11-ന്‌ വൈകിട്ട്‌ 8.30-ന്‌ മിസ്സോറിയിലെ സെന്റ്‌ ലൂയീസിലുള്ള ചെസ്റ്റര്‍ ഫീല്‍ഡില്‍ മാതാപിതാക്കളോടും സഹോദരിയുടെ കുടുംബത്തോടുമൊപ്പം താമസിച്ചുവരികയായിരുന്ന പ്രൊഫസര്‍ ഡോ. റോയി ജോസഫ്‌ തലക്കോടിനെ, പതിവുപോലെ വീട്ടിലേക്ക്‌ നടന്നുപോകുമ്പോള്‍ ഒരു മിനി വാനില്‍ പാഞ്ഞുവന്ന്‌ അദ്ദേഹത്തെ ഇടിച്ച്‌ വീഴ്‌ത്തിയതിന്‌ ശേഷം, മനുഷ്യത്വ രഹിതമായി കടന്നു കളഞ്ഞ റഷ്യക്കാരി യിലേന പെല്‍റ്റ്‌സ്‌ എന്ന ബിസിനസുകാരിയുടെ ഹീനമായ നടപടിയെ അപലപിക്കുന്നതിനും നീതിക്ക്‌ വേണ്ടിയുള്ള പോരാട്ടത്തില്‍ ഡോ. റോയ്‌ ജോസഫിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രക്യാപിക്കുന്നതിനുമായി മാര്‍ച്ച്‌ 14-ന്‌ വെള്ളിയാഴ്‌ച്ച വൈകീട്ട്‌ 9 മണിക്ക്‌ (ന്യൂയോര്‍ക്ക്‌ സമയം) ഒരു ടെലി കോണ്‍ഫറന്‍സ്‌ നടത്തുന്നതിന്‌ ജെ.എഫ്‌.എ ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നു. പ്രസ്‌തുത ടെലി കോണ്‍ഫറന്‍സ്‌ പതിവ്‌ പോലെ ഹൂസ്റ്റണില്‍ നിന്നും എ.സി ജോര്‍ജ്ജ്‌ മോഡറേറ്ററായി നിയന്ത്രിക്കുന്നതായിരിക്കും.

ഇതൊരു നാഷണല്‍ ടെലി കോണ്‍ഫറന്‍സ്‌ ആയതിനാല്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അവരവരുടെ പ്രദേശത്തെ സമയവ്യത്യാസം മനസ്സിലാക്കി ന്യുയോര്‍ക്ക്‌ സമയവുമായി അഡ്‌ജസ്റ്റ്‌ ചെയ്‌ത്‌ സംബന്ധിക്കാവുന്നതാണ്‌. എല്ലാ സംഘടനകളേയും, സംഘടനാ നേതാക്കളെയും ഞങ്ങല്‍ ഈ ടെലി കോണ്‍ഫറന്‍സിലേക്ക്‌ സ്വാഗതം ചെയ്യുന്നു. പക്ഷേ മോഡറേറ്ററുടെ നിബന്ധനകള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നു മാത്രം.

ജെ.എഫ്‌.എ നിലകൊള്ളുന്നത്‌ നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക്‌ വേണ്ടിയാണ്‌. ഡോ. റോയ്‌ ജോസഫിന്റെ കാര്യത്തില്‍ അദ്ദേഹത്തിനും കുടുംബാഗങ്ങള്‍ക്കും പൂര്‍ണമായും നീതി നിഷേധിക്കപ്പെട്ടു എന്ന്‌ വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ കൊണ്ട്‌ മാത്രമാണ്‌, കുടുംബാഗങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ഇക്കാര്യത്തില്‍ ഇടപെടാന്‍ ജസ്റ്റിസ്‌ ഫോറ്‌ ആള്‍ (ജെ.എഫ്‌.എ) എന്ന സംഘടന തയ്യാറായത്‌.

അമേരിക്കയില്‍ `ഹിറ്റ്‌ ആന്‍ഡ്‌ റണ്‍'- ഇടിച്ചിട്ട്‌ വണ്ടി നിര്‍ത്താതെ പോയാല്‍ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്‌. ഡോ. റോയ്‌ ജോസഫിനെ ഇടിച്ച്‌ വീഴ്‌ത്തിയതിന്‌ ശേഷം യിലേന പെല്‍റ്റ്‌സ്‌ വണ്ടി നിര്‍ത്തി പോലീസിനെ അറിയിക്കുകയോ, ആംബുലന്‍സ്‌ വിളിക്കുകയോ ചെയ്‌തിരുന്നെങ്കില്‍ ഒരുപക്ഷേ ഡോ. റോയിയുടെ ജീവന്‍ രക്ഷപ്പെടുമായിരുന്നു. അതവര്‍ ചെയ്യാതെ നേരെ വീട്ടില്‍ പോയി ഒളിച്ചു. അവരുടെ മകളും, മരുമകനും, ആ പ്രദേശത്തെ ക്രിമിനല്‍ അറ്റോര്‍ണിമാരും ഡിസ്‌ട്രിക്‌റ്റ്‌ അറ്റോര്‍ണിയുമായി അടുത്ത ബന്ധമുള്ളവരാണ്‌. ആയതിനാല്‍ സംഭവം നടന്ന്‌ പോലീസ്‌ തെളിവ്‌ സഹിതം അവരെ ചോദ്യം ചെയ്‌തിട്ടും അവര്‍ അമേരിക്കന്‍ കോണ്‍സ്റ്റിറ്റിയൂഷനില്‍ വ്യക്തികള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന `മിണ്ടാതിരിക്കുക' എന്ന അടവ്‌ എടുത്ത്‌ പ്രയോഗിച്ചു. അവരെ അറസ്റ്റ്‌ ചെയ്യാനോ, ലോക്കപ്പിലിടാനോ ഡിസ്‌ട്രിക്‌റ്റ്‌ അറ്റോര്‍ണി തയ്യാറായില്ല.

അതേസമയം ഇന്ത്യക്കാരനായ ജോജോ ജോണ്‍ ബോട്ടപകടത്തില്‍ പെട്ട്‌ അബോധാവസ്ഥയില്‍ ആയിരുന്നിട്ട്‌കൂടി ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റിലെ ഡിസ്‌ട്രിക്‌റ്റ്‌ അറ്റോര്‍ണി ജോജോ ജോണിനെ സംഭവസ്ഥലത്ത്‌ വച്ച്‌ തന്നെ അറസ്റ്റ്‌ ചെയ്‌ത്‌ ഹോസ്‌പിറ്റല്‍ ബെഡിനൊപ്പം കാലിലും, കയ്യിലും ചങ്ങല ഇടുകയും 250,000 ഡോളര്‍ ജാമ്യത്തുക വെയ്‌ക്കുകയും ചെയ്‌തു. സെന്റ്‌ ലൂയിസിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കാര്‍ ചോദ്യം ചെയ്‌തതിന്റെ പേരില്‍ 20 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ പേരിനു മാത്രം കൊലപാതകിയെ അറസ്റ്റ്‌ ചെയ്‌തു എന്ന്‌ വരുത്തിയത്‌. അനവധി ബിസിനസ്സുകളുടെ ഉടമയായ അവരെ വെരും പതിനായിരം ഡോളറിന്റെ ജാമ്യത്തില്‍ അപ്പോള്‍ തന്നെ വിടുകയും ചെയ്‌തു.

ഡോ. റോയിയുടെ മാതാപിതാക്കളും അവരുടെ കുട്ടികളുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട എല്ലാമായ റോയി നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തിന്റെ കെടുതിയില്‍ നിന്നും സാവകാശം സുഖപ്പെട്ട്‌ വരുന്നതെയുള്ളു. സെന്റ്‌ ലൂയിസിലെ നിയമം ഞങ്ങള്‍ക്ക്‌ അനുകൂലമല്ലെന്നും മരണത്തിന്‌ കാരണക്കാരിയായ യെലേന പെല്‍റ്റ്‌സ്‌ ആ പ്രദേശത്തെ സ്വാധീനമുള്ള വ്യക്തി ആയതിനാല്‍ നിഷ്‌പ്രയാസം അവര്‍ നിയമത്തിന്റെ പിടിയില്‍ അകപ്പെടാതെ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്‌ എന്നും അവര്‍ കരുതുന്നു.

ഇവിടെ മലയാളികളായ നാം ഒറ്റക്കെട്ടായി നിന്നാല്‍ അതിന്റെതായ മാറ്റങ്ങള്‍ വരുത്താനാകും. പലരും ഈ ലേഖകനോട്‌ പറയുകയുണ്ടായി മലയാളികള്‍ക്ക്‌ മാത്രമായി ഒന്നും ചെയ്യാനാകില്ല, ഇന്ത്യക്കാരനെന്നോ ഏഷ്യക്കാരനെന്നോ പറഞ്ഞാലേ കാര്യങ്ങള്‍ നടക്കൂ എന്ന്‌. അതിനോട്‌ യോജിക്കാന്‍ ഈ ലേഖകനു കഴിയില്ല. എല്ലാവരെയും കൂട്ടിക്കൊണ്ട്‌ ഒരു കാര്യവും നടക്കില്ല. മലയാളികളായ നാം ഒന്നിച്ച്‌ നില്‍ക്കുമ്പോള്‍ മറ്റുള്ളവരും അതിലേക്ക്‌ ആകര്‍ഷിക്കപ്പെടും. അപ്പോള്‍ അമേരിക്കന്‍ മുഖ്യധാരയിലുള്ളവര്‍ വരെ നമുക്ക്‌ അനുകൂലമായി വരുമെന്നുമിരിക്കും.

ഇവിടെ മലയാളികളായ നാം നമ്മുടെ ശക്തിയില്‍ ഉറച്ച്‌ നിന്ന്‌ കൊണ്ട്‌ നീതിക്ക്‌ വേണ്ടി ശബ്ദമുയര്‍ത്താം. നീതി എല്ലാവര്‍ക്കും തുല്യമായിരിക്കണം. അത്‌ നിഷേധിക്കപ്പെട്ടാല്‍ നാം ശബ്ദമുയര്‍ത്തണം. തീര്‍ച്ചയായും ഫലമുണ്ടാകുമെന്നതില്‍ സംശയമില്ല.

മാര്‍ച്ച്‌ പതിനാലാം തിയ്യതി വൈകിട്ട്‌ 9-ന്‌ (ന്യൂയോര്‍ക്ക്‌ സമയം) കോണ്‍ഫറന്‍സ്‌ കോളില്‍ പങ്കെടുക്കാന്‍: 1 559 726 1300 എന്ന നമ്പര്‍ ഡയല്‍ ചെയ്യുക. കോഡ്‌: 771973# . എല്ലാവര്‍ക്കും സ്വാഗതം.

വിശിഷ്ടാത്ഥികളായി ബോസ്റ്റണില്‍ നിന്നും അറ്റോര്‍ണി ജേക്കബ്‌ കല്ലുപുര നിയമപരമായ കാര്യങ്ങള്‍ സംസാരിക്കും. മെറ്റ്‌ലൈഫ്‌ ഇന്‍ഷുറന്‍സ്‌ എക്‌സിക്യൂട്ടീവ്‌ ജോര്‍ജ്ജ്‌ ജോസഫ്‌ മരണമടഞ്ഞ ഡോ. റോയിയുടെ ജീവന്റെ വിലയെപറ്റി സംസാരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എ. സി ജോര്‍ജ്ജ്‌ 281 741 9465, തോമസ്‌ കൂവള്ളൂര്‍ 914 409 5772, തോമസ്‌ എം. തോമസ്‌ 201 289 7256, എം. കെ മാത്യൂസ്‌ 914 806 5007 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്‌.

തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.