You are Here : Home / USA News

ഇന്ത്യയിലെ മികച്ച നിക്ഷേപകരായി യു.എ.ഇ എത്തും: ടി.പി സീതാറാം

Text Size  

Story Dated: Friday, January 24, 2014 05:06 hrs UTC

ദുബായ്: യു.എ.ഇ. യെ സംബന്ധിച്ചിടത്തോളം നിക്ഷേപസാധ്യതകളുള്ള ഏറ്റവും അനുയോജ്യമായ പ്രദേശമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെടുമെന്ന് യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം പ്രസ്താവിച്ചു. ഇന്ത്യയും യു.എ.ഇ.യും തമ്മില്‍ ഇപ്പോള്‍ മികച്ച വ്യാപാരബന്ധമാണുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തിനകം ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരായി യു.എ.ഇ. മാറുമെന്നും അദ്ദഹം പറഞ്ഞു.

പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ അംബാസഡര്‍ക്കും പുതിയ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണും ഇന്ത്യാ ബിസിനസ്സ് പ്രൊമോഷന്‍ കൗണ്‍സില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു ടി.പി. സീതാറാം. ലോകത്ത് ഏറ്റവും വേഗത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഒന്നാംസ്ഥാനത്തുള്ള ചൈനയുമായി ഇന്ത്യയെ താരതമ്യം ചെയ്യാനാവില്ല. ഇരു രാജ്യങ്ങളിലും നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ വ്യത്യസ്തമാണ്.

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇപ്പോള്‍ യു.എ.ഇ. നിക്ഷേപം നടത്താന്‍ നല്ല പ്രദേശങ്ങള്‍ തിരയുകയാണ്. അതിന് പറ്റിയ പ്രദേശങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം വളരെ കുറവാണ്. നേരത്തേ തെറ്റായ പങ്കാളികള്‍ കാരണം യു.എ.ഇ.യുടെ നിക്ഷേപങ്ങള്‍ പരാജയപ്പെട്ടു പോയിട്ടുണ്ട്. ഇനി അത്തരം അവസ്ഥ ഉണ്ടാവില്ല. പരസ്പരം അറിയുന്ന രാജ്യങ്ങളാണ് രണ്ടും. ഇപ്പോള്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം അത്രയേറെ വലുതാണ്. ഇന്ത്യയുടെ വിപണി ഏത്രയും വലുതാണ് എന്ന് യു.എ.ഇ. തിരിച്ചറിഞ്ഞിട്ടുണ്ട്. ആ സാഹചര്യത്തില്‍ യു.എ.ഇ.യിലെ നിക്ഷേപകരെ നല്ല രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കാന്‍ യു.എ.ഇ.യിലെ ഇന്ത്യന്‍ ബിസിനസ്സ് സമൂഹത്തിന് കഴിയണം. ശരിയായ പങ്കാളികളിലൂടെയും പദ്ധതികളിലൂടെയും നമ്മുടെ രാജ്യത്തേക്ക് യു.എ.ഇ.യുടെ നിക്ഷേപം കൊണ്ടുവരാന്‍ എല്ലാവരും ശ്രമിക്കണമെന്നും അംബാസഡര്‍ ഓര്‍മിപ്പിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.