You are Here : Home / USA News

ബാലന്‍ നായര്‍ (74) ഇനി ഒരോര്‍മ മാത്രം

Text Size  

Story Dated: Sunday, December 15, 2013 02:12 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്ന ശ്രീ ബാലന്‍ നായര്‍(74) ഇനി ഒരോര്‍മ്മ മാത്രം. സ്‌നേഹനിധിയായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ബാലന്‍ നായരുടെ അന്ത്യം ഒറ്റപ്പാലത്തെ സ്വവസതിയില്‍ ഡിസംബര്‍ 12 വ്യാഴാഴ്‌ച്ച പുലര്‍ച്ചെയായിരുന്നു. സഹധര്‍മ്മിണി ദേവകി നായര്‍ സമീപത്തു തന്നെ ഉണ്ടായിരുന്നു. ഒറ്റപ്പാലം പാലപ്പുറത്തെ ബാലഗോകുലം വീട്ടുവളപ്പില്‍ ഡിസംബര്‍ 15 ഞായറാഴ്‌ച്ച രാവിലെ പത്തു മണിക്ക്‌ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സംസ്‌കരിക്കുകയുണ്ടായി. രണ്ടാമത്തെ മകളായ റ്റീനാ നായര്‍ ന്യൂയോര്‍ക്കില്‍ നിന്ന്‌ നാട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌.

 

മൂത്ത മകള്‍ ബീനാ നായരും കുടുംബവും കാലിഫോര്‍ണിയയില്‍ താമസിക്കുന്നു. ശ്രീ ബാലന്‍ നായര്‍ക്ക്‌ മൂന്നു പേരക്കുട്ടികളും ഉണ്ട്‌. എണ്‍പതുകളില്‍ ന്യൂ ഡല്‍ഹിയില്‍ നിന്നും അമേരിക്കയിലേക്ക്‌ കുടിയേറിപ്പാര്‍ത്ത ശ്രീ ബാലന്‍ നായരും കുടുംബവും ന്യൂയോര്‍ക്കിലെ മലയാളികള്‍ക്ക്‌ പ്രിയങ്കരരായിരുന്നു. മെട്രോപോളിട്ടന്‍ ട്രാന്‍സിറ്റ്‌ അതോറിറ്റി മുന്‍ ജീവനക്കാരനുമായിരുന്നു അദ്ദേഹം. ന്യൂ യോര്‍ക്കിലെ നായര്‍ ബനവലന്റ്‌ അസോസിയേഷന്‍, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, മലയാളി ഹിന്ദു മണ്ഡലം, കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക, അയ്യപ്പ സേവാ സംഘം തുടങ്ങിയ സംഘടനകളിലൊക്കെ ഒരു സജീവ സാന്നിദ്ധ്യം ആയിരുന്നു അദ്ദേഹം. സ്‌നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന ശ്രീ ബാലന്‍ നായരുടെ ആസുരീഭാവം ഒട്ടും ഇല്ലാത്ത മഹാബലി വേഷം ന്യൂ യോര്‍ക്കിലെ മലയാളികള്‍ക്ക്‌ മറക്കാനാവില്ല. സദാ പുഞ്ചിരി തൂകിയിരുന്ന ശ്രീ ബാലന്‍ നായരുടെ ദേഹവിയോഗം ന്യൂയോര്‍ക്കിലെയും പരിസര പ്രദേശങ്ങളിലെയും അദ്ദേഹത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്ന ഒട്ടനവധി സുഹൃത്തുക്കള്‍ക്കും തീരാനഷ്ടമാണ്‌. അദ്ദേഹത്തിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.