You are Here : Home / USA News

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി അന്തര്‍ദേശീയ നൃത്തസന്ധ്യ വന്‍ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 29, 2013 12:45 hrs UTC

ജോയിച്ചന്‍ പുതുക്കുളം

 

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട്‌ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി സംഘടിപ്പിച്ച അന്തര്‍ദേശീയ നൃത്തസന്ധ്യ പ്രേക്ഷകര്‍ക്ക്‌ ദൃശ്യവിരുന്നായി. ലോകത്തിലെ വിവിധ നൃത്തരൂപങ്ങള്‍ ഒരേ വേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സംഘാടകര്‍ക്ക്‌ അഭിനന്ദന പ്രവാഹം. വിശ്വവിഖ്യാതരായ നൂറോളം കലാകാരന്മാര്‍ പങ്കെടുത്ത കലാവിരുന്ന്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരനുഭവമായി വിലയിരുത്തപ്പെട്ടു. ലോകത്തിലെ വിവിധ സംസ്‌കാരങ്ങളുടെ ആവിഷ്‌കാരം നൃത്തരൂപങ്ങളിലൂടെ പ്രേക്ഷകരിലെത്തിക്കുവാന്‍ സാധിച്ചു എന്നത്‌ പ്രത്യേകതയായി. അമേരിക്കയിലെ അംഗീകൃത നൃത്തവിദ്യാലയങ്ങളുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ഏഷ്യന്‍, ലാറ്റിന്‍, അമേരിക്കന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, നാടുകളില്‍ പ്രശസ്‌തമായ വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

 

ആഫ്രിക്കന്‍-പോര്‍ച്ചുഗീസ്‌ നൃത്തരൂപമായ കിസോമ്പ, ലാറ്റിന്‍ അമേരിക്കന്‍ സല്‍സ, ഇന്ത്യന്‍ ബാന്‍ഗ്ര തുടങ്ങിയ വിവിധ നൃത്തരൂപങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷന്‍ ഡാന്‍സും നൃത്തസന്ധ്യയ്‌ക്ക്‌ മാറ്റുകൂട്ടി. അമേരിക്കയിലെ പ്രശസ്‌തരായ ഇന്ത്യന്‍ കലാകാരന്മാരുടെ ഭരതനാട്യം, മോഹിനിയാട്ടം, കഥക്‌, ബോളിവുഡ്‌ ഡാന്‍സ്‌ തുടങ്ങിയ വിവിധ നൃത്തരൂപങ്ങള്‍ വിദേശീയരേയും സ്വദേശീയരേയും ഒരുപോലെ ആകര്‍ഷിച്ചു. വളരെ കുറച്ചുകാലംകൊണ്ടുതന്നെ ഇന്ത്യന്‍ സംഘടനകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്‌ചവെച്ച ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നായര്‍ സര്‍വീസ്‌ സൊസൈറ്റി ചരിത്രപരമായ ഒരു ദൗത്യമാണ്‌ ഏറ്റെടുത്തതെന്ന്‌ സ്റ്റാഫോര്‍ഡ്‌ സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു അഭിപ്രായപ്പെട്ടു.

 

 

നൃത്തസന്ധ്യയുടെ വിജയത്തിന്‌ അഹോരാത്രം പരിശ്രമിച്ച സുവനീര്‍ ടിക്കറ്റ്‌ കമ്മിറ്റികള്‍ക്കും, വേദിയുടെ മുന്നിലും പിന്നിലുമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച മറ്റെല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മായ നായര്‍ നന്ദി അറിയിച്ചു. കലാകാരന്മാര്‍ക്കുള്ള പാരിതോഷികങ്ങള്‍ ജി.എന്‍.എസ്‌.എസ്‌ വൈസ്‌ പ്രസിഡന്റ്‌ ഭാസ്‌കരന്‍ നായര്‍ വിതരണം ചെയ്‌തു. അന്തര്‍ദേശീയ സമൂഹങ്ങള്‍ തമ്മിലുള്ള കൂട്ടായ്‌മയ്‌ക്കും, ലോക ജനതയെ കാലങ്ങളായി വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാരതീയ കലകള്‍ക്കു ലഭിച്ച അംഗീകാരം എന്ന നിലയിലും ഈ നൃത്തസന്ധ്യയുടെ വിജയത്തെ കാണുന്നുവെന്ന്‌ ജി.എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌ ഹരിഹരന്‍ നായര്‍ വ്യക്തമാക്കി. ഇതിന്റെ വിജയത്തിനായി സഹകരിച്ച സ്‌പോണ്‍സര്‍മാര്‍, എലിസബത്ത്‌ റോഡ്രിഗ്‌സ്‌, ഗോര്‍ടെന്‍ സോളിഡ്‌, സുനന്ദ നായര്‍, ശിങ്കാരി, ശ്രീപാദം, മിട്‌സി, നിഷാനി ഭാന്‍ഗ്ര, ഡാന്‍സ്‌ ഓഫ്‌ ഏഷ്യന്‍ അമേരിക്കന്‍ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. രഞ്‌ജിത്‌ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.