You are Here : Home / USA News

വിദേശ മലയാളി ഡോ. പ്രഭാകരന്റെ നേതൃത്വത്തില്‍ 300 സന്തുഷ്ട ഗ്രാമങ്ങള്‍ക്ക് തുടക്കമായി

Text Size  

Story Dated: Saturday, October 19, 2019 03:04 hrs UTC

 

 
ജോയിച്ചന്‍ പുതുക്കുളം
 
ചിക്കാഗോ: അമേരിക്കയില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ഡോ. പ്രഭാകരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന "ശ്രീ' (സൊസൈറ്റി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ്) യുടെ  നേതൃത്വത്തില്‍ കൈരളി ബാള്‍ട്ടിമോര്‍, ഡോക്ടര്‍ സ്‌പോട്ടുമായി ചേര്‍ന്നുകൊണ്ട് പാലക്കാട് ഡിസ്ട്രിക്ടിലുള്ള 300 ഗ്രാമങ്ങളില്‍ സന്തുഷ്ട ഗ്രാമങ്ങള്‍ പദ്ധതിക്ക് തുടക്കമായി.
 
ഗ്രാമീണ്‍ ബാങ്കിന്റെ ഉപജ്ഞാതാവായ മുഹമ്മദ്യൂനസിന്റെ മൈക്രോ ക്രെഡിറ്റ് മോഡലില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, അതിനെ കുറിച്ച് കൂടുതല്‍ പഠിച്ച് മൈക്രോ ക്രെഡിറ്റ് മോഡലിന്റെ അംഗീകാരമായി 2006-ല്‍ മുഹമ്മദ് യൂനുസിനെ ലോക സമാധാനത്തിനുള്ള നോബേല്‍ നല്‍കി ആദരിച്ചു.
 
ഡോ. പ്രഭാകരന്‍ മൈക്രോ ക്രെഡിറ്റ് മോഡല്‍ സ്വന്തം നാടായ പാലക്കാട്ടെ പ്രാദേശിക ജനങ്ങളുടെ ആവശ്യാനുസരണം ചെറിയ മാറ്റങ്ങളോടെ അവതരിപ്പിച്ചു. പല അവാര്‍ഡുകളും ഈ കുറഞ്ഞ കാലയളവില്‍ ശ്രീയെ തേടിയെത്തി.
 
സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹ ഉന്നമനം എന്ന തത്വത്തില്‍ "ശ്രീ' ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീ സംരംഭകരെ നിര്‍മിക്കുക വഴി കുടുംബത്തിന്റേയും അതുവഴി സമൂഹത്തിന്റേയും ഉന്നമനത്തിനു വഴിതെളിക്കാമെന്നു കേരളത്തിനു മുഴുവന്‍ ശ്രീ കാട്ടിത്തന്നു. ശ്രീ മൈക്രോഫിനാന്‍സിംഗിനെ ശാക്തീകരണ ഉപകരണമായി ഉപയോഗിച്ചു. ഒപ്പം അവിടെ വനിതാ സംരംഭകരുടെ ഒരു കൂട്ടായ്മ കെട്ടിപ്പെടുക്കുകയും ചെയ്തു. ഒരുകാലത്ത് ദരിദ്ര്യബാധിതരായ സമൂഹം ഇന്നു അഭിവൃദ്ധിയോടെ ജീവിക്കുന്നു.
 
സന്തോഷം ഇന്നു ലോകത്തിന്റെ പല നാടുകളിലും സമൂഹത്തിന്റെ പുരോഗതിയുടെ അളവുകോലായി ഉപയോഗിക്കുന്നു. ശ്രീയുടെ കീഴിലുള്ള 300 ഗ്രാമങ്ങളില്‍ ഇതു അവതരിപ്പിച്ചാലോ എന്ന ആശയമാണ് ശ്രീയേയും മെഡിക്കല്‍ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സ്‌പോട്ട് എന്ന സംരംഭത്തേയും കൈകോര്‍പ്പിച്ചത്. ഉപയോക്താവിനു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വീട്ടിലിലുന്ന് രോഗ നിര്‍ണ്ണയവും, ചികിത്സാ ഉപദേശങ്ങളും എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഈ സംരംഭം.
 
"ശ്രീ'ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക ഭദ്രത എന്നിവയില്‍ പ്രത്യക്ഷമായും, ഭവനം, ഭക്ഷണ സുരക്ഷ എന്നിവയില്‍ പരോക്ഷമായും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. മേല്‍പറഞ്ഞവയോടൊപ്പം ആരോഗ്യവും കൂട്ടി ഒരു ഗ്രാമത്തിന്റെ സന്തോഷത്തിന്റെ അളവ് നിര്‍ണ്ണയിക്കാനാണ് ഡോക്ടര്‍ സ്‌പോര്‍ട്ട് ശ്രമിക്കുന്നത്. അവരുടെ സ്വന്തം ഉത്പന്നമായ ഓട്ടോ ഡോക് ഉപയോഗിച്ചാണ് മെഡിക്കല്‍ ചെക്അപ് നടത്തുന്നത്.
 
കൈരളി ഓഫ് ബാള്‍ട്ടിമോറാണ് കൊല്ലങ്കോട് എന്ന ഗ്രാമം സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഡോക്ടര്‍ സ്‌പോട്ടിന്റെ രാഹുല്‍ ഷോജിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ പല ഭാഗങ്ങളില്‍ നടത്തപ്പെടുന്ന ഈ പദ്ധതിക്ക് വമ്പിച്ച പ്രതികരണമാണ് വിദേശ മലയാളികളില്‍ നിന്നും ലഭിക്കുന്നത്. വിദേശ മലയാളികള്‍ക്ക് അവരുടെ ഗ്രാമങ്ങളില്‍ ഈ പദ്ധതിയിലൂടെ സന്തുഷ്ട ഗ്രാമങ്ങള്‍ പദ്ധതിയിലേക്ക് സഹകരിക്കാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.