You are Here : Home / USA News

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ ഓപ്പണിംഗ് പ്രോഗ്രാം ഒരുക്കാന്‍ ഫാ. ഷാജി തുമ്പേച്ചിറയില്‍

Text Size  

Story Dated: Tuesday, May 07, 2019 02:59 hrs UTC

മാര്‍ട്ടിന്‍ വിലങ്ങോലില്‍
 
ഹൂസ്റ്റണ്‍: സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ 2019 നു തുടക്കം കുറിച്ചുകൊണ്ടുള്ള ലൈറ്റ്  ആന്റ് സൗണ്ട് മ്യൂസിക്കല്‍ ഡ്രാമ  അണിയിച്ചൊരുക്കുന്നത്  ഫാ. ഷാജി തുമ്പേച്ചിറയില്‍. ഇതിനായി ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ ഹൂസ്റ്റണിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണിലെ വിവിധ വേദികളിലായി റിഹേഴ്‌സല്‍ പുരോഗമിച്ചു വരുന്നു. ഓപ്പണിംഗ് പ്രോഗ്രാമിനു തീം സോംഗ് വരികളെഴുതി സംഗീതം ചെയ്തിരിക്കുന്നതും ഫാ. ഷാജി തുമ്പേച്ചിറയിലാണ്. 
 
ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. വടക്കേഅമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും നാല്പത്തിയഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും.
 
കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഇടവകയിലെ 380 പേരാണ് ഓപ്പണിംഗ് പരിപാടിയൊരുക്കുന്നത്. കേരളീയ നാടന്‍ കലാരൂപങ്ങളായ കഥകളി, പരിചമുട്ട്, തുള്ളല്‍ പാട്ട്, വാള്‍പ്പയറ്റ് തുടങ്ങിയവയ്‌ക്കൊപ്പം മോഡേണ്‍ കലാരൂപങ്ങളായ ബ്രേക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഫ്യൂഷന്‍ തുടങ്ങിയവും കോര്‍ത്തിണക്കി ഒന്നരമണിക്കൂറോളം നീണ്ടുനില്ക്കുന്ന ദൃശ്യവിസ്മയമാണ് ഓപ്പണിംഗ് പരിപാടിയില്‍ ഒരുക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൂറ്റന്‍ സെറ്റുകളാണ് ഇതിനായി ഫാ. ഷാജി തുമ്പേച്ചിറയുടെ നേതൃത്വത്തില്‍ തയാറാക്കുന്നത്.  
 
ഫാന്‍സിമോള്‍ പള്ളത്തുമഠം ആണ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍. ഇവരുടെ കീഴില്‍ ആന്റണി ചേറു, ആഷ്‌ലി തെങ്ങുംമൂട്ടില്‍, ബിനു ആന്റണി, പോള്‍ ജോസഫ്, ജോഷ ജോസ്, ലക്ഷ്മി പീറ്റര്‍, കിരണ്‍ & ടീന ബോസ്  എന്നിവരുടെ നേതൃത്വത്തില്‍ നിരവധി ടീമുകള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.  
 
ധ്യാനഗുരുവും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ ഇതുവരെ ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി സ്‌റ്റേജ് പരിപാടികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1999ല്‍ ചങ്ങനാശേരി എസ്ബി കോളജില്‍ ഡിവൈന്‍ ഡോണ്‍ എന്ന പേരില്‍ നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് പരിപാടിയോടെയാണ് സംവിധായകന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തുടക്കം. 
തുടര്‍ന്ന് ദ് പാഷന്‍, ജീസസ് ദ് സേവ്യര്‍, അരുമശിഷ്യന്‍ തുടങ്ങിയ പ്രസിദ്ധ ലൈറ്റ് ആന്‍ഡ് സൗണ്ട് പരിപാടികള്‍ അദ്ദേഹം ഒരുക്കി. ഇന്ത്യയ്ക്ക് പുറത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലും അദ്ദേഹം ഒരുക്കിയ സ്‌റ്റേജ് പരിപാടികള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ജനതയ്ക്കുള്ള സമര്‍പ്പണമായി ഭാരതീയം എന്ന പേരില്‍ മതേതര ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുടെ പണിപ്പുരയിലാണ് ഫാ. ഷാജി തുമ്പേച്ചിറയില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.