You are Here : Home / USA News

ഭാരത സംസ്‌കാരം - കേരളാ റൈറ്റേഴ്‌സ് ഫോറത്തില്‍ ചര്‍ച്ചാസമ്മേളനം നടത്തി

Text Size  

A. C. George

AGeorge5@aol.com

Story Dated: Friday, February 01, 2019 11:33 hrs UTC

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടെയും വായനക്കാരുടെയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആദ്യസമ്മേളനം ജനുവരി 27-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുളള കേരളാ കിച്ചന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനുശേഷം എ.സി. ജോര്‍ജ്ജ് മോഡറേറ്റ് ചെയ്ത ചര്‍ച്ചാസമ്മേളനം സമാരംഭിച്ചു. ഭാരത സംസ്‌കാരത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും വിവിധ കാലഘട്ടങ്ങളിലൂടെയുള്ള പരിണാമങ്ങളെയും ആധാരമാക്കി റവ. ഡോ.ഫാ. തോമസ് അമ്പലവേലില്‍ പ്രബന്ധമവതരിപ്പിച്ചു. വൈവിധ്യമേറിയ വിശ്വാസ സംഹിതകളുടേയും ആചാരങ്ങളുടേയും ഒരു സാംസ്‌കാരികവേദിയും, സമ്മളിത സമ്മേളനവും ഉരുക്കു മൂശയുമാണു ഭാരതം. നാനാത്വത്തില്‍ ഒരു ഏകത്വമുണ്ടെങ്കിലും ഓരോ കാലഘട്ടങ്ങളിലുമുണ്ടായിട്ടുള്ള ആചാരദുരാചാരങ്ങളെയും സാംസ്‌കാരിക മൂല്യച്യുതികളെപ്പറ്റിയും വിഹഗമായി അദ്ദേഹം പ്രബന്ധത്തില്‍ വ്യക്തമാക്കി.

 

ഭൂമിശാസ്ത്രപരമായി, ഭാഷാപരമായി, മതപരമായി നിലനില്‍ക്കുന്ന അനേകം അസമത്വം, തെക്കേ ഇന്ത്യയോട് പ്രത്യേകിച്ച് കേരളത്തോടുള്ള കേന്ദ്രഗവണ്‍മെന്റുകളുടെ അവഗണന തുടങ്ങിയ വിഷയങ്ങള്‍ക്കൂടി ചര്‍ച്ചാവേദിയില്‍ റവ.ഡോ. തോമസ് അമ്പലവേലില്‍ ഉന്നയിച്ചു. തുടര്‍ന്നു നടന്ന പൊതു ചര്‍ച്ചയില്‍ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ നല്ല വശങ്ങളെ പ്രകീര്‍ത്തിക്കാനും ദൂഷ്യവശങ്ങളെ അപലപിക്കാനും എല്ലാവരും ശ്രദ്ധിച്ചു. ഓരോ വിശ്വാസങ്ങളില്‍ നിന്നും, ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും സംസ്‌ക്കരിച്ചെടുക്കുന്നതാണ് പൊതുവായി ഒരു സംസ്‌കാരം എന്ന നിര്‍വ്വചനത്തില്‍പ്പെടുന്നത്. ഒരു കാലത്തെ ആചാരങ്ങള്‍ പില്‍ക്കാലത്ത് ദുരാചാരങ്ങളാണെന്നും, നിയമ വിരുദ്ധമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സതി, തീണ്ടല്‍, തൊടീല്‍, നരബലി തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളും നിയമലംഘനങ്ങളുമാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാ മതങ്ങളിലും നല്ല ആചാരങ്ങളും ദുരാചാരങ്ങളുമുണ്ട്. പലപ്പോഴും ആചാരങ്ങളുടേയും ദുരാചാരങ്ങളുടേയും പ്രചാരകരും വക്താക്കളും അതാത് മതങ്ങളിലെ പൂജാരികളും പുരോഹിതരുമാണ് സമീപകാലത്ത് കേരളത്തെ ഒരു മുഴു ഭ്രാന്താലയമാക്കത്തക്ക വിധത്തിലുള്ള മതതീവ്രവാദികളുടേയും രാഷ്ട്രീയക്കാരുടെയും ഒരു അവിശുദ്ധ കൂട്ടുകെട്ടും മലക്കം മറിച്ചിലുകളും ഗുണ്ടായിസവും ഹര്‍ത്താലും പൊതുമുതല്‍ നശിപ്പിക്കുന്ന പ്രക്രിയകളുമാണ് അരങ്ങേറിയത്. ഇന്ത്യയില്‍ ഭരണഘടനയേയും സുപ്രീം കോടതി വിധിയേയും മറികടന്ന് യഥാര്‍ത്ഥ സ്ത്രീത്വത്തിനെതിരെ മതതീവ്രവാദികളും രാഷ്ട്രീയ ഭിക്ഷാംദേഹികളും ഉറഞ്ഞുതുള്ളി. അതിന്റെ അലയൊലികളുമായി ഇവിടെ അമേരിക്കയിലും യാതൊരു പ്രത്യയശാസ്ത്രത്തിനും നീതിക്കും നിലനില്പില്ലാത്ത നിരക്കാത്ത തരത്തിലുള്ള പ്രതിഷേധ കാഴ്ചകള്‍ ഒരുപറ്റം അമേരിക്കന്‍ മലയാളികള്‍ നടത്തിയെന്നുള്ളതും അപലനീയമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മാത്യു മത്തായി വായിച്ച മിനി നര്‍മ്മകഥ അതീവ ഹൃദ്യമായിരുന്നു.

 

 

പലവട്ടം ആര്‍.എന്‍. പരീക്ഷ എഴുതി പരാജയപ്പെട്ട കറുത്തിരുണ്ട ഏലിക്കുട്ടി നഴ്‌സ് എയിഡായി ഹ്യൂസ്റ്റനിലെ ഹോസ്പിറ്റലില്‍ ജോലി നോക്കുന്നു. കല്യാണത്തിന്റെ ബസ്സു തെറ്റിയ ഏലിക്കുട്ടി രണ്ടും കല്പിച്ച് തിരുതകൃതിയായി കല്യാണാലോചനകള്‍ നടത്തുന്നു. ഭാഗ്യമെന്നു പറയട്ടെ ടിമ്പര്‍ ടെക്‌നോളജിയില്‍ (വിറകുവെട്ടല്‍) ബിരുദാനന്തര ബിരുദം നേടിയ ജോഫനെ കാണുന്നു. സംഗതി ക്ലച്ചായി. ജോഫന്‍ ഏലിക്കുട്ടിയുടെ കഴുത്തില്‍ താലിചാര്‍ത്തുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ജോഫനു വിസ കിട്ടി അങ്ങനെ ജോഫന്‍-ഏലിക്കുട്ടി ദമ്പതികള്‍ യു.എസില്‍ ജീവിതമാരംഭിക്കുന്നു. ടിമ്പര്‍ ടെക്‌നോളജി ബിരുദധാരിയായ ജോപ്പന് യോഗ്യതക്കു തുല്യമായ തൊഴിലൊന്നും കിട്ടാത്തതിനാല്‍ ഭാര്യ ഏലിക്കുട്ടി കുടുംബം പുലര്‍ത്താനായി രണ്ടു ഷിപ്ട് നഴ്‌സസ് എയിഡിന്റെ ജോലി ചെയ്യേണ്ടി വന്നു. ജോപ്പന്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയശേഷം 1975 മോഡല്‍ ഒരു പഴയ മസ്താംഗ് കാറും കരസ്ഥമാക്കി. അല്പം മുട്ടും തട്ടും പോറലും ഉണ്ടെങ്കിലും കുഴപ്പമില്ലാതെ വണ്ടിയോടി. അങ്ങനെയിരിക്കെ ജോപ്പന്റെ മസ്താംഗിന് കൈ കാണിച്ച് ഒരു സുന്ദരിയായ മദാമ്മ റോഡരികില്‍ നില്‍ക്കുന്നു.

 

ജോപ്പന്റെ മനസ്സൊന്നു കോരിത്തരിച്ചു. കാറ് നിര്‍ത്തി മാദാമ്മയേയും അരികിലിരുത്തിയുള്ള ജോപ്പന്റെ പ്രയാണം ഒരു അഡല്‍റ്റ് ഡാന്‍സ് ബാറിന്റെ മുമ്പിലാണെത്തിയത്. മാദാമ്മയുടെ നിര്‍ബദ്ധത്തിനു വഴങ്ങി ഡാന്‍സ് ബാറിലെത്തിയ ജോപ്പന്‍ അവിടുത്തെ അമ്പരപ്പിക്കുന്ന കാഴ്ചകള്‍ കണ്ട് സ്വന്തം മസ്താംഗില്‍ കേറി ഓടിച്ച് രക്ഷപെട്ടതോടെ കഥക്ക് തിരശീലവീണു. യോഗത്തിലും ചര്‍ച്ചയിലും ഡോ. സണ്ണി എഴുമറ്റൂര്‍, ഡോ. മാത്യു വൈരമണ്‍, ജോസഫ് പൊന്നോലി, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന്, എ.സി. ജോര്‍ജ്ജ്, ടി.എന്‍. സാമുവല്‍, ഡോ.റവ.ഫാ. തോമസ് അമ്പലവേലില്‍, ജോസഫ് തച്ചാറ, ബി. ജോണ്‍ കുന്തറ, തോമസ് ചെറുകര, ബാബു കുരവയ്ക്കല്‍, ഗ്രേസി നെല്ലിക്കുന്ന്, മേരി കുരവയ്ക്കല്‍, ബോബി മാത്യു, തോമസ് തയ്യില്‍, കുര്യന്‍ മ്യാലില്‍, ദേവരാജ് കുറുപ്പ്, ടൈറ്റസ് ഈപ്പന്‍, മോട്ടി മാത്യു തുടങ്ങിയവര്‍ വളരെ സജീവമായി പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.