You are Here : Home / USA News

വിസ്മയക്കാഴ്ച ഒരുക്കുന്ന കലാശ്രീ നൃത്ത സന്ധ്യ

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Saturday, October 27, 2018 07:20 hrs EDT

ന്യൂജഴ്‌സി∙ നൃത്തകലയുടെ വിവിധ ലയ ഭാവങ്ങൾ മിന്നിത്തെളിയുന്ന കലാശ്രീ സ്കൂൾ ഓഫ് ആര്ട്സിന്റെ ദൃശ്യ വിരുന്നിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ന്യൂജഴ്സിയിലെയും സമീപ പ്രദേശങ്ങളിലെയും കൊച്ചു കലാകാരികളെയും കലാകാരന്മാരെയും ചിലങ്ക അണിയിച്ചുകൊണ്ടു ആയിരത്തിലേറെ ശിഷ്യ സമ്പത്തതു നേടിയ അനുഗ്രഹീത നർത്തകിയും അതുല്യ കൊറിയോഗ്രാഫറും ലോക പ്രശസ്‌ത കലാകാരിയുമായ ബീന മേനോൻ എന്ന ഗുരുവിനു പ്രണാമമർപ്പിച്ചുകൊണ്ടു കലാശ്രീ സ്കൂൾ ഓഫ് ആർട്സ് ഒരു പടികൂടി കടന്ന് 26 മത് വാർഷികം ആഘോഷിക്കുകയാണ്.

ഒക്ടോബര് 27നു ശനിയാഴ്ച വൈകുന്നേരം നാലിന് ഈസ്റ്റ് ബേൺസ് വിക്കിലുള്ള ജെഎംപി എസി ഓഡിറ്റോറിയത്തിലാണ് 13 മത് ബി.ടി. മേനോൻ അവാർഡ് ദാന ചടങ്ങും വാർഷികാഘോഷവും ഗുരു പൂജയും അരങ്ങേറുക. ഒരു ഗുരുവിനു നൽകാവുന്ന ഏറ്റവും വലിയ സമർപ്പണമായിരിക്കും ഈ കലാസന്ധ്യയിൽ ഗുരു ബീന മേനോന്റ ശിഷ്യഗണങ്ങൾ രണ്ടു മണിക്കൂർ നീണ്ട മികവുറ്റ നൃത്താവതരണത്തിലൂടെ നൽകുക.

അതുല്യ കലാകാരിയായ ബീന മേനോൻ എന്ന പ്രതിഭ തന്റെ കഴിവും സമയവും മുഴുവൻ നൃത്തം എന്ന കലയുടെ ഉപാസനത്തിനായി സമർപ്പിച്ച വ്യക്തിയാണ്. ജീവിതത്തിൽ ബീന മേനോന് അമ്മയും സഹോദരിയും കഴിഞ്ഞാൽ സ്വന്തമായുള്ളത് താൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മകനും നൃത്തവും ഏറെ വാത്സല്യത്തോടെ വളർത്തി പരിപോഷിപ്പിച്ചു പരിപാലിച്ചു വരുന്ന ശിഷ്യ ഗണങ്ങളുമാണ്. ഗുരു-ശിഷ്യ ബന്ധത്തിന്റ മാറ്ററിയണമെങ്കിൽ ആ ശിഷ്യഗണങ്ങളോടു ചോദിക്കൂ അവർക്കു ബീന ആന്റി ആരാണെന്ന്. സ്വന്തം മാതാപിതാക്കൾക്കൊപ്പം സ്ഥാനം നൽകുന്ന അല്ലെങ്കിൽ അവരേക്കാളേറെ ബഹുമാനം നൽകുന്ന മറ്റൊരാൾ ഇവരുടെ ജീവിതത്തിലുണ്ടെന്നു കണിശമായും കുരുന്നു ശിഷ്യഗണങ്ങൾ മുതൽ മുതിർന്നവർ വരെയുള്ളവർ പറയുകയില്ല. കഴിഞ്ഞ 26 വർഷമായി തുടരുന്ന ഈ ഗുരു ശിക്ഷ്യ ബന്ധങ്ങൾ വര്ഷം കൂടും തോറും ഊഷ്മളമായിക്കൊണ്ടിരിക്കുന്നു.

ഷൈനിംഗ് സ്റ്റാർ ഓഫ് കേരള എന്ന ബഹുമതി ലഭിച്ചിട്ടുള്ള ബീന മേനോൻ ജനിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു.കോളേജ് പ്രൊഫസർ ആയിരുന്ന അമ്മയുടെ ഇരട്ട കുട്ടികളിൽ ഒരാൾ ഭർത്താവ് ബി.ടി. മേനോനുമൊത്തു അമേരിക്കയിൽ കുടിയേറിയത് ദൈവ നിയോഗമാകാം. ഉടപിറന്നവൾ ചെന്നൈയിൽ അമ്മയോടൊപ്പം മറ്റൊരു വലിയ പ്രസ്ഥാനം വളർത്തുന്നതിനും പങ്കാളിയായി. 50 വര്ഷം മുൻപ് 'അമ്മ തുടങ്ങിയ ചെറിയ സ്കൂൾ ഇന്ന് ചെന്നൈയിലെ അറിയപ്പെടുന്ന വലിയ ഒരു പ്രസ്ഥാനമായി മാറി. വിദ്യാർത്ഥികളുടെ എണ്ണം കൂടിയതുമൂലം 2 ഇന്റർനാഷണൽ പബ്ലിക് സ്കൂളുകളാണ് നടത്തി വരുന്നത്.

എന്നാൽ ഇങ്ങിവിടെ അമേരിക്കയിൽ ഇരട്ടകളിൽ ഒരാൾ തുടങ്ങിയ നൃത്ത വിദ്യാലയത്തിലൂടെ ചിലങ്കയണിഞ്ഞത് ആയിരത്തിൽ പരം പ്രതിഭകളാണ്. ന്യൂജഴ്‌സി , ന്യൂയോർക്ക്, കണക്ടിക്കട്ട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഓടി നടന്നു നൃത്തം അഭ്യസിപ്പിച്ചിരുന്ന ബീന മേനോൻ ഇപ്പോൾ ന്യൂജഴ്‌സിയിൽ മാത്രമാണ് നൃത്ത വിദ്യാലയം നടത്തുന്നത്. ന്യൂയോർക്കിലും കണക്കിറ്റിക്കെട്ടിലുമൊന്നും നല്ല നൃത്താദ്ധ്യാപകരില്ലാത്തതിനാൽ രക്ഷിതാക്കളുടെ നിർബന്ധത്തിനു വാഴങ്ങിയായിരുന്നു ബീന മേനോൻ ഇത്രയും ദൂരം സഞ്ചരിച്ചു നൃത്തം അഭ്യസിപ്പിച്ചിരുന്നത്, ഇന്ന് സ്ഥിതി മാറി. അവിടെയെല്ലാം നിരവധി നൃത്ത വിദ്യാലയങ്ങൾ ആരംഭിച്ചു. എന്നിരുന്നാലും ബീന മേനോന്റെ ശിഷ്യസമ്പത്തിൽ മാറ്റമൊന്നും സംഭവിച്ചില്ല. ബാഴ്‌സലോണയിൽ നടന്ന ലോക നൃത്ത ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ പ്രതിനിധീകരിച്ചു ഒന്നാം സ്ഥാനം നേടിയ കലാശ്രീ സ്കൂളിലെ പരിശീലകയെന്ന നിലയിൽ പ്രത്യേക പുരസ്കാരത്തിനും ബീന അര്ഹയായിട്ടുണ്ട്. കൂടാതെ എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ബീനയുടെ ഊണിലും ഉറക്കത്തിലും നൃത്തം മാത്രമാണ്. ബീന മേനോന്റെ ആദ്യകാല ശിഷ്യരിൽ പലരും സ്വന്തമായി നൃത്ത വിദ്യാലയങ്ങൾ നടത്തുന്നുണ്ട്. അവരിൽ ചിലരുടെ മക്കൾ ഇപ്പോൾ ബീന മേനോന്റെ ശിഷ്യരാണ്,

26 വര്ഷം മുൻപ് നൃത്ത വിദ്യാലയം ആരംഭിക്കുമ്പോൾ താങ്ങും തണലുമായിരുന്ന പ്രിയതമൻ ബി.ടി. മേനോൻ 14 വര്ഷം ഒരു സന്ധ്യയിൽ കലയുടെ രംഗഭൂമി വിട്ടു സ്വർഗീയ ഭവനത്തിലേക്ക് യാത്രയായി. ചുരുങ്ങിയ കാലം കൊണ്ട് വളർച്ചയുടെ പടവുകൾ കയറിയ കലാശ്രീയുടെയും ബീന മേനോന്റെയും യശസ്സ് പരമോന്നതിയിലെത്തിനിൽക്കുമ്പോഴാണ് ബീന മേനോനോട് യാത്രപോലും ചോദിക്കാതെ തന്റെ വളർച്ചയുടെ വഴികാട്ടിയായിരുന്ന ബി. ടി മേനോന്റെ മരണം. ഭർത്താവിന്റെ വിയോഗം തീർത്ത ശൂന്യതയിൽ കൂട്ടായുണ്ടായിരുന്നത് കൗമാരം പോലുമെത്താത്ത കൊച്ചു മകൻ മാത്രം.അദ്ദേഹം ജീവിച്ചിരുന്നപ്പോൾ നൽകിയ ആത്മവിശ്വാസം കൈമുതലാക്കി ജീവിത യാത്രയിൽ പതറാതെ താൻ പഠിച്ച നൃത്തം ഉപാസനയായി എടുത്ത ബീന ഒരു കൂസലുമില്ലാതെ ജീവിതത്തോട് പടവെട്ടി വിജയിച്ചു.

പിന്നീടങ്ങോട്ടു നൃത്ത പരിശീലനം ഒരു സപര്യയായെടുത്ത് രാപകലില്ലാതെ കഠിനാധ്വാനംകൊണ്ട് നൃത്ത വേദികളിലെ മത്സരങ്ങൾ ഒന്നൊന്നായി വിജയിച്ച കലാശ്രീ സ്കൂളും ബീന മേനോനും പ്രശസ്‌തിയുടെ ഉത്തുംകശൃംഗത്തിലെത്തി. ബി.ടി. മേനോന്റെ മരണത്തിന്റെ പിറ്റേ വര്ഷം മുതൽ വാർഷികാഘോഷത്തോടൊപ്പം ആരംഭിച്ച ബി. ടി. മേനോൻ പുരസ്കാരവേളയിൽ വികാരവായ്പോടെ പറയുന്ന വാക്കുകളാണ് ഈ കലാകാരിയുടെ വിജയ രഹസ്യം. എല്ലാ വർഷവും അവർ പറയുന്നു ഇതെല്ലാം കണ്ടുകൊണ്ടു അദ്ദേഹം സന്തോഷിക്കുന്നുണ്ടാകും". ആഴ്ചയിൽ ഏഴുദിവസവും നൃത്തത്തിനായി മാത്രം സമർപ്പിച്ചിരിക്കുന്ന ഈ മഹത് ഗുരുവിന്റെ ജീവിതമാണ് കല. ഞായറാഴ്ചകളിൽ സ്പെഷ്യൽ ക്ലാസുകൾ എടുത്തും തന്റെ ശിഷ്യരെ ഏറ്റവും മികച്ചവരാക്കാൻ പരിശ്രമിക്കുന്ന ബീന കലയെ ഉപാസിക്കുന്നവർക്കു ഒരു വലിയ മാതൃക തന്നെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More