You are Here : Home / USA News

മാര്‍ഗ്ഗത്തെ കുറിച്ചുള്ള വ്യക്തത ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കും: ഡോ. യൂയാക്കീം മാര്‍ കുറിലോസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 26, 2013 11:36 hrs UTC

മസ്‌കിറ്റ്(ഡാളസ്) : ജീവിതം ലക്ഷ്യപ്രാപ്തിയിലേയ്‌ക്കെത്തി ചേരണമെങ്കില്‍ മാര്‍ഗ്ഗത്തെ കുറിച്ചുള്ള വ്യക്തമായ ബോധം ഉണ്ടായിരിക്കണമെന്ന് നോര്‍ത്ത് അമേരിക്ക- യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസന മുന്‍ ബിഷപ്പ് റൈറ്റ് റവ.ഡോ. യൂയാക്കീം മാര്‍ കുറിലോസ് ഉദ്‌ബോധിപ്പിച്ചു. സ്വസ്ഥത നഷ്ടപ്പെട്ട ഒരു ജനസമൂഹത്തിനു മദ്ധ്യേയാണ് നാം വസിക്കുന്നത്. ധനം ഉണ്ടെങ്കില്‍, അധികാരം ഉണ്ടെങ്കില്‍, മദ്യവും, മയക്കു മരുന്നും ഉപയോഗിക്കുന്നുവെങ്കില്‍ സ്വസ്ഥത ലഭിക്കുമെന്ന് വിശ്വസിക്കുന്നത് തികഞ്ഞ മണ്ടത്തരമാണെന്ന് തിരുമേനി പറഞ്ഞു. യഥാര്‍ത്ഥ സ്വസ്ഥത ലഭിക്കണമെങ്കില്‍ ദൈവവചനം ജീവിതത്തില്‍ സ്വാധീനം ചെലുത്തുവാന്‍ നാം അനുവദിക്കണം. കാനായിലെ കല്യാണവീട്ടില്‍ വീഞ്ഞു തികയാതെ വന്നപ്പോള്‍ നഷ്ടപ്പെട്ട സ്വസ്ഥത വീണ്ടെടുക്കുന്നതിനും, വിവാഹ ഭവനത്തില്‍ യഥാര്‍ത്ഥ സന്തോഷം അനുഭവിക്കുന്നതിനും ക്രിസ്തുവിന്റെ സാന്നിധ്യത്തിന് കഴിഞ്ഞു. ക്രിസ്തുവിനേയും ശിഷ്യന്മാരേയും കല്യാണത്തിന് ക്ഷണിച്ചതുകൊണ്ടാണ് സാധ്യമായത്. ഇന്ന് നടക്കുന്ന വിവാഹശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിന് മതമേലദ്ധ്യക്ഷന്മാരേയും, പട്ടക്കാരേയും ക്ഷണിക്കുമെങ്കിലും, വിവാഹാനന്തരമുള്ള ആഘോഷങ്ങളില്‍ ഇവരുടെ സാന്നിധ്യം ആഗ്രഹിക്കാത്തവരാണ് ഭൂരിപക്ഷവും.

 

 

ഇതിനെ നാം വളരെ ഗൗരവത്തോടെ നോക്കിക്കാണണം. പ്രയാസങ്ങളുടേയും പ്രശ്‌നങ്ങളുടേയും മദ്ധ്യേ തകര്‍ന്ന് പോകാതിരിക്കണമെങ്കില്‍ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ പരിശീലിക്കണം. വ്യവസ്ഥകളുടെ മദ്ധ്യേ നമ്മോടൊപ്പം ചലിക്കുന്ന ദൈവ സാന്നിധ്യം അനുഭവവേദ്യമാക്കുവാന്‍ കഴിയുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്. ദൈവവചനത്തില്‍ ഒരിടത്തുപോലും പരാമര്‍ശിച്ചിട്ടില്ലാത്ത സ്‌ട്രെസ്സും, ടെന്‍ഷനും പരിഷ്‌കൃത ജനസമൂഹത്തിന്റെ സന്തതസഹചാരിയായിരിക്കുന്നു. ദൈവ വിശ്വാസത്തിന്റെ അഭാവമാണ് ഇവിടെ നിഴലിക്കുന്നത്. ജീവിതത്തിലേക്ക് ക്രിസ്തുവിനെ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇതിനെ ഇല്ലായ്മ ചെയ്യുവാന് സാധിക്കുന്നത്. കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത് ഈ ലക്ഷ്യത്തിലേക്കു ജനങ്ങളെ നയിക്കുന്നതിനായിരിക്കണം. ഡാളസ് സെന്റ് പോള്‍സ് യുവജനസഖ്യം സംഘടിപ്പിച്ച ത്രിദിന കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 25 വെള്ളിയാഴ്ച ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുറിലോസ് തിരുമേനി. വൈകീട്ട് 7 മണിക്ക് ആരംഭിച്ച കണ്‍വന്‍ഷന്‍ പ്രിന്‍സ് ഓഫ് ഗ്ലോറി ടീമിന്റെ ഗാനശുശ്രൂഷയോടെ ആരംഭിച്ചു. ഇടവക വികാരി റവ.ഒ.സി. കുര്യയനച്ചന്‍ കുറിലോസ് തിരുമേനിക്കും, കൂടിവന്നവര്‍ക്കും സ്വാഗതമാശംസിച്ചു. റവ.മാത്യൂ ജോസഫ് അച്ചന്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. നിഷ ജേക്കബ് നിശ്ചയിക്കപ്പെട്ട വേദപാഠം വായിച്ചു. യുവജനസഖ്യം ദേശീയ ട്രഷറര്‍ ബാബു സൈമണ്‍, സിബു ജോസഫ് തുടങ്ങിയവര്‍ അതിഥികള്‍ക്ക് ബൊക്കെ നല്‍കി സ്വീകരിച്ചു. കരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവക വികാരി റവ.സാം അച്ചന്‍ സമാപന പ്രാര്‍ത്ഥന നടത്തി. അഭിവന്ദ്യ തിരുമേനിയുടെ പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം യോഗം 9 മണിയോടെ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.