You are Here : Home / USA News

ചിരിയരങ്ങിലെ പഴയ താരങ്ങള്‍ 'പത്ര നര്‍മ്മവുമായി' വരുന്നു; പത്രക്കരുടെ ചെലവില്‍ ഒരു ചിരി

Text Size  

Story Dated: Monday, October 21, 2013 10:58 hrs UTC

ഫൊക്കാനയുടെ ആദ്യകാല സമ്മേളനങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ രണ്ടു വിഭാഗങ്ങള്‍ ചിരിയരങ്ങും ബ്യൂട്ടി പേജന്റുമായിരുന്നു. രണ്ടിനും വേണ്ടി ജനങ്ങള്‍ കാത്തിരുന്നു. ചിരിയരങ്ങിന്റെ വേദിയില്‍ നിറഞ്ഞുനിന്നത് നാലുപേരാണ്. രാജു മൈലപ്ര, ഡോ. എം.വി. പിള്ള, ഡോ. റോയി തോമസ് (ചിക്കാഗോ) എന്നിവര്‍ക്കു പുറമെ തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയും. അപകടത്തെ തുടര്‍ന്ന് ദിവംഗതനായ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ അസാന്നിധ്യമുണ്ടെങ്കിലും പഴയ ടീം ഒരിക്കല്‍ കൂടി ഇന്ത്യാ പ്രസ് ക്ലബിന്റെ സമ്മേളന വേദിയില്‍ ഒന്നിച്ചുകൂടുകയാണ്. 'പത്രനര്‍മ്മം' എന്ന് പേരിട്ടിരിക്കുന്ന ഈ ചിരിയരങ്ങില്‍ കേരളത്തില്‍ നിന്നും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മുന്നിലുള്ള രണ്ടു പേര്‍ കൂടി ചേരുന്നു. മനോരമ അസോസിയേറ്റ് എഡിറ്ററും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറവും ടിവി രംഗത്തെ കേരളത്തിലെ പയനിയര്‍മാരിലൊരാളായ ശ്രീകണ്ഠന്‍ നായരും. പനച്ചിപ്പുറത്തിന്റെ നര്‍മ്മം കലര്‍ന്ന കോളം 'തരംഗങ്ങളില്‍' കാല്‍നൂറ്റാണ്ടിലേറെയായി മനോരമയില്‍ പ്രതിവാരം പ്രത്യക്ഷപ്പെടുന്നു. അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ മനോവ്യാപാരത്തിലൂടെ സകമകാലിക പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നതാണ് പംക്തി.

 

ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിവെച്ച 'നമ്മള്‍ തമ്മില്‍' പോലുള്ള പരിപാടികളില്‍ ഗൗരവപൂര്‍വ്വമായ വിഷയങ്ങള്‍ വ്യംഗ്യമായ നര്‍മ്മത്തില്‍ ചാലിച്ച് മധുരമാക്കുന്നത് മലയാളി ഏറെക്കാലം ആസ്വദിച്ചതാണ്. അത് പ്രസ് ക്ലബിന്റെ സ്‌റ്റേജില്‍ നവംബര്‍ ഒന്നിന് എട്ടുമണിക്ക് വീണ്ടും ആസ്വദിക്കാം. അരോചകമായ സത്യങ്ങളും അശ്ശീലമെന്നു തോന്നാവുന്ന കാര്യങ്ങളും രാജു മൈലപ്ര അവതരിപ്പിക്കുമ്പോള്‍ നിര്‍ദോഷ നര്‍മ്മമാകുന്നത് അമേരിക്കന്‍ മലയാളി നിരന്തരം കാണുന്നതാണ്. ചിരിയുടെ അമേരിക്കയിലെ ഉസ്താദ് മൈലപ്ര തന്നെ. അതിലാര്‍ക്കും എതിരഭിപ്രായമില്ല. ഏറ്റവും ഗഹനമായ കാര്യങ്ങള്‍ അവതരിപ്പിച്ച് അവയെ നര്‍മ്മരസത്തില്‍ കൊണ്ടുവരാന്‍ എം.വി പിള്ളയുടെ ചാതുര്യം മറ്റാര്‍ക്കുമില്ലതന്നെ. ഡോ. റോയി തോമസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മെഡിക്കല്‍ രംഗവുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ (എഴുതുമ്പോഴും പറയുമ്പോഴും) കടന്നുപോകുമ്പോള്‍ ചിരിപടരുന്നു. എന്തായാലും ഈ പരിപാടി ഒഴിവാക്കരുത്. ജോസ് കണിയാലിയാണ് 'പത്ര നര്‍മ്മം ' മോഡറേറ്റര്‍. പത്രക്കാരുടെ ചിലവില്‍ ഒന്നു ചിരിക്കാം!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.