You are Here : Home / USA News

സോഷ്യല്‍ മീഡിയായുടെ സ്വാധീനം മാധ്യമ പ്രവര്‍ത്തകരില്‍ - ഇന്ത്യ പ്രസ്സ് ക്ലബ് ദേശീയ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്: പി.പി.ചെറിയാന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 17, 2013 11:58 hrs UTC

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തില്‍ നവംബര്‍ 1, 2 തിയ്യതികളില്‍ ന്യൂജേഴ്‌സിയിലെ സോമര്‍ സെറ്റ് ഇന്നില്‍ വേദി ഒരുങ്ങുകയാണ്. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍, കറപുരളാത്ത രാഷ്ട്രീയ- സാമൂഹ്യ- സംസ്‌ക്കാരിക നേതാക്കള്‍ തുടങ്ങിയവരുടെ ഒരു നീണ്ട നിര ഇന്ത്യയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍, ഇന്ത്യന്‍ കുടിയേറ്റക്കാരുടെ രണ്ടാം തലമുറയില്‍ സി.എന്‍ .എന്‍ തുടങ്ങിയ പ്രമുഖ ചാനലുകളിലും, പത്രങ്ങളിലും പ്രവര്‍ത്തികുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ അമേരിക്കയില്‍ നിന്നും പങ്കെടുക്കുന്നു എന്നുള്ളത് മുന്‍കാല ദേശീയ സമ്മേളനങ്ങളില്‍ നിന്നും ഈ സമ്മേളനത്തെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലവും, മികവുറ്റതും ആക്കി തീര്‍ക്കും. നോര്‍ത്ത് അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ടതും, പ്രാവര്‍ത്തികമാക്കേണ്ടതുമായ വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുന്നു. ആധുനിക കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തനത്തേയും, പത്രപ്രവര്‍ത്തകരേയും അമിതമായി സ്വാധീനിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയായുടെ അനിയന്ത്രിതമായ കടന്നു കയറ്റം എന്ന വിഷയം എന്തുകൊണ്ടും ഇന്ത്യാപ്രസ് ക്ലബ് ദേശീയ സമ്മേളനത്തില്‍ പ്രഥമ സ്ഥാനം നല്‍കി ചര്‍ച്ചകള്‍ക്കായി പരിഗണിക്കപ്പെടേണ്ടതാണ്. അനുദിനം സാങ്കേതികവിദ്യയില്‍ പ്രകടനമാകുന്ന അസൂയാവഹമായ വളര്‍ച്ച മാധ്യമ പ്രവര്‍ത്തകരംഗത്തും പ്രതിഫലിക്കുന്നു. വാര്‍ത്താ ചാനലുകള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, സ്വകാര്യ ബ്‌ളോഗുകള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയായകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കകം ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലഭ്യമാകുന്നു.

 

ഈ വിഷയങ്ങളെ കുറിച്ചും പൊടിപ്പും തൊങ്ങലും വെച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ പത്രപ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന ആവേശം പലപ്പോഴും അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നു. പത്രപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കുവാന്‍ ബാധ്യസ്ഥമായ കോഡ് ഓഫ് എത്തിക്‌സ് എന്ന അടിസ്ഥാന പ്രമാണങ്ങള്‍ പോലും ഇവിടെ ബോധപൂര്‍വ്വം വിസ്മരിയ്ക്കപ്പെടുന്നു. സോഷ്യല്‍ മീഡിയാകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ പലപ്പോഴും വാസ്തവമായിരിക്കണമെന്നില്ല. കേട്ടുകേള്‍വിയുടേയോ, ഊഹാപോഹങ്ങളുടേയോ അടിസ്ഥാനത്തില്‍ ആരുടേയോ ബുദ്ധിയില്‍ തെളിഞ്ഞുവരുന്ന ആശയങ്ങള്‍ വാര്‍ത്തകളായി പുറത്തുവരുന്ന- വ്യക്തികള്‍ -സമൂഹം- മതങ്ങള്‍, രാഷ്ട്രങ്ങള്‍ തമ്മില്‍ സ്പര്‍ദ വളര്‍ത്തുന്നതിനോ, വികാരങ്ങള്‍ വൃണപ്പെടുത്തുന്നതിനോ പലപ്പോഴും ഇത് കാരണമാക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കാട്ടുതീപോലെ പടര്‍ന്നു കയറുകയും, അതേ വേഗതയില്‍ തന്നെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന വാര്‍ത്തകളും ഇക്കൂട്ടത്തിലുണ്ട്. അമേരിക്കന്‍ സൈനീക നടപടിയില്‍ പാക്കിസ്ഥാനില്‍ വെച്ചു കൊല്ലപ്പെട്ട അല്‍ക്വയ്ദ ഭീകരന്‍ ബിന്‍ലാദന്റെ വെടിയേറ്റുകിടക്കുന്ന ചിത്രം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയാകളില്‍ പ്രത്യക്ഷപ്പെട്ടത്. ഞെട്ടലോടെയാണ് ലോകജനത ദര്‍ശിച്ചത്.

 

 

ദക്ഷിണാഫ്രിക്കായുടെ രാഷ്ട്രപിതാവ് നെല്‍സണ്‍ മണ്‌ഡേല രോഗാതുരനായി കഴിയുമ്പോള്‍ നെല്‍സണ്‍ മണ്‌ഡേല മരിച്ചു എന്ന വാര്‍ത്തയും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. തികച്ചും അവാസ്തവങ്ങളായ ഈ സംഭവങ്ങളെ ആസ്പദമാക്കി പുറത്തുവന്ന വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കുന്നതിനോ, പഠിക്കുന്നതിനോ, ഉറവിടത്തെ കുറിച്ചു പരിശോധിക്കുന്നതിനോ തയ്യാറാകാതെ പ്രധാന പത്രങ്ങള്‍ ഉള്‍പ്പെടെ നിരവധി പത്രങ്ങളില്‍ ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ചില പത്രപ്രവര്‍ത്തകരെങ്കിലും തയ്യാറായി എന്നത് തികച്ചും ആശങ്കാജനകമാണ് ഇവിടെ സോഷ്യല്‍ മീഡിയായുടെ അമിത സ്വാധീനത്തിലേക്കാണ് വിരല്‍ ചൂണ്ടപ്പെടുന്നത്. തല്‍സമയവാര്‍ത്തകള്‍ക്കായി പൊതുജനങ്ങളില്‍ നല്ലൊരു ശതമാനം ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയാകളെയാണ്. ഏകദേശം അറുപതു ശതമാനം പത്രപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയാകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ തയ്യാറാക്കുന്നു. ശരിയായ വാര്‍ത്തകള്‍, ശരിയായ രീതിയില്‍ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്നും പത്രപ്രവര്‍ത്തകര്‍ക്ക് ഒഴിഞ്ഞിരിക്കുവാന്‍ സാധ്യമല്ല. ആധുനികയുഗത്തില്‍ സോഷ്യല്‍ മീഡിയായുടെ സ്വാധീനം നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. സോഷ്യല്‍മീഡിയായുടെ ദൂഷ്യവശങ്ങളെക്കുറിച്ചും, നല്ലതിനെക്കുറിച്ചും പത്രപ്രവര്‍ത്തകര്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ടത് ഇന്നിന്റെ അടിയന്തിരാവശ്യമാണ്. ഇന്ത്യപ്രസ് ക്ലബ് ദേശീയ സമ്മേളനം ഇതിനുള്ള സാഹചര്യം ഒരുക്കുമെന്ന് പ്രതീക്ഷിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.