You are Here : Home / USA News

മാഗിന്റെ ഓണം കേരള തനിമയില്‍ പ്രൗഡഗംഭീരമായി

Text Size  

A. C. George

AGeorge5@aol.com

Story Dated: Saturday, September 21, 2013 07:44 hrs EDT

ഹ്യൂസ്റ്റന്‍ : മാഗ്-മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ഓണം കേരളത്തനിമയിലും പൊലിമയിലും വര്‍ണ്ണാഭവും പ്രൗഡഗംഭീരവുമായി. ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നാടുകാണാനെത്തിയ പ്രജാവല്‍സലനായ മാവേലി തമ്പുരാന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ തനി കേരളീയ ഗൃഹാതുര പരിപാടികളോടെയാണ് ഓണം ആഘോഷിച്ചത്. ഓഡിറ്റോറിയത്തില്‍ വനിതകള്‍ തീര്‍ത്ത അത്തപ്പൂക്കളം ഏവരേയും ഹഠാതാകര്‍ഷിച്ചു. കേരളീയ വസ്ത്രധാരികളായ ആബാലവൃദ്ധം ജനങ്ങളാല്‍ ഓഡിറ്റോറിയം ജനനിബിഡമായിരുന്നു. ചെണ്ട വാദ്യ കുരവ മേളങ്ങളോടെ മുത്തുക്കുടയും താലപ്പൊലിയുമായി മാവേലിതമ്പുരാനെ എതിരേറ്റ് വേദിയിലേക്കാനയിച്ചു. മാവേലിതമ്പുരാന്റെ മാധുര്യമേറുന്ന വാല്‍സല്യ സന്ദേശം ജനം ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. വനിതകളുടെ തിരുവാതിര കൈകൊട്ടിക്കളി കേരളത്തിലെ ഓണക്കാലത്തെ അനുസ്മരിപ്പിച്ചു. മഹാബലി തമ്പുരാനൊപ്പം വിശിഷ്ടാതിഥികള്‍ ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

 

 

ജോസ് മണ്ടപം മാവേലിതമ്പുരാനായി വേഷമണിഞ്ഞു. വാവച്ചന്‍ മത്തായി തമ്പുരാന്റെ അംഗരക്ഷകനായി കുടപിടിച്ചു. മാഗിന്റെ സെക്രട്ടറി എബ്രഹാം ഈപ്പന്‍ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ് ജോസഫ് കെന്നടി അധ്യക്ഷ പ്രസംഗം ചെയ്തു. റവ. ഫാദര്‍ എബ്രഹാം തോട്ടത്തില്‍ ഓണസന്ദേശം നല്‍കി. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെ ആശംസാ സന്ദേശം അവതാരകനായ ജിമ്മി കുന്നശേരി അറിയിച്ചു. വേദിയില്‍ പ്രാസംഗികരോടൊപ്പം ഫോമാ സെക്രട്ടറി ഗ്ലാഡ്‌സന്‍ വര്‍ഗ്ഗീസ്, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രേഖാ നായര്‍, എബി ജേക്കബ് തുടങ്ങിയവര്‍ ഉപവിഷ്ടരായിരുന്നു. മാഗിന്റെ സില്‍വര്‍ ജൂബിലി സ്മരണിക മാഗിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തെ പ്രസിഡന്റ് ജയിംസ് ജോസഫ് ഇപ്പോഴത്തെ പ്രസിഡന്റ് ജോസഫ് കെന്നടിക്ക് നല്‍കിക്കൊണ്ട് പ്രകാശനം നടത്തി. മാഗിന്റെ ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മൈസൂര്‍ തമ്പി അതുപോലെ ബില്‍ഡിംഗ് ഫണ്ടിലേക്ക് വലിയ സംഭാവന നല്‍കിയ എബി ജേക്കബ് എന്നിവരെ അവരുടെ വിശിഷ്ട സേവനങ്ങള്‍ക്ക് അംഗീകാരമായി പൊന്നാട ചാര്‍ത്തി അനുമോദിച്ചു.

 

ബാങ്കിന് നല്‍കെണ്ടിയിരുന്ന എല്ലാ മോര്‍ട്ട്‌ഗേജ് ബാധ്യതകളും തീര്‍ത്ത് മാഗിന്റെ സ്വന്തമായ ഓഫീസും കെട്ടിടവും സ്ഥലവും എന്ന സ്വപ്നം നൂറു ശതമാനവും സാക്ഷാല്‍ക്കരിച്ച വാര്‍ത്ത ജനം ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. മാഗിന്റെ ട്രഷറര്‍ മാര്‍ട്ടിന്‍ ജോണ്‍ ഈ ബൃഹത്തായ സ്വപ്നസാക്ഷാല്‍ക്കാരത്തെ വിശദീകരിക്കുകയും സഹായിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇക്കൊല്ലത്തെ എക്‌സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നിവര്‍ സംയുക്തമായി കേരളാ ഹൗസും അനുബന്ധ പ്രോപര്‍ട്ടിയും ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ മലയാളികള്‍ക്കായി സമര്‍പ്പിച്ചു. ഇക്കൊല്ലം മാഗിന്റെ കാര്‍ണിവലിനോടനുബന്ധിച്ച് നടത്തിയ സ്‌പെല്ലിംഗ് ബി മല്‍സരവിജയികളായ സയിറാ അലക്‌സ്, വര്‍ഷാ മാര്‍ട്ടിന്‍, എമില്‍ ജോര്‍ജ്, നോവിന്‍ ജോസ് എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വേദിയില്‍ വെച്ച് നല്‍കി. അസ്സോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍ മാഗ് നടത്തുന്ന മലയാളം ക്ലാസ്സിനേയും മലയാള ഭാഷാ പോഷണത്തേയും പറ്റി സംസാരിച്ചു. ക്രിസന്റൊ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ സമൂഹ ഓപ്പണിംഗ് നൃത്തത്തോടെ ഓണകലാപരിപാടികളുടെ തുടക്കമായി. വൈവിധ്യമേറിയ ഓണപ്പാട്ടുകള്‍, ചലച്ചിത്ര ഗാനങ്ങള്‍, നൃത്തനൃത്യങ്ങള്‍ വേദിയില്‍ അരങ്ങേറി. സുനന്ദാ നായേര്‍സ് ഗ്രൂപ്പ്, ശ്രീപാദം സ്‌ക്കൂള്‍ ഓഫ് ഡാന്‍സ് ഗ്രൂപ്പ്, ലക്ഷ്മി പീറ്റര്‍ ഗ്രൂപ്പ് തുടങ്ങിയ സംഘങ്ങളാണ് നൃത്തങ്ങള്‍ അവതരിപ്പിച്ചത്.

 

 

ഡോക്ടര്‍ സുധാ ഹരിഹരന്‍, അനില്‍ ജനാര്‍ദനന്‍, ജയന്‍, ബിജു ജോര്‍ജ് തുടങ്ങിയവരാണ് ഗാനങ്ങള്‍ പാടിയത്. ഓണക്കാലത്തെ അനുസ്മരിക്കുന്ന വഞ്ചിപ്പാട്ടും വള്ളംകളിയും അതീവ ഹൃദ്യമായിരുന്നു. പരിപാടികളിലെ മുഖ്യ ഇനം അതിവിഭവസമൃദ്ധമായ തനി നാടന്‍ ഓണസദ്യയായിരുന്നു. ആസ്വാദ്യകരമായ ആഘോഷതിമിര്‍പ്പില്‍ ഇക്കൊല്ലത്തെ ഓണവും ഹ്യൂസ്റ്റന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായി. മാഗിന്റെ എല്ലാ കമ്മറ്റി അംഗങ്ങളും ആഘോഷങ്ങള്‍ക്ക് സജീവ നേതൃത്വമാണ് നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More